അഞ്ചു വിക്കറ്റ് നേട്ടത്തോടെ മുഹമ്മദ് ഷമിയും സെഞ്ചുറിയുമായി ശുഭ്മാൻ ഗില്ലുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ വിജയത്തുടക്കവുമായി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് പടുത്തുയർത്തിയ 229 വിജയലക്ഷ്യം 21 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. അഞ്ചു വിക്കറ്റ് നേട്ടത്തോടെ മുഹമ്മദ് ഷമിയും സെഞ്ചുറിയുമായി ശുഭ്മാൻ ഗില്ലുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. വിജയത്തോടെ ഇന്ത്യക്ക് ച്യാംപ്യൻഷിപ്പിൽ +0.408 നെറ്റ് റൺ റേറ്റ് ലഭിച്ചു. ഫീൽഡിങ്ങിലെ പിഴവ് ഒഴിവാക്കിയിരുന്നെങ്കിൽ റൺ റേറ്റ് ഇതിലും ഉയരുമായിരുന്നു. ഫെബ്രുവരി 23 ന് ഇതേ വേദിയിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഫെബ്രുവരി 24 ന് റാവൽപിണ്ടിയിൽ ന്യൂസിലൻഡാണ് ബംഗ്ലാദേശിന്‍റെ എതിരാളികള്‍.
229 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് രോഹിത് ശർമയും ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 36 പന്തിൽ 41 റൺസ് അടിച്ചെടുത്ത രോഹിത്ത് തസ്‌കിന്‍ അഹ്‌മദിന്റെ പത്താം ഓവറിൽ കവറിൽ നിന്നിരുന്ന റിഷാദ് ഹുസൈന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. അപ്പോഴും റിസ്കി ഷോട്ടുകൾ ഒഴിവാക്കി ഗില്ല് കളി തുടർന്നു. രോഹിത്തിന് പിന്നാലെ എത്തിയ കോഹ്‌ലി ഒരിക്കൽ കൂടി ലെഗ് സ്പിന്നിൽ കുടുങ്ങി. വൈകി കട്ട് ചെയ്ത റിഷാദ് ഹുസൈന്റെ പന്ത് സൗമ്യം സർക്കാരിന്റെ കൈകളിൽ ഒതുങ്ങി. 38 പന്തിൽ 28 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. അക്സർ പട്ടേലിനെയും (8) റിഷാദ് ഹുസൈനാണ് പുറത്താക്കിയത്. എന്നാൽ കെ.എൽ. രാഹുൽ (41) ഗില്ലിന് മികച്ച പിന്തുണ നൽകി. 47 പന്തില്‍ ഒരു ഫോറും രണ്ടു സിക്സുമാണ് രാഹുല്‍ നേടിയത്.
125 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്സുമായി സെഞ്ചുറി തികച്ച ഗില്ല് 129 റണ്‍സുമായി പുറത്താകാതെ നിന്നു. ഏകദിനത്തിൽ എട്ടാം സെഞ്ചുറി നേടിയ ഗില്ലിന്‍റെ ഏറ്റവും വേഗത കുറഞ്ഞ നൂറ് കൂടിയാണിത്. ഏകദിനത്തിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറിയും. 46.3 ഓവറില്‍ ഇന്ത്യ ബംഗ്ലാ സ്കോർ മറികടന്നു. ബംഗ്ലാദേശിനായി തസ്‌കിന്‍ അഹ്‌മദ് (1), മുസ്താഫിസുര്‍ റഹ്‌മാന്‍ (1), റിഷാദ് ഹുസൈൻ (2) എന്നിവരാണ് വിക്കറ്റുകൾ നേടിയത്. ശുഭ്മാൻ ഗില്ലാണ് കളിയിലെ താരം.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 2023 ലോകകപ്പിനു ശേഷം തുടർച്ചയായ 11 മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ഇതോടെ ഇന്ത്യ 2011 മുതൽ 2013 വരെ 11 തവണ ടോസ് നഷ്ടപ്പെട്ട നെതർലാൻഡ്സിനൊപ്പമെത്തി. ടോസ് നേടിയെങ്കിലും വിചാരിച്ച തുടക്കമല്ല ബംഗ്ലാദേശിന് ലഭിച്ചത്. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ സൗമ്യ സർക്കാർ പൂജ്യത്തിന് പുറത്തായി. തുടർന്ന് ഷമിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളർമാർ ആക്രമണം അഴിച്ചുവിട്ടതോടെ, പവർ പ്ലേയിൽ ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകളാണ് വീണത്. ഒൻപതാം ഓവറിൽ അക്സർ പട്ടേൽ ഹാട്രിക് നേട്ടത്തിന്റെ അരികിലെത്തി. ഓപ്പണർ തൻസിദ് ഹസനെ രണ്ടാം പന്തിൽ അക്സർ രാഹുലിന്റെ കൈകളിലെത്തിച്ചു.തൊട്ടടുത്ത പന്തിൽ മുഷ്‍ഫിഖർ റഹീമും. എന്നാൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഫീൽഡിങ് പിഴിൽ ജാകെർ അലിയുടെ വിക്കറ്റും ഹാട്രിക്കും അക്സറിന് നഷ്ടമായി.
