പുറത്തു വന്ന ദൃശ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നതായി കാണുന്ന രണ്ട് തൊഴിലാളികളും മനാഫിനെതിരെ പരാതി നൽകി
പെരുമ്പാവൂരിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനത്തിൽ മുൻ മാനേജർ മനാഫിനെതിരെ കേസ്. നായയെ പോലെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസിന്റേതാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് മനാഫിനെതിരെ കേസെടുത്തിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴിൽ പീഡനങ്ങളുടെ പുറത്തു വന്ന ദൃശ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നതായി കാണുന്ന രണ്ട് തൊഴിലാളികളും മനാഫിനെതിരെ പരാതി നൽകി.
Also Read: IMPACT | മാര്‍ക്കറ്റിങ് കമ്പനികളിലെ തൊഴില്‍ ചൂഷണം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രി
അതേസമയം, കൊച്ചി ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴില്‍ പീഡനത്തില്‍ ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. നാലു മാസങ്ങൾക്കു മുമ്പ് നടന്ന സംഭവത്തിന് പിന്നിൽ വ്യക്തിപരമായ പ്രശ്നമുണ്ടോ എന്ന് സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞു. വിഷയം കുറച്ചുകൂടി മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ചില ആശയകുഴപ്പങ്ങളുണ്ട്. വീഡിയോയിലെ ദൃശ്യങ്ങൾ സൗഹൃദപരമായാണ് നടത്തിയതെന്ന ആക്ഷേപമുണ്ട്. പരാതി കിട്ടാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ സംഭവത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
തൊഴില്‍ പീഡനത്തില്‍ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പുറത്ത് വന്ന ടാര്‍ഗറ്റ് പീഡന ദൃശ്യങ്ങള്‍ വ്യാജമല്ലെന്നാണ് ഇവരുടെ വെളിപ്പെടുത്തലുകള്‍. കമ്പനിയില്‍ ട്രെയിനികളെ ഉപയോഗിച്ച് മാനേജര്‍മാര്‍ പന്തയം നടത്തും. തോല്‍ക്കുന്ന ട്രെയിനികളെ ക്രൂരപീഡനത്തിന് ഇരയാക്കും. സഹിക്കാനാകാത്ത പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ വെളിപ്പെടുത്തല്‍. പന്തയത്തില്‍ ജയിക്കുന്ന ട്രെയിനികള്‍ക്ക് 1000 മുതല്‍ 2000 രൂപ വരെ സമ്മാനം നല്‍കും. തോല്‍ക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കും. മത്സരബുദ്ധി വളര്‍ത്താനാണ് ഇത്തരം നികൃഷ്ടമായ പരിശീലനമെന്നാണ് മാനേജര്‍മാരുടെ വിശദീകരണം.