ബെംഗളൂരുവിൽ നിന്ന് പള്ളത്തേക്ക് വരികയായിരുന്ന ബിആർഎൽ ലോജിസിറ്റിക് ലോറിയും, എതിർദിശയിൽ വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്
കോട്ടയം എംസി റോഡിൽ നാട്ടകം പോളിടെക്നികിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒരാൾ തൊടുപുഴ മണക്കാട് സ്വദേശിയും, മറ്റേയാൾ തമിഴ്നാട് സ്വദേശിയുമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ ഒന്നു ലഭ്യമായിട്ടില്ല. വാഹനത്തിലുണ്ടായിരുന്ന രണ്ട് അസം സ്വദേശികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്ന് പള്ളത്തേക്ക് വരികയായിരുന്ന ബിആർഎൽ ലോജിസിറ്റിക് ലോറിയും, എതിർദിശയിൽ വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്. ജീപ്പ് ലോറിക്കുള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ജീപ്പിൻ്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് ജീപ്പ് വെട്ടിപ്പൊളിച്ച് അകത്തുള്ളവരെ പുറത്തെത്തിച്ചത്. ഇൻ്റീരിയർ വർക്ക് ചെയ്യുന്നവരാണ് ജീപ്പിലുണ്ടായിരുന്നത്. തുടർന്ന് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ക്രെയിൻ ഉപയോഗിച്ചാണ് വണ്ടികൾ വേർപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരക്ക് അനുഭവപ്പെട്ടിരുന്നു.