2022ല്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്‌സ അമീനിയുടെ മരണത്തില്‍ പ്രതിഷേധിച്ചവരും മറ്റു വിമത നേതാക്കളുമെല്ലാം 2024ല്‍ തൂക്കിലേറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഇറാനില്‍ 2024-ല്‍ മാത്രം തൂക്കിലേറ്റിയത് 901 പേരെയെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഐക്യരാഷ്ട്ര സഭ. ഡിസംബറിലെ ഒരാഴ്ച മാത്രം 40 പേരാണ് വധശിക്ഷയ്ക്ക് വിധേയരായത്.
ഇറാനില്‍ കഴിഞ്ഞ വര്‍ഷം വധശിക്ഷയ്ക്ക് വിധേയരായവരിൽ അധികവും ലഹരി മരുന്നുമായി ബന്ധപ്പെട്ട് ശിക്ഷയില്‍ കഴിഞ്ഞിരുന്നവരും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുമാണെന്നാണ് കണക്കുകള്‍. ഇതിന് പുറമെ 2022ല്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്‌സ അമീനിയുടെ മരണത്തില്‍ പ്രതിഷേധിച്ചവരും മറ്റു വിമത നേതാക്കളുമെല്ലാം 2024ല്‍ തൂക്കിലേറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഇറാന്‍ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിധശിക്ഷയ്ക്ക് വിധേയരാകുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 31 സ്ത്രീകളെയാണ് തൂക്കിലേറ്റിയത്.
ഇറാനില്‍ വധശിക്ഷയില്‍ വര്‍ധനവുണ്ടാവുന്ന സംഭവം അത്യധികം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോക്കര്‍ ടര്‍ക്ക് പറഞ്ഞു.
2023ല്‍ 853 പേരായിരുന്നു തൂക്കിലേറ്റപ്പെട്ടത്. എന്നാല്‍ നിലവില്‍ 2015ലാണ് ഏറ്റവും കൂടുതല്‍ പേര്‍ തൂക്കിലേറ്റപ്പെട്ടത്. 2015ല്‍ 972 പേരാണ് ഇറാനില്‍ തൂക്കിലേറ്റപ്പെട്ടത്.