രാഹുൽ നുണപരിശോധന നടത്തണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പ്രതികരിച്ചു
പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചർച്ചയാകെ ഒരു നീല ട്രോളി ബാഗിനെ ചുറ്റിപ്പറ്റി കലങ്ങിമറിയുകയാണ്. പാലക്കാട് ട്രോളി ബാഗ് വിവാദത്തിൽ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാനൊരുങ്ങി പൊലീസ്. കള്ളപ്പണം കണ്ടെത്താൻ കെപിഎം ഹോട്ടലിൽ നടന്ന റെയ്ഡ് വിവരം പൊലീസിൽ നിന്ന് തന്നെ ചോർന്നതായി ആരോപണം ഉയർന്നതോടെയാണ് സിസിടിവി ദൃശ്യങ്ങളുടെ പരിശോധന വേഗത്തിൽ പൂർത്തിയാക്കി തുടർ നടപടികൾക്ക് ഒരുങ്ങുന്നത്. അതേസമയം ട്രോളി ബാഗ് വിവാദത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതോടെ, മറുപടിയായി യുഡിഎഫ് ക്യാമ്പും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടാനൊരുങ്ങുകയാണ്.
പാലക്കാട് കെപിഎം ഹോട്ടലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. എന്നാൽ റെയ്ഡ് വിവരം പൊലീസ് തന്നെ ചോർത്തി നൽകിയെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന വേഗത്തിൽ പൂർത്തിയാക്കി തുടർ നടപടികളിലേക്ക് കടക്കാൻ പൊലീസ് ഒരുങ്ങുന്നത്. ഹോട്ടലിലെ ദൃശ്യങ്ങൾക്ക് പുറമെ രാഹുലിന്റെ യാത്രാ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ എഫ്ഐആർ ഇട്ട് അന്വേഷണം തുടങ്ങാനാണ് തീരുമാനം.
കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിപിഎം എഎസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സംഭവത്തിലെ ദുരൂഹത നിലനിർത്തണമെന്നും സിപിഎം ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ പൊലീസിൻ്റെ നിലപാട് നിർണായമാണ്. ട്രോളി ബാഗ് വിവാദത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതോടെ,യുഡിഎഫ് ക്യാമ്പും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടാനൊരുങ്ങുകയാണ്. രാഹുലിനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ.
അതേസമയം പാലക്കാട്ടെ പാതിരാ പരിശോധനയിൽ ഷാനിമോൾ ഉസ്‌മാൻ എംഎൽഎ, ബിന്ദു കൃഷ്ണ എന്നിവർ പൊലീസിൽ പരാതി നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് മുൻപാകെയാണ് പരാതി നൽകിയത്. സിവിൽ ഡ്രസ്സിൽ പൊലീസ് രാത്രി മുറിയിൽ പരിശോധന നടത്താനെത്തി. പൊലീസ് ഭീഷണിപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. പരിശോധിക്കാനെത്തിയ സംഘത്തിൽ വനിതാ പൊലീസ് ഇല്ലായിരുന്നുവെന്നും , അവർ പൊലീസ് എന്നു തെളിയിക്കുന്ന ഐഡി കാർഡുകൾ കാണാനായില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. പൊലീസിനൊപ്പം സിപിഎം ബിജെപി പ്രവർത്തകരും തന്റെ മുറിക്ക് മുമ്പിൽ തടിച്ചുകൂടിയെന്നും ബിന്ദു കൃഷ്ണയുടെ പരാതിയിലുണ്ട്.
ALSO READ: വിവാദമൊഴിയാതെ നീലപ്പെട്ടിയും, പാതിരാ റെയ്‌ഡും; പ്രതിരോധത്തിലായി യുഡിഎഫ്
കൂടാതെ വിവാദത്തെ സംബന്ധിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഹോട്ടലിൽ നിന്ന് പുറപ്പെടുമ്പോൾ രാഹുൽ കയറിയത് ട്രോളി ബാഗ് കയറ്റിയ വാഹനത്തിലല്ല എന്ന് സ്ഥാപിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. രാത്രി പതിനൊന്ന് മണിവരെ രാഹുൽ മാങ്കൂട്ടത്തിലും ഫെനി നൈനാനും ഷാഫി പറമ്പിലുമടക്കമുള്ള നേതാക്കൾ കെപിഎം ഹോട്ടിലിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രണ്ട് സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.
നുണപരിശോധനയ്ക്ക് താൻ തയ്യാറാണ് എം.ബി. രാജേഷ് തയാറുണ്ടോ എന്നും രാഹുൽ വെല്ലുവിളിച്ചു. വെല്ലുവിളി. പിന്നീട് ഹോട്ടലിൽ അതേ നീല ട്രോളി ബാഗുമായി എത്തിയെന്ന് കാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ രാഹുലും പുറത്തുവിട്ടു. സംഭവം സിപിഐഎം ബിജെപി ഒത്തുകളിയാണെന്നാണ് കോൺഗ്രസിൻ്റെ പ്രധാന ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാകട്ടെ കോൺഗ്രസ് സിപിഎം ഒത്തുകളിയെന്ന് ആവർത്തിച്ചാരോപിക്കുന്നു. അതുകൊണ്ടാണ് കേസിൽ ഇതുവരെ എഫ്ഐആർ ഇടാത്തതെന്ന് സുരേന്ദ്രൻ പറഞ്ഞു. അതേസമയം രാഹുൽ നുണപരിശോധന നടത്തണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പ്രതികരിച്ചു.