തമിഴ്നാട് തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്
കൊല്ലം കരുനാഗപ്പള്ളി സന്തോഷ് കൊലപാതകക്കേസിൽ മുഖ്യപ്രതി അലുവ അതുൽ പിടിയിൽ. തമിഴ്നാട് തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മാർച്ച് 27നാണ് താച്ചയിൽ മുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെട്ടത്. കാറിലെത്തിയ അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറുകയും, സന്തോഷിനെവെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ഇതേ കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യം ആണെന്നാണ് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നത്. ഇതാണ് ക്വട്ടേഷൻ കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്താൻ കാരണം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങൾ വർഷങ്ങളയുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് കൊണ്ടെത്തിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം.
മുഖം മൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് സന്തോഷിൻ്റെ അമ്മ ഓമന പറഞ്ഞു. അക്രമികൾ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞുവെന്നും, മുമ്പും വീട്ടിൽ എത്തി മകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു എന്നും അമ്മ ഓമന വെളിപ്പെടുത്തിയിരുന്നു. മൺവെട്ടി ഉപയോഗിച്ചാണ് സന്തോഷിൻ്റെ മുറിയുടെ വാതിൽ തകർത്തത്. വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് എഫ്ഐആറിലുള്ളത്.
ഓച്ചിറ സ്വദേശി കുക്കു എന്ന മനുവിൻ്റെ വീട്ടിൽ വെച്ചാണ് പ്രതികൾ കൊലപാതകത്തിന് തയ്യാറെടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചെന്നും നിഗമനം.