ഈ തുക നെൽകൃഷിയുടെ അഭിവൃദ്ധിക്കും തണ്ണീർ തടങ്ങളുടെ സംരക്ഷണത്തിനും ഉപയോഗിക്കണം എന്നതാണ് വ്യവസ്ഥ
സംസ്ഥാനത്ത് കാർഷിക അഭിവൃദ്ധി ഫണ്ടിൻ്റെ മറവിൽ സർക്കാരിൻ്റെ വക വൻ തട്ടിപ്പ്. ലാൻഡ് റവന്യൂ ഓഫീസറുടെ കാർഷിക അഭിവൃദ്ധി ഫണ്ടിൽ ഉണ്ടാകേണ്ട 1606 കോടിയിലധികം രൂപ കാണാനില്ല. ഇപ്പോഴുള്ളത് ഒരു രൂപ മാത്രമെന്നാണ് കണക്കുകൾ. ന്യൂസ് മലയാളമാണ് ഈ എക്സ്ക്ലൂസീവ് വാർത്ത ആദ്യമായി പുറത്തുവിടുന്നത്.
2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം നെൽപ്പാടമോ തണ്ണീർത്തടമോ ആയിരുന്ന ഭൂപ്രദേശം മറ്റ് ആവശ്യങ്ങൾക്കായി തരം മാറ്റുന്നതിന് അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് സർക്കാരിലേക്ക് അടക്കണം. ഇങ്ങനെ ലഭിക്കുന്ന തുക കാർഷിക അഭിവൃദ്ധി ഫണ്ട് എന്ന രീതിയിൽ മാറ്റണമെന്നാണ് നിയമം. ഈ തുക നെൽകൃഷിയുടെ അഭിവൃദ്ധിക്കും തണ്ണീർ തടങ്ങളുടെ സംരക്ഷണത്തിനും ഉപയോഗിക്കണം എന്നതാണ് വ്യവസ്ഥ.
സംസ്ഥാന ലാൻഡ് റവന്യൂ ഓഫീസർക്കാണ് കാർഷിക അഭിവൃദ്ധി ഫണ്ടിന്റെ ചുമതല. 2023-24 സാമ്പത്തിക വർഷം വരെ ഈ ഇനത്തിൽ 1606 കോടി 6 ലക്ഷത്തി തൊണ്ണൂറായിരത്തി 771 രൂപ 28 പൈസ വന്നു ചേർന്നിട്ടുണ്ടെന്നാണ് രേഖകൾ. എന്നാൽ ലാൻഡ് റവന്യൂ ഓഫീസറുടെ കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിലവിൽ മിച്ചം ഉള്ളത് കേവലം ഒരു രൂപ മാത്രം. ബാക്കി തുക നിയമപ്രകാരം നെൽകൃഷിയുടെ അഭിവൃദ്ധിക്കോ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് ആയിട്ടല്ല ഉപയോഗപ്പെടുത്തിയതെന്നും രേഖകൾ വ്യക്തമാക്കുന്നു. ഒരു രൂപ അക്കൗണ്ടിൽ സൂക്ഷിച്ച ശേഷം ബാക്കി തുക പൊതു ഫണ്ടിലേക്ക് മാറ്റി. സർക്കാർ തുക വക മാറ്റി ചെലവഴിച്ചതാണെന്നാണ് കർഷകരുടെ ആരോപണം.
സംസ്ഥാനത്തെ നെൽകൃഷിയും കർഷകരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കാർഷിക അഭിവൃദ്ധി ഫണ്ട് വക മാറ്റിയതായുള്ള തെളിവുകൾ പുറത്തുവരുന്നത്. കുട്ടനാടൻ പാടങ്ങളിൽ ഉൾപ്പെടെ കർഷകർക്ക് അനുയോജ്യമായ വില നൽകി, നെല്ല് സപ്ലൈകോ സംഭരിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് കർഷക ആത്മഹത്യകൾ വർധിക്കുന്ന സമയത്താണ് നെൽകൃഷി വികസനത്തിനായി മാറ്റി വയ്‌ക്കേണ്ട ഫണ്ട് പോലും സർക്കാർ മറ്റു ആവശ്യങ്ങൾക്കായി വകമാറ്റിയ വിവരം പുറത്തുവരുന്നത്.