നാല് മാസമായി ശമ്പളം മുടങ്ങിയ ഫോറസ്റ്റ് വാച്ചര്‍മാരുടെ ജീവിതം ദുരിതത്തിലാണെന്ന് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു
പാലക്കാട് ഫോറസ്റ്റ് ഡിവിഷനിലെ വാച്ചര്‍മാര്‍ക്ക് മുടങ്ങിക്കിടന്ന ശമ്പള കുടിശ്ശിക വിതരണം ചെയ്തു തുടങ്ങി. മൂന്ന് മാസത്തെ ശമ്പളമാണ് ഇതുവരെ നല്‍കിയത്. ഒരു മാസത്തെ ശമ്പള കുടിശ്ശിക നൽകാൻ ബാക്കിയാണ്. നാല് മാസമായി ശമ്പളം മുടങ്ങിയ ഫോറസ്റ്റ് വാച്ചര്‍മാരുടെ ജീവിതം ദുരിതത്തിലാണെന്ന് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് ശമ്പളം വിതരണം ചെയ്യാനുള്ള നടപടി.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വനംവകുപ്പില്‍ നിന്നും ഫണ്ട് ലഭിക്കാതായതോടെയാണ് വാച്ചര്‍മാരുടെ ശമ്പള വിതരണം മുടങ്ങിയത്. ശമ്പളം മുടങ്ങിയതോടെ നിത്യ ചെലവിന് പോലും പണമില്ലാതെ വലയുകയായിരുന്നു വാച്ചര്‍മാര്‍.
പാലക്കാട് ജില്ലയിലെ ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് കഴിഞ്ഞ ഓണത്തിന് മുന്‍പായിരുന്നു അവസാനമായി ശമ്പളം കിട്ടിയത്. നാല് മാസം കഴിഞ്ഞിട്ടും ഒരു രൂപ പോലും കൂലിയായി കിട്ടിയില്ല. കാട്ടാന നാട്ടിലിറങ്ങിയാല്‍ ഓടിക്കാനും, അടിക്കാട് വെട്ടാനും, വൈദ്യുത വേലിയുടെ സംരക്ഷണ ജോലികള്‍ക്കും, കാട്ടുതീ വരാതെ സൂക്ഷിക്കാനുമെല്ലാം പൊരി വെയിലത്ത് മുടങ്ങാതെ പണിയെടുക്കേണ്ടി വരുന്നുമുണ്ട് ഇവര്‍ക്ക്.
ALSO READ: EXCLUSIVE | ശമ്പളം കിട്ടിയിട്ട് നാല് മാസം; പാലക്കാട് ഫോറസ്റ്റ് വാച്ചര്‍മാര്‍ ദുരിതത്തില്‍
ശമ്പളം മുടങ്ങിയതിനാല്‍ ഉദ്യോഗസ്ഥരുടെയും, വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും കനിവ് കൊണ്ടാണ് വാച്ചര്‍മാരുടെ ജീവിതം മുന്നോട്ടു പോയിരുന്നത്. ജോലി സ്ഥലത്തേക്ക് പോകാന്‍ വണ്ടിക്കൂലി ഉള്‍പ്പടെ കടം വാങ്ങേണ്ട അവസ്ഥയിലായിരുന്നു. ഇതിനാണ് ഇപ്പോള്‍ അറുതി വന്നിരിക്കുന്നത്.
ഒരു ദിവസം പണിയെടുത്താല്‍ കിട്ടുന്നത് 740 രൂപയാണ്. പാലക്കാട് ഡിവിഷനില്‍ ഒരു മാസം 23 ദിവസമാണ് ഒരാള്‍ക്ക് പരമാവധി ജോലി ചെയ്യാന്‍ കഴിയുക. അതായത് പ്രതിമാസം 17,000 രൂപ ലഭിക്കും. ഇതാണ് നാല് മാസമായി മുടങ്ങിക്കിടക്കുന്നത്. പാലക്കാട് മാത്രമല്ല, മറ്റ് ജില്ലകളിലും ശമ്പളം മുടങ്ങിയിട്ടുണ്ട് എന്നാണ് വാച്ചര്‍മാര്‍ പറയുന്നത്.