രാജീവിന്റെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇയാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു
കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം മൈനാഗപ്പള്ളി മണ്ണൂര്‍കാവ് ദിയ സദനത്തില്‍ ശ്യാമയെ (27) കഴിഞ്ഞ ഞായറാഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്യാമയുടെ മരണം കൊലപാതകമെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. രാത്രി ഒമ്പതുമണിയോടെയാണ് ശ്യാമയുടെ മൃതദേഹം കണ്ടെത്തിയത്. നിലത്ത് വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു ഭർത്താവ് രാജീവിന്റെ വാദം. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം തെളിഞ്ഞതോടെ ഭർത്താവിന്റെ വാദം പൊളിയുകയായിരുന്നു.
Also Read: തൃശൂർ മാളയിൽ മധ്യവയസ്കനെ അടിച്ചുകൊലപ്പെടുത്തി; ഒളിവില്‍പ്പോയ പ്രതി പിടിയില്‍
രാജീവിന്റെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇയാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. രാജീവിന്റെ വീടിന് സമീപത്തുള്ള അമ്പലത്തിൽ ഉത്സവം നടക്കുന്ന ദിവസമായിരുന്നു കൊലപാതകം. ഉത്സപറമ്പിലേക്കെത്തിയ രാജീവ് ഭാര്യ തലയിടിച്ച് നിലത്ത് വീണതായി എല്ലാവരെയും അറിയിച്ചു. തുടർന്ന് നാട്ടുകാരാണ് ആശുപത്രിയിൽ പൊകാൻ വണ്ടി ഏർപ്പാടാക്കിയത്. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുൻപ് ശ്യാമ മരിച്ചിരുന്നു. മൃതദേഹം പരിശോധിച്ച ഡോക്ടർമാർ ആദ്യം തന്നെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം അവർ പൊലീസിനെയും അറിയിച്ചു. എന്നാൽ ചോദ്യം ചെയ്യലിൽ രാജീവ് നാട്ടുകാരോട് പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ രാജീവ് കുടുങ്ങി. കഴുത്ത് ഞെരിച്ചാണ് ശ്യാമ കൊല്ലപ്പെട്ടതെന്നായിരുന്നു പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. തുടർന്നാണ് കസ്റ്റഡിയിലായിരുന്ന ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.