തെളിവുകളുടെ അഭാവത്തെ തുടർന്നാണ് സിദ്ധരാമയ്യയ്ക്കും പങ്കാളി പാർവതി ബി.എമ്മിനും ലോകായുക്ത ക്ലീൻ ചിറ്റ് നല്‍കിയതെന്നാണ് റിപ്പോർട്ട്
മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. തെളിവുകളുടെ അഭാവത്തെ തുടർന്നാണ് സിദ്ധരാമയ്യയ്ക്കും പങ്കാളി പാർവതി ബി.എമ്മിനും ലോകായുക്ത ക്ലീൻ ചിറ്റ് നല്‍കിയതെന്നാണ് റിപ്പോർട്ട്.
ALSO READ: "എഐസിസി ഭാരവാഹികൾ ഉൾപ്പെടെ ഉത്തരവാദികൾ"; ഡൽഹി തെരഞ്ഞെടുപ്പ് തോൽവിയിൽ മല്ലികാർജുൻ ഖാർഗെ
കേസിൽ സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തക്ക് ജനുവരി 28 വരെ സമയം നൽകിയിരുന്നു. ബെംഗളൂരുവിലെ ആസ്ഥാനത്ത് ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിവരങ്ങൾ പുറത്തുവരുന്നത്. സിദ്ധരാമയ്യയും പങ്കാളുയും ഉൾപ്പെട്ട ഭൂമി കുംഭകോണക്കേസിൽ 138 ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചത്. നേരത്തെ മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ബദൽ സൈറ്റുകൾ അനുവദിച്ച കേസിൽ അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
നഗര വികസനത്തിന് ഭൂമി വിട്ടുകൊടുത്തതിന് പകരം മൈസുരു അര്‍ബൻ ഡെവലപ്മെന്റ് അതോറിറ്റി പത്തിരട്ടിയിലേറെ മൂല്യമുള്ള ഭൂമി അനുവദിച്ചത് വഴി വ്യക്തികൾക്ക് ലാഭമുണ്ടാക്കി, സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കി എന്നിവയാണ് സിദ്ധരാമയ്യയ്ക്കും പങ്കാളിയ്ക്കും എതിരായ കേസ്. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയേക്കാൾ വളരെ ഉയർന്നതായിരുന്നു എന്നും, അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ.
കേസിൽ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി.എം. പാർവതി, ഭാര്യ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ യഥാക്രമം രണ്ടു മുതൽ നാലു വരെയും പ്രതികളാണ്. 1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി ഇ.ഡി കേസെടുത്തിരുന്നു.