പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് അവരുടെ ആവശ്യം നിറവേറ്റുകയല്ല വേണ്ടത്.പ്രേക്ഷകര്‍ എന്താണോ കാണണമെന്ന് വിചാരിക്കുന്നത് അതിനെ മാറ്റി മറിക്കുകയാണ് സംവിധായകൻ ചെയ്യേണ്ടത്.
മലയാള സിനിമയിൽ നിലനിന്നിരുന്ന സ്ഥിരം ശൈലികളെ മാറ്റി വിജയം നേടിയ സംവിധായകരിൽ പ്രധാനിയാണ് ലിജോ ജോസ് പെല്ലിശ്ശേരി. എന്നാൽ ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ പക്ഷെ സംവിധായകനെന്ന നിലയിൽ ലിജോയെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു. ഏറെ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ ചിത്രം വലിയ വിജയം നേടിയില്ലെന്നു മാത്രമല്ല ചിത്രത്തിന്റെ പ്രകടനം ട്രോളുകളിലേക്കും വിമർശനങ്ങളിലേക്കും വരെ എത്തുകയും ചെയ്തു.
ഇപ്പോഴിതാ വാലിബനിറങ്ങി ഒരു വർഷത്തിനുശേഷം ചിത്രത്തിൻ്റെ പരാജയത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. "കുട്ടിക്കാലം മുതൽ സിനിമകളിൽ കണ്ട, ഗംഭീര നിമിഷങ്ങളെ തിരികെ കൊണ്ടുവരാനാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. ബോളിവുഡ് പടങ്ങളിൽ ബച്ചൻ സാറും തമിഴ് സിനിമയിൽ രജനി സാറുമൊക്കെ സ്ക്രീനിലേക്ക് വരുന്നത് പോലൊരു നിമിഷം. വാലിബന്റെ പരാജയം എന്നെ നിരാശിയിലേക്ക് കൊണ്ടെത്തിച്ചു. പക്ഷേ, ആ നിരാശ മൂന്നാഴ്ചയോളം മാത്രമേ നീണ്ടുനിന്നുള്ളൂ". ലിജോ പറഞ്ഞു.
Also Read; കാണികളില്‍ ആരോ അജ്ഞാത പദാർഥം വിതറി; മുംബൈയിൽ 'പുഷ്പ 2' പ്രദർശനം തടസപ്പെട്ടു
" പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് അവരുടെ ആവശ്യം നിറവേറ്റുകയല്ല വേണ്ടത്. പ്രേക്ഷകര്‍ എന്താണോ കാണണമെന്ന് വിചാരിക്കുന്നത് അതിനെ മാറ്റി മറിക്കുകയാണ് സംവിധായകൻ ചെയ്യേണ്ടത്. എന്റെ ശൈലി ഇതാണ്. സിനിമ നിർമിക്കുന്നത് മാത്രമല്ല സംവിധാനം. എന്ത് കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാണെന്നാണ് എനിക്ക് തോന്നുന്നത്", എന്നും ലിജോ ജോസ് കൂട്ടിച്ചേർത്തു.
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പീരീഡ് ആക്ഷൻ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്ന് നിർമിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പി.എസ്. റഫീഖ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സേട്ട്, രാജീവ് പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.