മമതയുടെ പരാമർശങ്ങള്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചർച്ചയായിരുക്കുകയാണ്. ബിജെപിയും സിപിഎമ്മും മമതയ്ക്കെതിരെ രംഗത്തുവന്നു
കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ വിവാദ പ്രസ്താവന. ജനങ്ങളോട് (ദുർഗ) പൂജയിലേക്ക് മടങ്ങാനുള്ള മമതയുടെ ആഹ്വാനമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
"സംഭവം നടന്നിട്ട് ഒരു മാസം കഴിഞ്ഞു. നിങ്ങളോട് പൂജയിലേക്ക് മടങ്ങാനും ഉത്സവത്തിന്‍റെ പരിപാടികളിലേക്ക് കടക്കാനും ഞാന്‍ അഭ്യർഥിക്കുന്നു. എത്രയും പെട്ടെന്ന് നീതി ഉറപ്പാക്കാന്‍ സിബിഐയോടും ഞാന്‍ അഭ്യർഥിക്കുന്നു", മമത മാധ്യമങ്ങളിലൂടെ ജനങ്ങളോട് പറഞ്ഞു.
ആർജി കർ മെഡിക്കല്‍ കോളേജിലെ ജൂനിയർ ഡോക്ടർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെയും മമത അഭിസംബോധന ചെയ്തു. "നിങ്ങള്‍ എല്ലാ രാത്രിയും റോഡില്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയാല്‍ ഒരുപാട് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. പല സ്ഥലങ്ങളിലും വയോധികർ താമസിക്കുന്നുണ്ട്. നിങ്ങള്‍ മൈക്രോഫോണുകള്‍ ഉപയോഗിച്ചാല്‍ അവരുടെ ഉറക്കത്തിന് പ്രശ്നമുണ്ടാകും. പത്ത് മണിക്ക് ശേഷം മൈക്രോഫോണ്‍ ഉപയോഗിക്കരുതെന്ന് മലിനീകരണ നിയന്ത്രണ ചട്ടങ്ങളുണ്ട്. നമ്മള്‍ എല്ലാം പരിശോധിച്ചു. ഇതിപ്പോള്‍ ഒരു മാസം കഴിഞ്ഞു."
അന്വേഷണം ഇപ്പോള്‍ സിബിഐയുടെ കയ്യിലാണെന്ന് മമത പറഞ്ഞു. പീഡിപ്പിക്കപ്പെട്ട സ്ത്രീക്ക് നീതി ലഭിക്കണം. "അതിവേഗ കോടതി വഴി ദയവ് ചെയ്ത് നീതി ഉറപ്പാക്കൂ. ലോകം മുഴുവന്‍ ബംഗാള്‍ അപമാനിക്കപ്പെടുകയാണ്. അതിനായി വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ട്. ഇവിടെ പഠിച്ചവർ, ഉണ്ടവർ, ഇവിടെ നിന്നും വെളിയില്‍ പോയി ബംഗാളിനെ അപമാനിക്കുന്നു", മമത പറഞ്ഞു.
മമതയുടെ പ്രസ്താവനകളെ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ രൂക്ഷമായി വിമർശിച്ചു. :"ഞങ്ങള്‍ക്ക് മകളെ നഷ്ടമായപ്പോഴാണോ നിങ്ങളുടെ ഉത്സവം? ഞങ്ങളുടെ മകളെ അവർ തിരികെ തരട്ടെ. അവരുടെ കുടുംബത്തിലാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇങ്ങനെ പറയുമോ? മകള്‍ക്കൊപ്പമാണ് ഞങ്ങള്‍ ദുർഗാ പൂജ ആഘോഷിച്ചിരുന്നത്. ഇനി വരുന്ന വർഷങ്ങളില്‍ ഞങ്ങള്‍ ദുർഗാ പൂജയോ മറ്റ് ഉത്സവങ്ങളോ ആഘോഷിക്കില്ല. നിർവികാരമായ പരാമർശങ്ങളാണ് അവർ നടത്തിയത്", മാതാപിതാക്കള്‍ പിടിഐയോട് പറഞ്ഞു.
ALSO READ: 'സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല, കേന്ദ്ര സേനയെ പിൻവലിക്കണം'; ഇംഫാലിൽ പ്രതിഷേധവുമായി വിദ്യാർഥികൾ
മമതയുടെ പരാമർശങ്ങള്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചർച്ചയായിരിക്കുകയാണ്. ബിജെപിയും സിപിഎമ്മും മമതയ്ക്കെതിരെ രംഗത്തുവന്നു. മമത ജനങ്ങളെ പാവകളെപ്പോലെയാണ് കാണുന്നതെന്ന് ബിജെപി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി പറഞ്ഞു. ജനകീയ പ്രക്ഷോഭങ്ങള്‍ അവസാനിക്കുമെന്നും ജനങ്ങള്‍ ആഘോഷങ്ങളിലേക്ക് കടക്കുമെന്നുമാണ് മമത പ്രതീക്ഷിക്കുന്നതെന്ന് സിപിഎം നേതാവ് സുജന്‍ ചക്രബർത്തി വിമർശിച്ചു.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ബംഗാള്‍ സർക്കാർ തല്‍സ്ഥിതി റിപ്പോർട്ട് നല്കിയിരുന്നു. റിപ്പോർട്ട് പ്രകാരം, ജൂനിയർ ഡോക്ടർമാർ പണിമുടക്കിയത് കാരണം പശ്ചിമ ബംഗാളില്‍ 23 പേർ മരിച്ചുവെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ച കോടതി, ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് ഡോക്ടർമാർ ആശുപത്രി ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് അന്ത്യശാസനം നല്‍കി. എന്നാല്‍, പ്രതിഷേധം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ പ്രഖ്യാപിച്ചു. ഒരു മാസമായി ബംഗാളില്‍ ജൂനിയർ ഡോക്ടടർമാർ പണിമുടക്കിലാണ്.