മുഖ്യമന്ത്രിയുടെ പ്രസ്താവനകളായി ആ വരികൾ ഉൾപ്പെടുത്തിയത് മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും എഡിറ്റർ അറിയിച്ചു
മലപ്പുറത്തെക്കുറിച്ച് കേരള മുഖ്യമന്ത്രിയുടേതെന്ന പേരിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ തെറ്റ് സംഭവിച്ചെന്ന് വിശദീകരണ കുറിപ്പിറക്കി 'ദി ഹിന്ദു'. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്ന് തെറ്റിദ്ധരിപ്പിച്ച് പി.ആർ ഏജൻസി നൽകിയ വാർത്തയുടെ നിജസ്ഥിതി ഉറപ്പുവരുത്തുന്നതിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചെന്നും പത്രം ഖേദം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പിആർ ഏജൻസിയായ 'കൈസൻ' ദി ഹിന്ദുവിനെ സമീപിച്ചിരുന്നുവെന്ന് ദി ഹിന്ദുവിന്റെ എഡിറ്റർ വിശദീകരണക്കുറിപ്പിൽ അറിയിച്ചു. സെപ്തംബർ 29ന് രാവിലെ 9 മണിക്കാണ് കേരള ഹൗസിൽ വെച്ച് പത്രത്തിൻ്റെ മാധ്യമ പ്രവർത്തക മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തിയത്.
പിആർ പ്രതിനിധികളിലൊരാൾ സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താൻ അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ഉൾപ്പെടുത്താനുള്ള അപേക്ഷ പ്രതിനിധി രേഖാമൂലം നൽകി. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രസ്താവനകളായി ആ വരികൾ ഉൾപ്പെടുത്തിയത് മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും എഡിറ്റർ അറിയിച്ചു.
കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 150 കിലോഗ്രാം സ്വര്‍ണവും 123 കോടി രൂപയുടെ ഹവാല പണവും കേരള പൊലീസ് പിടികൂടിയെന്നും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കേരളത്തിലേക്ക് ഇത്തരത്തില്‍ പണം കടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്തത്. ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ALSO READ: സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു: പിണറായി വിജയൻ
'ദി ഹിന്ദു' എഡിറ്ററുടെ ഖേദപ്രകടനം:
മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പിആർ ഏജൻസിയായ 'കൈസൻ' ദി ഹിന്ദുവിനെ സമീപിച്ചിരുന്നു. സെപ്തംബർ 29ന് രാവിലെ 9 മണിക്ക് കേരള ഹൗസിൽ വെച്ച് ഞങ്ങളുടെ മാധ്യമപ്രവർത്തക മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തി. അവിടെ മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. അഭിമുഖം ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്നു.
തുടർന്ന്, പിആർ പ്രതിനിധികളിലൊരാൾ സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താൻ അഭ്യർത്ഥിച്ചു. ഇത് യഥാർത്ഥത്തിൽ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ഉൾപ്പെടുത്താനുള്ള അപേക്ഷ പ്രതിനിധി രേഖാമൂലം നൽകി. ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിരസിച്ചത് ഇതേ വരികളാണ്. അന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനകളായി ആ വരികൾ ഉൾപ്പെടുത്തിയത് മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്. അത് സംഭവിക്കാൻ പാടില്ലായിരുന്നു. ഈ തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.
ALSO READ: വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു; ഹിന്ദു പത്രത്തിലെ അഭിമുഖത്തിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്