കെ.മുരളീധരനെ സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ദേശീയ നേതൃത്വത്തിന് സമർപ്പിച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ ചൂട് കൂട്ടിയിരിക്കുകയാണ് കോൺഗ്രസ് കത്ത് വിവാദം. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയായത് മുതൽ പാലക്കാട്ടെ കോൺഗ്രസിൽ എതിർപ്പുകളും വിയോജിപ്പുകളും ഉയർന്നിരുന്നു. പിന്നാലെ കെ. മുരളീധരനെ സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ദേശീയ നേതൃത്വത്തിന് സമർപ്പിച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇതോടെ കോൺഗ്രസിനെതിരെ മറ്റൊരു ആയുധം ലഭിച്ചെന്ന പ്രതീക്ഷയിലാണ് എതിർപാർട്ടികൾ. കോൺഗ്രസിൽ രാജവാഴ്ചയാണെന്ന് ആരോപിച്ച പി.സരിൻ്റെ വാദത്തെ മുൻനിർത്തി, കത്ത് തള്ളിയതിന് പിന്നിൽ വി.ഡി.സതീശനും ഷാഫി പറമ്പിലുമാണെന്നാണ് സിപിഎം ആരോപണം. എന്നാൽ വിഷയത്തെ പൂർണമായും തള്ളുകയാണ് കോൺഗ്രസ്. വാൾമുന സിപിഎമ്മിന് നേരെ തിരിച്ച്, കത്തയച്ചെന്ന പ്രചാരണം സിപിഎം അജണ്ടയെന്ന ആരോപണമാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉന്നയിച്ചിരിക്കുന്നത്.
ALSO READ: "പാലക്കാട് മത്സരിക്കണമെന്ന് ഡിസിസി നിർദേശിച്ച കാര്യം അന്നേ അറിഞ്ഞിരുന്നു"; വെളിപ്പെടുത്തി കെ. മുരളീധരൻ
കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ ദേശീയ നേതൃത്വത്തിന് നൽകിയ കത്താണ് പുറത്തെത്തിയിരിക്കുന്നത്. ബിജെപിയെ തുരത്താൻ കെ. മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തിൽ ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടിരുന്നു. ഡിസിസി ഭാരവാഹികൾ ഏകകണ്ഠമായി എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മണ്ഡലത്തിൽ മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട പാലക്കാട് ഡിസിസിയുടെ കത്ത് കിട്ടിയില്ലെന്നാണ് ദീപാ ദാസ് മുൻഷിയുടെ വിശദീകരണം. ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഎം അജണ്ടയാണെന്നും ദീപാ ദാസ് മുൻഷി ആരോപിച്ചു.
ദീപ ദാസിൻ്റെ പ്രസ്താവനകളുടെ ചുവട് പിടിച്ച് കത്തിന് പിന്നിൽ ബിജെപിയും സിപിഎമ്മും ഗൂഢാലോചന നടത്തിയെന്ന വാദവുമായി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. ജനങ്ങളെ ബാധിക്കുന്ന രണ്ട് കത്തുകൾ ഇന്നലെ പുറത്തുവന്നു. അതിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് കോൺഗ്രസിനെതിരെയുള്ള ആരോപണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അതേസമയം ഉപതെരഞ്ഞടുപ്പിൽ തൻ്റെ പേര് നിർദേശിച്ച കാര്യം നേരത്തെ അറിഞ്ഞിരുന്നുവെന്ന വിശദീകരണമാണ് കെ. മുരളീധരൻ നൽകിയിരിക്കുന്നത്.
ALSO READ: ചേലക്കര ഉപതെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നാളെ
കെ. മുരളീധരനെ സ്ഥാനാർഥിയാക്കാൻ പാലക്കാട് ഡിസിസി കത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അതിൽ തെറ്റെന്നുമില്ലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സ്ഥാനാർഥി നിർണയത്തിന് മുൻപ് ഡിസിസി കൊടുത്ത കത്താണ് ഇതെന്നാണ് താൻ കരുതുന്നത്. സ്ഥാനാർഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിച് കഴിഞ്ഞാൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. പിന്നെ അവിടെ അഭിപ്രായ വ്യത്യാസങ്ങൾക്കും സ്ഥാനമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കത്ത് കെട്ടിതമച്ചതാണെന്ന കോൺഗ്രസ് ആരോപണത്തെ പൂർണമായും തള്ളികൊണ്ട് മന്ത്രി എം.ബി രാജേഷ് രംഗത്തെത്തി. പാലക്കാട് ഡിസിസിയുടെ കത്ത് സിപിഎം കെട്ടിച്ചമച്ചതാണെന്ന ആരോപണം പരിഹാസ്യമെന്ന് എം.ബി. രാജേഷ് പറഞ്ഞു. പാലക്കാട് കോൺഗ്രസിലെ അമർഷമാണ് കത്തിൽ കാണുന്നത്. ആരുടെ താൽപര്യത്തിനു വേണ്ടിയാണ് സ്ഥാനാർഥിയെ മാറ്റിയതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. കെ. മുരളീധരനും മുൻ ഡിസിസി പ്രസിഡൻ്റ് വി.കെ. ശ്രീകണ്ഠനും കത്ത് സ്ഥിരീകരിച്ചതാണെന്നും എം.ബി. രാജേഷ് ചൂണ്ടികാട്ടി.
കത്ത് വിവാദം പുറത്തിവിടുന്നത് കോൺഗ്രസിലെ ഭിന്നതയാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നാണമുണ്ടോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ചോദ്യം. സിപിഎം പാലക്കാട് പരിഗണിച്ച ആളല്ലല്ലോ ഇപ്പോൾ സ്ഥാനാർഥിയെന്ന പരിഹസിച്ച വി.ഡി. സതീശൻ, ഡിസിസി പ്രസിഡന്റ് പറഞ്ഞ മൂന്ന് പേരിൽ ഒരാളെ സ്ഥാനാർഥിയായെന്ന വിശദീകരണവും നൽകി.