സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് തന്നെയായിരുന്നു സിപിഎം പ്രാദേശിക നേതാവ് കെ.മണികണ്ഠൻ്റെയും പക്ഷം
പെരിയ ഇരട്ടക്കൊലകേസിൽ പ്രതിചേർക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായെന്ന് ജയിലിൽ നിന്ന് പുറത്തെത്തിയ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ. സിപിഎം കൊലയാളി രാഷ്ട്രീയ പാർട്ടിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെന്നും പൂർണമായും കുറ്റവിമുക്തരാകുന്നത് വരെ നീതിക്കായി പോരാടുമെന്നും കുഞ്ഞിരാമൻ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കുഞ്ഞിരാമൻ അവകാശപ്പെടുന്നത്. സിബിഐ ബോധപൂർവം കേസെടുക്കുകയായിരുന്നു. സിബിഐയുടെ ഗൂഢാലോചന പൊളിഞ്ഞെന്നും കുഞ്ഞിരാമൻ കൂട്ടിച്ചേർത്തു. സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് തന്നെയായിരുന്നു സിപിഎം പ്രാദേശിക നേതാവ് കെ.മണികണ്ഠൻ്റെയും പക്ഷം. നീതി ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും മണികണ്ഠൻ പറഞ്ഞു.
കേസിൽ ആരെയും സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ടുപോയിട്ടില്ല. കോൺഗ്രസുകാർ കൃത്രിമ സാക്ഷികളും, വ്യാജ മൊഴികളും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കണമെന്ന കോൺഗ്രസ് ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി പോരാടുമെന്നും മണികണ്ഠൻ പറഞ്ഞു.
അതേസമയം പെരിയ കേസിൽ ഉൾപ്പെട്ട ശിക്ഷ മരവിപ്പിച്ച നാലു പ്രതികൾക്കും മുതിർന്ന നേതാക്കളും പ്രവർത്തകരും ചേർന്ന് വൻ സ്വീകരണമാണ് ഒരുക്കിയത്. സിപിഎം നേതാക്കളെ സ്വീകരിക്കാൻ പി. ജയരാജനും എം.വി. ജയരാജനും ജയിലിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ജയിലിന് പുറത്തെത്തിയവരെ മറ്റു നേതാക്കളും പാർട്ടി പ്രവർത്തകരും ചേർന്ന് രക്തഹാരമണിയിച്ച് സ്വീകരിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ. മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെ.വി. ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
സിബിഐ കേസെടുത്തതിന് കിട്ടിയ തിരിച്ചടിയാണ് പെരിയ കേസിലെ കോടതി വിധിയെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. "നീതിന്യായ കോടതിയിൽ നിന്ന് ജനങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് പെരിയ കേസിലെ വിധി തെളിയിക്കുന്നത്. സിപിഎം വിരുദ്ധ ജ്വരത്തിന് ലഭിച്ച മറുമരുന്നാണ്. ക്രൈംബ്രാഞ്ച് കൃത്യമായി തന്നെയാണ് കേസ് അന്വേഷിച്ചത്," പി. ജയരാജൻ പറഞ്ഞു.