വ്യക്തികളുടെ രാഷ്ട്രീയം സൈബർ ബുള്ളിയിങ്ങിനു കാരണമാകുന്നതായും മാലാ പാർവതി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു
സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപത്തിൽ പരാതി നൽകി നടി മാലാ പാർവതിയും. യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് താഴെ ഫേക്ക് അക്കൗണ്ടിൽ നിന്നും മോശം കമന്റിലൂടെ അധിക്ഷേപിച്ചെന്നാണ് പരാതി. സാമൂഹ്യ മാധ്യമങ്ങളിലെ മുഖം മൂടികളെ എന്ത് ചെയ്യണമെന്ന് പൊലീസിനും അറിയില്ല. വ്യക്തികളുടെ രാഷ്ട്രീയം സൈബർ ബുള്ളിയിങ്ങിനു കാരണമാകുന്നതായും മാലാ പാർവതി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ALSO READ: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍
ഫിലിമി ന്യൂസ് ആൻഡ് ഗോസിപ്പ് എന്ന യൂട്യൂബ് ചാനലിൽ വന്ന വീഡിയോയ്ക്ക് താഴെയാണ് അശ്ലീല ചുവയുള്ള കമന്‍റുകൾ 'ടൈഗർ ടൈഗർ' എന്ന ഫേക്ക് അക്കൗണ്ടിൽ നിന്നും വരുന്നത്. നിയമ നടപടിയുമായി മുന്നോട്ടു പോകും എന്ന മറുപടിയുമായി നടി നേരിട്ട് കമന്റിനു താഴെ എത്തുകയും ചെയ്‌തു. തിരുവനന്തപുരം സിറ്റി പൊലീസിൽ സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകാനെത്തിയ നടിയോട് കേസുമായി മുന്നോട്ട് പോകുന്നതിലെ സാങ്കേതിക തടസങ്ങളാണ് പൊലീസ് വിശദീകരിച്ചത്.
പൊതു മധ്യത്തിൽ ഇടപെടന്ന സ്ത്രീകളുടെ രാഷ്ട്രീയവും നിലപാടുകളും അധിക്ഷേപത്തിന് കാരണമാകുന്നു. വ്യക്തിപരമായ വെറുപ്പും തെറിയുടെ ഭാഷയിൽ അധിക്ഷേപമായി സോഷ്യൽ മീഡിയയിൽ എത്തുന്നു. അതിന് കവചമൊരുക്കുകയാണ് ഫേക്ക് അക്കൗണ്ടുകൾ എന്നും നടി പ്രതികരിച്ചു.
BNS 75, 79, IT ആക്ട് 67, കേരളാ പൊലീസ് ആക്ട് 120 പ്രകാരമാണ് നടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ എത്തിക്കുന്നത് വരെയും നിയമ പോരാട്ടവുമായി മുന്നോട്ട് പോകാനാണ് മാലാ പാർവതിയുടെ തീരുമാനം.