മലയാളി എന്നോ ഇതര സംസ്ഥാന തൊഴിലാളി എന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും മനുഷ്യരായി പരിഗണിക്കും.
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുന്ന നടപടിക്രമങ്ങള്‍ ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യു മന്ത്രി. ജനുവരിയില്‍ തന്നെ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും കെ. രാജന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
മലയാളി എന്നോ ഇതര സംസ്ഥാന തൊഴിലാളി എന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും മനുഷ്യരായി പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടും സംസ്ഥാനത്തിന്റെ ഫണ്ടും ഉപയോഗിച്ച് എട്ട് ലക്ഷം രൂപ വീതമായിരിക്കും നഷ്ടപരിഹാരം നല്‍കുക എന്നും മന്ത്രി അറിയിച്ചു.
ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ഇതുവരെ 32 പേരാണ് കാണാതായവരില്‍ ഉള്ളതെന്നാണ് കണ്ടെത്തിയത്. ആദ്യഘട്ടങ്ങളില്‍ 102 പേരെയായിരുന്നു കാണാതായത് എന്നായിരുന്നു വിവരം. പരിശോധനകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ അത് 32 ആയി ചുരുങ്ങുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഒരാളെ കാണാതായാല്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് മരിച്ചതായി കണക്കാക്കുക. അതില്‍ മാറ്റം വരുത്തിയാണ് സര്‍ക്കാര്‍ കാണാതായവരെ മരിച്ചതായി കണക്കാക്കുന്ന പ്രക്രിയ നടപ്പാക്കുന്നത്. ഈ മാസം തന്നെ കാണാതായവരുടെ പട്ടിക തയ്യാറാക്കും. രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇവരുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വയനാട് മുണ്ടക്കൈ ചൂരല്‍ മല ദുരന്തത്തില്‍ കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുന്ന പ്രക്രിയ ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാര്‍ തീരുമാനും സ്വാഗതം ചെയ്യുന്നുവെന്ന് ജനകീയ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ മനോജ് വ്യക്തമാക്കി.
കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് നേരത്തെ പുറത്തുവന്നിരുന്നു. ആശ്രിതര്‍ക്ക് ധനസഹായം ലഭ്യമാക്കുന്ന നടപടിയുടെ ഭാഗമായാണ് ഉടനടിയുള്ള ഈ തീരുമാനമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.