വെടിവെപ്പിനെ തുടർന്ന് ശരീരം തളർന്ന് കിടപ്പിലായിരുന്നു
കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പൻ അന്തരിച്ചു. വെടിവെപ്പിനെ തുടർന്ന് ശരീരം തളർന്ന് മുപ്പത് വർഷമായി കിടപ്പിലായിരുന്നു. കണ്ണൂർ ചൊക്ലി സ്വദേശിയാണ് പുഷ്പൻ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 54 വയസായിരുന്നു. തന്റെ 24 വയസിലാണ് പുഷ്പന് വെടിയേൽക്കുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യനില ഓരോ ഘട്ടത്തിലും നിരീക്ഷിക്കാനായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഒരു മെഡിക്കൽ ടീം രൂപീകരിച്ചിരുന്നു. കഴിഞ്ഞ മാസവും കോഴിക്കോടെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തുകയുണ്ടായി. വെടിവയ്പ്പിൽ സുഷുമ്നനാഡിക്ക് ഗുരുതരമായി പരുക്കേറ്റ പുഷ്പൻ ഇത്രയും കാലം ജീവിച്ചത് വൈദ്യശാസ്ത്രത്തിന് പോലും അത്ഭുതമായിരുന്നു.
1994 നവംബർ 25 ന് നടന്ന കൂത്തുപറമ്പ് വെടിവയ്പിലാണ് ഗുരുതമായി പരിക്കേറ്റ് പുഷ്പൻ കിടപ്പിലായത്. ഡിവൈഎഫ്ഐ സമരത്തിന് നേരെയാണ് പൊലീസ് വെടിവയ്പ്പ് നടത്തിയത്. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവന് നേരെയായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം. കെ.കെ രാജീവന്‍, കെ.വി റോഷന്‍, വി.മധു, സി.ബാബു, ഷിബുലാല്‍ എന്നീ സഖാക്കൾക്ക് വെടിവെയ്പ്പിൽ ജീവൻ നഷ്ടപ്പെട്ടപ്പോഴും പുഷ്പനെ കാലം കാത്തുവച്ചു. യുവജനപോരാളികൾക്ക് ആവേശമാകാൻ.
ഇന്ന് രാത്രി 7 മുതൽ നാളെ 8 വരെ കോഴിക്കോട് ഡിവൈഎഫ്ഐ യൂത്ത് സെൻ്ററിൽ പൊതുദർശനം നടത്തും. തുടർന്ന് മൃതദേഹം തലശ്ശേരിയിലേക്ക് വിലാപയാത്രയായി കൊണ്ടുവരും. നാളെ രാവിലെ എട്ട് മണിയോടെയാണ് വിലാപയാത്ര ആരംഭിക്കുക. റോഡിന്റെ ഇരുഭാഗങ്ങളിലുള്ളവർക്കും കാണുന്ന തരത്തിലുള്ള വാഹനത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്. രാവിലെ 10 മണിക്ക് തലശ്ശേരി ടൗൺ ഹാളിൽ എത്തിക്കും. 10 മുതൽ 11.30 വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതു ദർശനം ഉണ്ടാകും. വൈകുന്നേരം 5 മണിക്ക് ചൊക്ലി മേനപ്രം വീട്ടു പരിസരത്ത് സംസ്‌കാരം.
മൂന്ന് ദശകത്തിൻ്റെ സഹനത്തിൻ്റെ പേര് - പി. രാജീവ്
മൂന്നുദശകത്തിന്റെ സഹനത്തിന്റെ പേരായിരുന്നു പുഷ്പൻ. ഞങ്ങൾ വിദ്യാർഥി സംഘടനാപ്രവർത്തകരായിരുന്ന കാലത്തായിരുന്നു കൂത്തുപറമ്പ് വെടിവെയ്പ്പ്' നടക്കുന്നത്. ക്ഷീണിതനായിരിക്കുമ്പോഴും കൺകളിൽ പ്രതീക്ഷയുടെ നക്ഷത്രങ്ങളുണ്ടായിരുന്നു.