fbwpx
മമതയുടെ പ്രധാനമന്ത്രിക്കുള്ള കത്ത്; ഉള്ളടക്കത്തിലെ വസ്തുതാപരമായ പിശകുകള്‍ ചൂണ്ടിക്കാട്ടി വനിത ശിശു വികസന മന്ത്രാലയം
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Aug, 2024 07:54 AM

മമത ബാനർജി പ്രധാനമന്ത്രിക്ക് അയക്കുന്ന രണ്ടാമത്തെ കത്തായിരുന്നു ഇത്. ഓഗസ്റ്റ് 22നാണ് ബലാത്സംഗത്തിന് എതിരെ ശക്തമായ നിയമസംവിധാനം കേന്ദ്രം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മമത ആദ്യം പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്

NATIONAL


പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ കത്തിനോട് പ്രതികരിച്ച് കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം. കത്തില്‍ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളിലെ വസ്തുതാപരമായ പിശകുകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് മന്ത്രാലയം ചെയ്തത്. ബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കർശനമായ ശിക്ഷാ നടപടികള്‍ കൊണ്ട് വരണമെന്നും അതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുമായിരുന്നു മമത പ്രധാനമന്ത്രിക്കയച്ച കത്തിന്‍റെ ഉള്ളടക്കം. ബംഗാളിലെ ജൂനിയർ ഡോക്ടറിന്‍റെ ബലാത്സംഗക്കൊലയുടെ പശ്ചാത്തലത്തിലായിരുന്നു മമതയുടെ കത്ത്.

പശ്ചിമ ബംഗാള്‍ സർക്കാർ ഈ വിഷയം അഭിസംബോധന ചെയ്ത് കൈക്കൊണ്ട നടപടികളെപ്പറ്റി കത്തില്‍ വിശദീകരിച്ചിരുന്നു. 10 പോക്സോ കോടതികള്‍, 88 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍, 62 പോക്സോ കോടതികള്‍ എന്നിവ സ്ഥാപിച്ചതിനെപ്പറ്റിയും മമത കത്തില്‍ പറയുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഈ കോടതികളിലേക്ക് സ്ഥിരം ജുഡീഷ്യല്‍ ഓഫീസർമാരെ നിയമിക്കണമെന്നുമാണ് മമതയുടെ ആവശ്യം.

എന്നാല്‍, വനിത ശിശു ക്ഷേമ മന്ത്രാലയം കത്തിലെ വസ്തുതാപരമായ പിഴവുകളും സംസ്ഥാന സർക്കാരിന്‍റെ അനാസ്ഥകളും ചൂണ്ടിക്കാട്ടിയാണ് മറുപടി നല്‍കിയത്. മമതയുടെ കത്തില്‍ പരാമർശിക്കുന്നതുപോലെ പശ്ചിമ ബംഗാളില്‍ 88 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളല്ലയുള്ളത്. കല്‍ക്കൊത്ത ഹൈക്കോടതിയില്‍ നിന്നും ലഭിച്ച വിവര പ്രകാരം ഇവ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ മാത്രമാണ്. അതുകൊണ്ടു തന്നെ കേന്ദ്ര പദ്ധതികളുടെ കീഴില്‍ വരുന്നില്ലെന്നുമായിരുന്നു വനിത ശിശു വികസന മന്ത്രി അന്നപൂർണ ദേവിയുടെ മറുപടി. ബംഗാളില്‍ രജിസ്റ്റർ ചെയ്ത 48,600 ബലാത്സംഗ, പോക്സോ കേസുകളില്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളേയോ പോക്സോ കോടതികളേയോ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. കത്തിന്‍റെ ഉള്ളടക്കം അതുകൊണ്ടു തന്നെ വസ്തുതാവിരുദ്ധമാണെന്നും സംസ്ഥാന സർക്കാരിന്‍റെ വീഴ്ചകളെ മറയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്ത്രീ സുരക്ഷയ്ക്കുള്ള നിയമ സംവിധാനങ്ങള്‍ പാലിക്കാത്തതിന് പശ്ചിമ ബംഗാളിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് അമിത് മാളവ്യയും മമതയെ കുറ്റപ്പെടുത്തി രംഗത്തെത്തി.

ALSO READ: ഡോക്ടറുടെ ബലാത്സംഗക്കൊല: "ഇത്രയും സെൻസിറ്റീവായ വിഷയത്തിൽ താങ്കളുടെ ഭാഗത്ത് യാതൊരു പ്രതികരണമുണ്ടായില്ല"; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മമതാ ബാനർജി

ഈ വിഷയത്തില്‍ മമത ബാനർജി പ്രധാനമന്ത്രിക്ക് അയക്കുന്ന രണ്ടാമത്തെ കത്തായിരുന്നു ഇത്. ഓഗസ്റ്റ് 22നാണ് ബലാത്സംഗത്തിന് എതിരെ ശക്തമായ നിയമസംവിധാനം കേന്ദ്രം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മമത ആദ്യം പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്. രണ്ട് കത്തിനും പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. വനിതാ ശിശു വികസന മന്ത്രാലയമാണ് കത്തുകള്‍ക്ക് മറുപടി നല്‍കിയത്. ഇത് അപര്യാപ്തമാണെന്നായിരുന്നു മമതയുടെ പ്രതികരണം. ഇത്രയും സെൻസിറ്റീവായ വിഷയത്തിൽ താങ്കളുടെ ഭാഗത്ത് യാതൊരു പ്രതികരണമുണ്ടായില്ലെന്ന് നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുകയും ചെയ്തു മമത.

ആഗസ്റ്റ് 9നാണ് ആർ.ജി. കർ മെഡിക്കല്‍ കേളേജിലെ സെമിനാർ ഹാളില്‍ പീഡിപ്പിച്ച നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടർന്ന് രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധം ആരംഭിച്ചു. സുരക്ഷിതമായ തൊഴിലിടവും ബലാത്സംഗ കൊലയില്‍ നീതിയും വേണമെന്നായിരുന്നു ഡോക്ടർമാരുടെ ആവശ്യം. മമത സർക്കാർ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും അരോപണം ഉയർന്നിരുന്നു.

എന്നാല്‍, സ്ത്രീ പീഡനത്തിന് വധശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന നിലപാടുമായി മമത രംഗത്ത് വന്നു. ഇതിന് പിന്നാലെ പൊലീസ് ഇടപെടലിനെ ചോദ്യം ചെയ്ത് തൃണമൂല്‍ സർക്കാരിനെതിരെ ബിജെപിയും പ്രതിഷേധം ശക്തമാക്കി. തുടർന്നായിരുന്നു സുപ്രീം കോടതി ഇടപെടലും സിബിഐ അന്വേഷണവും. നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയി ആണ് പ്രതിയെന്നാണ് പൊലീസ് നിഗമനം. കേസിലെ മറ്റ് ആരോപണങ്ങളും സാധ്യതകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

Also Read
user
Share This

Popular

KERALA
NATIONAL
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം