വര്‍ഗീയതയും ഫാസിസവും കടന്നുവരാന്‍ അനുവദിക്കരുതെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. തിരുവനന്തപുരത്ത് നിയമസഭാ സാഹിത്യ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയെ ചെറുക്കാനുള്ള സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും ശ്രമങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയും ഫാസിസവും ഈ പുണ്യഭൂമിയിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്. ദൈവങ്ങളും അതാണ് ആഗ്രഹിക്കുന്നത്. ജനനന്മയാണ് എഴുത്തുകാരുടെ ലക്ഷ്യം. എഴുത്തുകാര്‍ സര്‍ക്കാരായും പ്രതിപക്ഷമായും നില്‍ക്കണം. ഒരുപാട് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നിയമസഭ നല്‍കിയ ഈ പുരസ്‌കാരം ഒരുപാട് വിലപ്പെട്ടതാണ്.
എഴുതി എഴുതിയാണ് തന്റെ മുടി നരച്ചത്. എഴുതിയില്ലായിരുന്നെങ്കില്‍ ഈ മുടി ഇപ്പോഴും കറുത്ത് ഇരുന്നേനെ. ഒന്നല്ല രണ്ടല്ല അറുപതോളം വര്‍ഷങ്ങളായി എഴുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായാണ് എം. മുകുന്ദന് നിയമസഭാ സാഹിത്യ പുരസ്‌കാരം നല്‍കിയത്. കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.
ജനുവരി 7 മുതല്‍ 13 വരെയാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം. പുസ്തകോത്സവത്തില്‍ 250ലധികം സ്റ്റാളുകളിലായി 150ഓളം ദേശീയ, അന്തര്‍ ദേശീയ പ്രസാധകര്‍ പങ്കെടുക്കും. ഒരാഴ്ചക്കാലം നടക്കുന്ന പുസ്തകോത്സവത്തില്‍ പാനല്‍ ചര്‍ച്ചകള്‍, കെഎല്‍ഐബിഇ ഡയലോഗ്സ്, കെഎല്‍ഐബിഎഫ് ടോക്ക്, എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം, മീറ്റ് ദ ഓദര്‍, സ്മൃതി സന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥ പറയും പാട്ടുകള്‍, കഥയരങ്ങ്, ഏകപാത്ര നാടകം, ഭാവിയുടെ വാഗ്ദാനം, സിനിമയും ജീവിതവും എന്നിങ്ങനെ വിവിധ ചെറുവേദികളില്‍ എഴുപതുകളിലധികം പരിപാടികളും നടക്കും.