തന്നേയും ഭർത്താവിനേയും കേസിൽ പ്രതി ചേർത്തുവെന്ന വിവരം അറിഞ്ഞതിന് പിന്നാലെ ഒരു ഞെട്ടലോടെയാണ് അവർ പ്രതികരിച്ചു തുടങ്ങിയത്
വാളയാർ കേസിൽ മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കി ഉൾപ്പെടുത്തി സിബിഐ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച വിവരം പെൺകുട്ടികളുടെ അമ്മ അറിയുന്നത് ന്യൂസ് മലയാളം അവരെ ഫോണിൽ അങ്ങോട്ടേക്ക് വിളിക്കുമ്പോഴായിരുന്നു. വയലിൽ ജോലിക്കിടെ ആണ് അവർ ഫോൺ എടുത്ത് മറുപടി നൽകിയത്. തന്നേയും ഭർത്താവിനേയും കേസിൽ പ്രതി ചേർത്തുവെന്ന വിവരം അറിഞ്ഞതിന് പിന്നാലെ ഒരു ഞെട്ടലോടെയാണ് അവർ പ്രതികരിച്ചു തുടങ്ങിയത്.
ഞങ്ങൾക്കെതിരെ എന്ത് തെളിവാണ് കയ്യിലുള്ളതെങ്കിലും സിബിഐ കൊണ്ടുവരട്ടെയെന്നും അത് എന്തായാലും നേരിടാൻ ഞങ്ങൾ തയ്യാറാണെന്നും വാളയാർ കുട്ടികളുടെ അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു. "എൻ്റെ മക്കൾക്ക് വേണ്ടി ഏതെല്ലാം തെരുവിൽ കിടന്നിട്ടുണ്ടെന്ന് എനിക്ക് മാത്രമറിയുന്ന കാര്യമാണ്. യഥാർഥ പ്രതിയിലേക്ക് എത്തിച്ചേരാൻ എത്ര പ്രയാസം സഹിച്ചായാലും സമരവുമായി മുന്നോട്ടുപോകും. ഇവര് എന്തൊക്കെ പറഞ്ഞാലും അതെല്ലാം വിഷയമല്ലെന്ന് വെച്ച് മുന്നോട്ടു പോകും," വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
"യഥാർഥ പ്രതികളിലെത്തുക എന്നത് എന്റെ ആവശ്യമാണ്. എൻ്റെ മക്കൾ ജീവനൊടുക്കിയതല്ല, അവരെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് ഈ ലോകത്തെ അറിയിക്കേണ്ടത് ഇപ്പോൾ ഞങ്ങളുടെ ഉത്തരവാദിത്തമായി മാറിയിട്ടുണ്ട്. എനിക്ക് പറയാൻ പറ്റുന്നതെല്ലാം എൻ്റെ അവസാന ശ്വാസം വരെ പറഞ്ഞുകൊണ്ടിരിക്കും," വാളയാർ കുട്ടികളുടെ അമ്മ പറഞ്ഞു.
ALSO READ: വാളയാർ കേസ്: മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ, കുറ്റപത്രം സമർപ്പിച്ചു
"എൻ്റെ മക്കളുടെ കേസ് അട്ടിമറിച്ച സോജനെ സർവീസിൽ നിന്ന് പുറത്താക്കുന്നത് വരെ ഒരു പ്രതിഷേധമെന്ന നിലയിലാണ് ഞാൻ മുടി മുറിച്ചത്. തുടക്കം മുതൽക്കേ കേസ് അട്ടിമറിച്ചത് സോജനാണല്ലോ... അതിലെന്താണ് സംശയം? അട്ടിമറിക്കാനുള്ള കാരണമാണ് വ്യക്തമായതു കൊണ്ടാണ് സിബിഐ അന്വേഷണം തന്നെ വെച്ചു തന്നത്. ആണല്ലോ... ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ് എന്നു പറഞ്ഞുകൊണ്ടാണ് എസ്.ഐ ചാക്കോ കേസ് അന്വേഷിച്ചത് ശരിയല്ലാ എന്നു പറഞ്ഞാണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇതെല്ലാം നിങ്ങൾ അറിഞ്ഞ കാര്യങ്ങളാണല്ലോ...," അമ്മ പറഞ്ഞു.
അത് കഴിഞ്ഞ ശേഷം പുള്ളി സുഖ സുന്ദരമായി ഡ്യൂട്ടിയിൽ ഇരിപ്പുണ്ട്. സോജൻ കേസ് അന്വേഷിച്ചു, കേസ് അട്ടിമറിഞ്ഞു... അതും കോടതിക്ക് മനസിലായി. അതുകൊണ്ടാണല്ലോ സിബിഐ അന്വേഷണം വന്നത്. സിബിഐ കേസ് അന്വേഷിച്ചപ്പോൾ സോജൻ മലയാളത്തിൽ എഴുതിയ അതേ കാര്യം തന്നെ ഇവർ ഇംഗ്ലീഷിലാക്കി കോടതിയിൽ സമർപ്പിച്ചു. അത് കോടതിയിൽ കൊടുത്തപ്പോൾ കോടതിക്ക് വരെ മനസിലായി, കേസ് ശരിയല്ലാത്ത രീതിയിലാണ് അന്വേഷിച്ചതെന്ന്," വാളയാർ കുട്ടികളുടെ അമ്മ പറഞ്ഞു.