Also Read: കാത്തിരുന്ന് കിട്ടിയ ടൂര്‍ണമെന്റില്‍ തോറ്റു തുടക്കം; അത്ര എളുപ്പമല്ല പാകിസ്ഥാന്റെ കാര്യം
കളിയുടെ ഒരു ഘട്ടത്തിൽ 100ൽ താഴെ അവസാനിക്കുമെന്ന് കരുതിയിരുന്ന ബംഗ്ലാദേശ് സ്കോർ 200 കടത്തിയത് ഇന്ത്യയുടെ ഫീൽഡിങ്ങ് പിഴവുകളാണ്. മധ്യനിരയിൽ തൗഹിദ് ഹൃദോയിയും ജാകെർ അലിയും ഫീൽഡിലെ പിഴവുകൾ സ്കോറാക്കി മാറ്റി. സെഞ്ചുറിയുമായി ഹൃദോയിയും അർധ സെഞ്ചുറിയുമായി അലിയും കളം നിറഞ്ഞു. കുൽദീപ് യാദവ് എറിഞ്ഞ 20-ാം ഓവറിൽ ഹൃദോയി നൽകിയ ക്യാച്ച് ഹർദിക് പാണ്ഡ്യ വിട്ടുകളഞ്ഞിരുന്നു. ഒടുവിൽ 43-ാം ഓവറിൽ ഷമിയുടെ പന്തിൽ വിരാട് കോഹ്‍ലി ക്യാച്ചെടുത്താണ് അലി പുറത്താകുന്നത്. കോഹ്‌ലിയുടെ 156-ാമത്തെ ഏകദിന ക്യാച്ചും കൂടിയാണിത്. ഇതോടെ മുഹമ്മദ് അസ്ഹറുദ്ദീനോടൊപ്പം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരമായി കോഹ്ലി. 113 പന്തിലാണ് ഹൃദോയി ഏകദിനത്തിലെ കന്നി സെഞ്ചുറി സ്വന്തമാക്കിയത്. ചാംപ്യൻസ് ട്രോഫി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ഒൻപതാമത്തെ താരവുമായി. 118 പന്തിൽ 100 റൺസുമായി നിന്ന ഹൃദോയിയെ റാണ ഷമിയുടെ കൈയിലെത്തിക്കുകയായിരുന്നു. റിഷാദ് ഹൊസൈൻ (18), തൻസിം ഹസൻ സാകിബ് (0), തസ്കിൻ അഹ്മദ് (3), മുസ്തഫിസുർ റഹ്മാൻ (പുറത്താകാതെ 0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോർ. 49.4 ഓവറിൽ 228 റൺസിൽ ബംഗ്ലാദേശിന്റെ ബാറ്റിങ് അവസാനിച്ചു.
മുഹമ്മദ് ഷമിയുടെ ഗംഭീര തിരിച്ചുവരവ് കണ്ട മത്സരവുമായിരുന്നുവിത്. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി. അതിവേഗത്തിൽ 200 വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡും, ഏറ്റവും കുറഞ്ഞ ബോളുകളിൽനിന്ന് 200 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡും ഷമി സ്വന്തമാക്കി. പരിക്കേറ്റ ബുമ്രയ്ക്കു പകരം ടീമിലിടം പിടിച്ച ഹർഷിത് റാണ മൂന്നും, അക്സർ പട്ടേൽ രണ്ട് വിക്കറ്റും നേടി.