കോൺഗ്രസ് നേതാക്കളും സ്ഥാനാർഥിയും സരിൻ്റെ പേര് പറഞ്ഞാൽ അത് ഇടത് പക്ഷത്തിന് ഗുണമാകുമെന്നാണ് വിലയിരുത്തൽ
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി തർക്കത്തെ തുടർന്ന് കോൺഗ്രസ് വിട്ട പി. സരിൻ്റെ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരസ്യ പ്രതികരണങ്ങൾ വേണ്ടെന്ന തീരുമാനവുമായി കോൺഗ്രസ്. നേതാക്കളും സ്ഥാനാർത്ഥിയും സരിൻ്റെ പേര് പറഞ്ഞാൽ അത് ഇടത് പക്ഷത്തിന് ഗുണമാകുമെന്നാണ് വിലയിരുത്തൽ. വലത്ത് നിന്ന് പിണങ്ങിയിറങ്ങി ഇടത്തോട്ട് കയറിയ ഡോ സരിന് കോൺഗ്രസ് ചെലവിൽ മൈലേജ് ഉണ്ടാക്കി നൽകേണ്ടതില്ല എന്നാണ് കെപിസിസിയുടെ തീരുമാനം.
ALSO READ: പി. സരിനും, യു. ആർ. പ്രദീപും എൽഡിഎഫ് സ്ഥാനാർഥികൾ; ഔദ്യോഗികമായി പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ
മാധ്യമങ്ങൾക്ക് മുന്നിൽ സരിനെ കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കുകയും അതേ സമയം പൊതുയോഗങ്ങളിൽ സ്ഥാനമോഹിയായി ചിത്രീകരിക്കാനുമാണ് നീക്കം. ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ഇത്തവണ ഏറെ ചർച്ച ചെയ്യപ്പെട്ടത് ഇടത് സ്ഥാനാർത്ഥിയുടെ വരവാണ്.
നേതാക്കളുടെ വിമർശനം പോലും സരിന് ഗുണമാകുമെന്ന വിലയിരുത്തൽ കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അതിനാലാണ് തത്കാലം മൗനം പാലിക്കാനുള്ള തീരുമാനം. ബി ജെ പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ കോൺഗ്രസ്- ബി ജെ പി പോര് എന്ന രീതിയിലേക്ക് മാറ്റാനും അത് സജീവ ചർച്ചയായി നിലനിർത്താനുമാണ് ശ്രമം.