55 സീറ്റുകളുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസാണ് പരീക്ഷണാടിസ്ഥാനത്തില്‍ എ.സിയിലേക്ക് മാറ്റുന്നത്.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ മുഴുവന്‍ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ ആലോചന. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ് എ.സിയാക്കാന്‍ എറണാകുളത്തെ സ്വകാര്യ കമ്പനിയുമായി ധാരണയായി. സാങ്കേതികത പരിശോധിച്ച ശേഷമാകും കൂടുതല്‍ ബസുകള്‍ എ.സിയാക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക.
55 സീറ്റുകളുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസാണ് പരീക്ഷണാടിസ്ഥാനത്തില്‍ എ.സിയിലേക്ക് മാറ്റുന്നത്. എഞ്ചിനില്‍ നിന്നും നേരിട്ട് പവര്‍ എടുക്കുന്നതിനു പകരം ബാറ്ററി ഉപയോഗിച്ചാകും പ്രവര്‍ത്തനം. കാസര്‍ഗോഡ് ഇത്തരത്തില്‍ ഒരു പ്രൈവറ്റ് ബസ് എ.സിയിലേക്ക് മാറ്റി സര്‍വീസ് നടത്തുന്നുണ്ട്.
അതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് കെഎസ്ആര്‍ടിസിയും ഈ ആശയത്തിലേക്ക് കടന്നത്. എറണാകുളത്തുള്ള ടെക്‌നോ സൊല്യൂഷന്‍ കമ്പനിയെ ഇതിനായി ചുമതലപ്പെടുത്തി. ആദ്യഘട്ടത്തില്‍ ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ് എ.സിയിലേക്ക് മാറ്റും.
അതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാകും മറ്റു ബസുകള്‍ മാറ്റുന്ന കാര്യം പരിഗണിക്കുക. 6.2 ലക്ഷം രൂപയാണ് ചെലവ്. ബാറ്ററിക്കും ഫ്‌ളോര്‍ ഇന്‍സുലേഷനുമാെക്കെയായി 62000 ത്തോളം രൂപയും ചെലവ് വരും. സ്വിഫ്റ്റിന്റെ തനത് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാനാണ് തീരുമാനം.പരീക്ഷണം വിജയകരമായാല്‍ കടുത്ത വേനലിലെ കെഎസ്ആര്‍ടിസി യാത്രകള്‍ ഇനി കൂളാകും.