മാനേജർ ആയപ്പോൾ താനും ട്രെയിനികളെ ഈ രീതിയിൽ ശിക്ഷിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു
ഡയറക്ട് മാർക്കറ്റിങ് കമ്പനികളിലെ തൊഴിൽ പീഡനത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. തിരുവനന്തപുരം സ്വദേശിനിയാണ് ഹിന്ദുസ്ഥാൻ പവർലിങ്ക്സിന്റെ ക്രൂരതകൾ വെളിപ്പെടുത്തിയത്. "കൂടെ ജോലി ചെയ്യുന്ന ആൺകുട്ടികളുടെ അടിവസ്ത്രം കഴുകേണ്ടി വന്നിട്ടുണ്ട്. ബ്രഷ് ഇല്ലാതെ കൈ ഉപയോഗിച്ച് ക്ലോസറ്റ് വൃത്തിയാക്കേണ്ടി വന്നിട്ടുണ്ട്", യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു. മാനേജർ ആയപ്പോൾ താനും ട്രെയിനികളെ ഈ രീതിയിൽ ശിക്ഷിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. ടാർഗറ്റ് അച്ചീവ് ചെയ്തില്ലെങ്കിൽ ഉപ്പ് വച്ച് അതിന്മേൽ നിർത്തിക്കുമായിരുന്നു. മുട്ടിലിഴയിക്കുക, ഷൂ പോളിഷ് ചെയ്യിക്കുക,എന്നിവയും കമ്പനികളിൽ നിന്ന് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും യുവതി പറഞ്ഞു.
ALSO READ: മാർക്കറ്റിംഗ് സ്ഥാപനമായ HPLൽ ഉൽപ്പന്നങ്ങളുടെ വിലയിലും തട്ടിപ്പ്; ആരോപണവുമായി മുൻ ജിവനക്കാരൻ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്ന പ്രധാന വിഷയമാണ് മാർക്കറ്റിംങ് കമ്പനികളിലെ തൊഴിൽ പീഡനം. ന്യൂസ് മലയാളമാണ് ഈ വാർത്ത പുറത്തുവിട്ടത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ തൊഴിലെടുത്തവർ പങ്കുവച്ചത്. നിരവധി പേരാണ് തങ്ങൾ അനിഭവിച്ച തൊഴിൽ ചൂഷണത്തെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചത്.
"ഇതിന് പുറമെ ടാർഗറ്റ് തികയ്ക്കാത്തതിന് പലവിധം പീഠനങ്ങൾ നേരിടേണ്ടിവന്നു. പച്ചമുളക് തീറ്റിക്കുകയും, ഉപ്പ് കല്ലിന് മുകളിൽ മുട്ടുകുത്തിച്ച് നിർത്തിക്കുകയും, ടോയ്‌ലറ്റിൽ ഉമ്മ വെപ്പിക്കുകയും, സ്ത്രീകളുടെ വേഷം ധരിപ്പിക്കുകയും ചെയ്തു. അങ്ങനെ പറയാൻ പറ്റാത്ത ഒരുപാട് ശിക്ഷകൾ തന്നിട്ടുണ്ട്. ഇത്രയും കാലം പണിയെടുത്തിട്ട് പട്ടിയുടെ വിലയാണ് തന്നത്. ചെയ്ത പണിക്കുള്ള കൂലി പോലും ഞങ്ങൾക്ക് തന്നിട്ടുണ്ടായിരുന്നില്ല," കമ്പനിയി ജോലി ചെയ്തിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ മുൻ ജീവനക്കാരൻ അരുൺകുമാർ ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തിയിരുന്നു.