കോൺഗ്രസിൻ്റെ പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധത പുലർത്തുകയും പ്രതികൂല സാഹചര്യങ്ങളിലും പാറപോലെ നിൽക്കുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും ഖാർഗെ ഊന്നിപ്പറഞ്ഞു
തെരഞ്ഞെടുപ്പ് തോൽവിക്ക് എഐസിസി ഭാരവാഹികൾക്കും ഉത്തരവാദിത്തം ഉണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രതിസന്ധി ഘട്ടത്തിൽ ഒളിച്ചോടുന്നവരെ കരുതിയിരിക്കണമെന്നും മല്ലികാജുൻ ഖാർഗെ പറഞ്ഞു. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനം, ഇന്ദിരാ ഭവനിൽ നടന്ന ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ളവരുടെയും യോഗത്തിലെ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിൻ്റെ പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധത പുലർത്തുകയും പ്രതികൂല സാഹചര്യങ്ങളിലും പാറപോലെ നിൽക്കുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും ഖാർഗെ ഊന്നിപ്പറഞ്ഞു. സംഘടനയിൽ ചില മാറ്റങ്ങളുണ്ടാകുമെന്ന് ഖാർഗെ സൂചിപ്പിച്ചു, ചില മാറ്റങ്ങൾ ഇതിനകം തന്നെ സംഭവിച്ചുവെന്നും മറ്റു ചിലത് സംഭവിക്കാൻ പോകുന്നുവെന്നും ഖാർഗെ പറഞ്ഞു. സംഭടനിയിൽ അടുത്തിടെ പുതിയ ഭാരവാഹികളെ സംഘടന കൊണ്ടുവന്നിരുന്നു.
നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഉൾപ്പെടെ മല്ലികാജുൻ ഖാഗെ വീണ്ടും ഉന്നയിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും വോട്ടെടുപ്പിലും വോട്ടെണ്ണലിലും ബിജെപി കൃത്രിമം നടത്തുന്നതായി ആവർത്തിച്ച് ആരോപിച്ചിരുന്നു.
പ്രതിപക്ഷ നേതാവും മുൻ കോൺഗ്രസ് അധ്യക്ഷനും രാഹുൽ ഗാന്ധി, മുതിർന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ജയറാം രമേശ്, വിവിധ സംസ്ഥാനങ്ങളിലെ ജനറൽ സെക്രട്ടറിമാരും ചുമതലയുള്ളവരും യോഗത്തിൽ പങ്കെടുത്തു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് മൂന്നാം തവണയാണ് കോൺഗ്രസ് ഒരു സീറ്റ് നേടുന്നതിൽ പരാജയപ്പെടുന്നത്. ബീഹാർ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചത്.
ALSO READ: ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
അതേസമയം, ഡൽഹിയിൽ പുതിയ മുഖ്യമന്ത്രി ആരെന്നതിൽ ബിജെപിയിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. രാത്രി ചേരുന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. തുടർന്ന് നാളെ രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. സത്യപ്രതിജ്ഞ ചടങ്ങിന്റെ ക്രമീകരണങ്ങൾക്കായി ബിജെപി ജനറൽ സെക്രട്ടറിമാരായ വിനോദ് തവ്‌ഡെ, തരുൺ ചുഗ് എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിലായതിനാലാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത്.