ദിവസേനയുളള പട്രോളിങ്ങിനിടെ ഒരു സൈനികൻ അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടിയതോടെയാണ് സ്ഫോടനമുണ്ടായത്
ജമ്മു കശ്മീർ രജൗരിയിൽ കുഴിബോംബ് സ്ഫോടനത്തിൽ ആറ് സൈനികർക്ക് പരുക്ക്. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് സ്‌ഫോടനമുണ്ടായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഗൂർഖ റൈഫിൾസിലെ സൈനികർക്കാണ് പരുക്കേറ്റത്.
ദിവസേനയുളള പട്രോളിങ്ങിനിടെയാണ് സംഭവം. രാവിലെ 10:45 ഓടെ ഒരു സൈനികൻ അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടിയതോടെയാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റ എല്ലാ ജീവനക്കാരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. നിയന്ത്രണരേഖയ്ക്ക് (എൽഒസി) സമീപമുള്ള പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റം തടയാനായി ഇത്തരം കുഴിബോബുകൾ സ്ഥാപിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കനത്ത മഴ മൂലം ഈ ബോംബുകൾ ചിലപ്പോൾ സ്ഥാനം മാറുകയും, സ്‌ഫോടന സാധ്യത വർധിക്കുകയും ചെയ്യും.
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ അപകടം. ജനുവരി നാലിനാണ് സൈനിക ട്രക്ക് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞത്. അപകടത്തിൽ മൂന്ന് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.