തെരഞ്ഞടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, പരമാവധി വോട്ടർമാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർഥികളും
തെരഞ്ഞടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, പരമാവധി വോട്ടർമാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. ഒരു വോട്ട് പോലും ചോർന്നു പോകാത്ത വിധം പ്രചരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ. അതേസമയം വയനാട്ടിൽ ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യംവച്ച് ബിജെപി നടത്തുന്ന പ്രവർത്തനങ്ങൾ എൽഡിഎഫ്,യുഡിഎഫ് ക്യാമ്പുകൾ ആശങ്കയോടെ നോക്കികാണുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിൽ ഇടതുപക്ഷത്തെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ബത്തേരി നിയമസഭാ മണ്ഡലത്തിൽ 80 ശതമാനം പഞ്ചായത്തുകളിലും ബിജെപിക്കായിരുന്നു ലീഡ്. ഉപതെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഇരുമുന്നണികൾക്കും വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന സൂചന നൽകുന്നതാണ് ഈ വോട്ട് കണക്കുകൾ.
ALSO READ: പാലക്കാട് വോട്ടെടുപ്പ് മാറ്റി; പുതിയ തീയതി നവംബര്‍ 20
വയനാട് ലോക്സഭ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകളുള്ള നിയോജകമണ്ഡലമാണ് സുൽത്താൻബത്തേരി. 216 ബൂത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്. യുഡിഎഫിന് മുൻ തെരഞ്ഞെടുപ്പുകളിൽ വലിയ പിന്തുണ നൽകിയിരുന്ന ഈ ബൂത്തുകളിൽ ബിജെപി കടന്നുകയറുന്നുവെന്നാണ് 2024ലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ക്രിസ്ത്യൻ കുടിയേറ്റ മേഖലയായ പുൽപ്പള്ളി, മുള്ളൻകൊല്ലി,പൂതാടി നെൻമേനി,നൂൽപ്പുഴ പഞ്ചായത്തുകളിലെ 85 ബൂത്തുകളിൽ ബിജെപിക്ക് എൽഡിഎഫിനെ പോലും മറികടക്കാനായി. എങ്ങനെയാണ് ന്യൂനപക്ഷ മേഖലയിൽ കോൺഗ്രസിനെ കൈവിട്ട് ബിജെപിക്ക് സഭാ വോട്ടുകൾ സമാഹരിക്കാനാകുന്നതെന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്. ഗോത്രമേഖലയിലെ വോട്ടുകൾക്ക് പുറമെ സഭാവോട്ടുകളിലെ ഒരു പങ്കെങ്കിലും പെട്ടിയിലാക്കാനായാൽ അടുത്ത തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇരുമുന്നണികളെയും ഞെട്ടിക്കാനാകും. കൂടാതെ സംഘപരിവാർ അനുകൂല നിലപാട് തുറന്നുപറയാൻ ക്രിസ്ത്യൻ സംഘടനകൾക്കും ഇപ്പോൾ മടിയില്ലെന്നതും ശ്രദ്ധേയമാണ്.