കണ്ണൂർ (1003) മൂന്നാം സ്ഥാനത്തും കോഴിക്കോട് (1000) നാലാം സ്ഥാനത്തുമാണ്
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കപ്പെടുത്ത് തൃശൂർ. 1008 പോയിന്റുകൾ നേടിയാണ് തൃശൂരിന്റെ വിജയം. അവസാനദിവസവും ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഫോട്ടോ ഫിനിഷിലേക്ക് എത്തിയ മത്സരത്തിൽ ഒറ്റ പോയിന്‍റിനാണ് പാലക്കാടിന് സ്വർണക്കപ്പ് നഷ്ടമായത്. 1007 പോയിന്റോടെ പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. കണ്ണൂർ (1003) മൂന്നാം സ്ഥാനത്തും കോഴിക്കോട് (1000) നാലാം സ്ഥാനത്തുമാണ്. ആതിഥേയരായ തിരുവനന്തപുരം 957 പോയിന്‍റോടെ എട്ടാം സ്ഥാനത്താണ്.
എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ 482 പോയിന്‍റോടെ തൃശൂരും പാലക്കാടും ഒപ്പത്തിനൊപ്പമെത്തി. 479 പോയിന്‍റാണ് ഈ വിഭാഗത്തില്‍ കണ്ണൂർ നേടിയത്. എച്ച്എസ്എസ് വിഭാഗത്തിലാണ് ഒരു പോയിന്‍റിന് തൃശൂർ മുന്നില്‍ കയറിയത്. തൃശൂർ 526 പോയിന്‍റും പാലക്കാട് 525 പോയിന്‍റും. പാലക്കാടുമായി ഒറ്റ പോയിന്‍റിന്‍റെ വ്യത്യാസമേ കണ്ണൂരിനും ഉണ്ടായിരുന്നുള്ളു, 524 പോയിന്‍റ്.
Also Read: ഏത് വൈബ്... തന്ത വൈബ്; വരയിലൂടെ ചിരിച്ചും ചിന്തിപ്പിച്ചും കുട്ടി കാര്‍ട്ടൂണിസ്റ്റുകള്‍
കലോത്സവത്തിന്റെ ആദ്യ ദിനം മുതൽ മുന്നേറി നിന്നിരുന്ന കണ്ണൂരിനെ പിന്തളളിയാണ് തൃശൂരും പാലക്കാടും മുൻനിരയിലേക്ക് എത്തിയത്. ഇവരിൽ ആര് സ്വർണക്കപ്പിൽ മുത്തമിടും എന്നത് അവസാനം വരെ അപ്രവചനീയമായി തുടരുകയും ചെയ്തു. അവശേഷിച്ചത് ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് സ്കിറ്റ് മാത്രം. തൃശൂരിന് വേണ്ടി രണ്ട് സ്കൂളുകൾ ഇംഗ്ലീഷ് സ്കിറ്റിൽ മത്സരിച്ചിരുന്നു. ജിഎച്ച്എസ്എസ് മണലൂരിലെ ഫെബ മേരി ടി.ജെയും സംഘവും എ ഗ്രേഡോടെ അഞ്ച് പോയിൻ്റ് നേടിയപ്പോൾ, ആബേൽ ഐ. കാവുങ്കലിൻ്റെ നേതൃത്വത്തിലുള്ള സെൻ്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കുറ്റിക്കാട്ടൂർ ടീം ബി ഗ്രേഡും മൂന്ന് പോയിൻ്റും ആണ് അവസാന റൗണ്ടിൽ സ്വന്തമാക്കിയത്. ജിഎച്ച്എസ്എസ് ബിഗ് ബസാറിലെ അഞ്ജിമ പി.എസും സംഘവും അവസാന റൗണ്ടിൽ എ ഗ്രേഡോടെ അഞ്ച് പോയിൻ്റ് നേടിയെങ്കിലും, പാലക്കാടിന് ഒരു പോയിൻ്റ് വ്യത്യാസത്തിൽ സ്വർണക്കപ്പ് നഷ്ടമായി.
ഒടുവിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് സ്കിറ്റിന്റെ ഫലം വന്നതോടെയാണ് കാൽ നൂറ്റാണ്ടിന് ശേഷം തൃശൂർ വിജയികളായത്. 1999ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂർ ഇതിനു മുന്‍പ് വിജയ കിരീടം ചൂടിയത്. വീറോടെ പോരാടിയ കണ്ണൂരിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അവസാന ഇനമായിരുന്നത് ഇംഗ്ലീഷ് സ്കിറ്റിൽ സെൻ്റ് മേരീസ് എച്ച്എസ്എസ് എടൂരിലെ അനബെൽ റെജി ലൂക്ക എ ഗ്രേഡോടെ അഞ്ച് പോയിൻ്റ് സ്വന്തമാക്കിയപ്പോൾ 1003 പോയിൻ്റുമായി കണ്ണൂരിൻ്റെ പടയോട്ടം മൂന്നാം സ്ഥാനത്ത് അവസാനിച്ചു.
Also Read: കാഴ്ച നഷ്ടപ്പെട്ട അച്ഛന്റെ കണ്ണാകുന്ന മക്കള്‍; കലോത്സവം കാണാനെത്തിയ ജയരാജൻ മാഷ്
ഏറ്റവും കൂടുതൽ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയിൽ 171 പോയിന്‍റോടെ പാലക്കാട് ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളുകളാണ് ഒന്നാമത്. 116 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും, 106 പോയിന്‍റുമായി വയനാട് മാനന്തവാടി എംജിഎംഎച്ച്എസ്എസ് മൂന്നാമതുമാണ്.
Also Read: വാചാലം, സമകാലികം; മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന, കാണികളെ കണ്ണീരിലാഴ്ത്തി മൂകാഭിനയ വേദി
63-ാമത് സ്കൂൾ കലോത്സവത്തിൽ ആകെ 249 ഇനങ്ങളിലായാണ് മത്സരം നടന്നത്.