fbwpx
ചരിത്രവിധിയെഴുതി അമേരിക്ക; 5 കുട്ടികളെ കൊന്ന ആൻഡ്രിയയുടെ കൊലക്കുറ്റം റദ്ദാക്കി, ചികിത്സ ഉറപ്പാക്കി
logo

ഫൗസിയ മുസ്തഫ

Posted : 20 Dec, 2024 10:26 PM

നൂറ്റാണ്ടിലെ കുറ്റകൃത്യമെന്നാണ് ആൻഡ്രിയ എന്ന 37കാരി തന്റെ അഞ്ച് കുട്ടികളെ ബാത്ത് ടബ്ബിൽ മുക്കിക്കൊന്ന സംഭവത്തെ അവർ ഇന്നും അഭിസംബോധന ചെയ്യുന്നത്

KERALA


അമേരിക്കൻ നീതിന്യായ ചരിത്രത്തിലെ ആദ്യ പെരിനാറ്റൽ സൈക്കോസിസ് കുറ്റകൃത്യമായിരുന്നു ആൻഡ്രിയ കേസ്. അതുകൊണ്ട് തന്നെ നൂറ്റാണ്ടിലെ കുറ്റകൃത്യമെന്നാണ് ആൻഡ്രിയ എന്ന 37കാരി തന്റെ അഞ്ച് കുട്ടികളെ ബാത്ത് ടബ്ബിൽ മുക്കിക്കൊന്ന സംഭവത്തെ അവർ ഇന്നും അഭിസംബോധന ചെയ്യുന്നത്. 2001 ജൂൺ 20നായിരുന്നു ടെക്സാസ് സംസ്ഥാനത്തെ ഹൂസ്റ്റണിലെ വസതിയിൽ വെച്ച് ആൻഡ്രിയ തന്റെ അഞ്ചു കുട്ടികളെ കൊലപ്പെടുത്തി ലോക പൊലീസിനെ ഞെട്ടിച്ചത്.

സ്കീസോഫ്രീനിയ, പോസ്റ്റ്‌ പാർട്ടം ഡിപ്രഷൻ എന്നിവയ്ക്ക് ചികിത്സയിൽ ആയിരുന്നിട്ട് കൂടിയും അതൊന്നും വേണ്ട വിധം പരിശോധിക്കാതെ ആൻഡ്രിയയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതോടെ കേസ് പൊതുജനങ്ങളുടെ സൂക്ഷ്മ പരിശോധനയ്ക്കും ഒപ്പം വ്യാപക പ്രക്ഷോഭങ്ങൾക്കും കാരണമായി. തുടർന്ന് വധശിക്ഷ ഒഴിവാക്കിയെങ്കിലും 2002 മാർച്ചിൽ കൊലക്കുറ്റം ചുമത്തി 40 വർഷത്തേക്ക് ശിക്ഷിച്ച് ജയിലിലടച്ചു.

പ്രതിഷേധം കനത്തതോടെ കൊലക്കുറ്റം ചുമത്തിയ വിധിയും പുനഃപരിശോധിക്കാൻ കോടതിയും ഭരണകൂടവും നിർബന്ധിതമായി. കേവലം ഒരൊറ്റ മാസം കൊണ്ട് പുനരന്വേഷണം പൂർത്തിയാക്കി. 2006 ജൂലൈ 26ന് ആൻഡ്രിയയ്ക്ക് പോസ്റ്റ്‌ പാർട്ടം സൈക്കോസിസ് ഉണ്ടായിരുന്നുവെന്ന് ഫോറൻസിക് സൈക്യാട്രിസ്റ്റിന്റെ സഹായത്തോടെ സ്ഥിരീകരിച്ചു. സംഭവം നടന്നിട്ട് 23 വർഷങ്ങൾ പിന്നിട്ടു. നാസയിലെ എൻജിനീയറുടെ ഭാര്യയായിരുന്ന, ഇപ്പോൾ 60 വയസുള്ള ആൻഡ്രിയ പിയ യേറ്റ്സ് ഇന്ന് എവിടെയാണ്? എന്ത് ചെയ്യുകയാണ് എന്നറിയാം. ഒപ്പം ഈ കേസിൽ നിന്നും ഇന്ത്യ പോലുള്ള രാജ്യങ്ങൾ നിർബന്ധമായും കണ്ടു പഠിക്കേണ്ട പാഠങ്ങൾ എന്തെല്ലാമാണെന്നും കാണാം. ആൻഡ്രിയ കേസ് എല്ലാം കൊണ്ടും മികച്ച ഒരു പെരിനാറ്റൽ സൈക്കോസിസ് കേസ് സ്റ്റഡി തന്നെയാണ്.

നാസയിലെ എൻജിനീയറും സുവിശേഷ ക്രിസ്തുമത വിശ്വാസി കൂടിയായിരുന്ന റസ്സൽ യസ്റ്റിയും ഭാര്യ ആൻഡ്രിയ പിയ യേറ്റ്സും. "ദൈവം അനുവദിക്കുന്ന അത്രയും കുഞ്ഞുങ്ങൾക്കെല്ലാം ജന്മം നൽകും" എന്ന് ദൃഢപ്രതിഞ്ജയെടുത്ത ദമ്പതികളായിരുന്നു ഇവർ. 1999 ജൂണിൽ നാലാമത്തെ കുട്ടിയുടെ ജനനശേഷം ആൻഡ്രിയ വിഷാദരോഗം മൂർച്ഛിച്ചു രണ്ട് ആത്മഹത്യാ ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടിരുന്നു. 1999 ജൂലൈയിൽ നാഡീതകരാറുകളെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് ഡോക്ടർ എയ്ലീൻ സ്റ്റാർ ബ്രാൻച് എന്ന സൈക്യാട്രിസ്റ്റ്‌ ആൻഡ്രിയയ്ക്ക് പോസ്റ്റ്‌ പാർട്ടം ഡിപ്രഷൻ ആണെന്ന് കണ്ടെത്തി.

തുടർന്നു ഭർത്താവിനോട് ആൻഡ്രിയയ്ക്ക് ഇനി കുട്ടികൾ ഉണ്ടാകാൻ പാടില്ലെന്നും ഉണ്ടായാൽ ഭാവിയിൽ അത് വലിയ ദോഷം ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി ഡിസ്ചാർജ് ചെയ്തു വിട്ടു. പക്ഷേ എട്ടു മാസം പിന്നിട്ടപ്പോൾ സൈക്യാട്രിസ്റ്റിന്റെ നിർദേശം പാടെ അവഗണിച്ചു ആൻഡ്രിയ അഞ്ചാമതും ഗർഭിണിയായി. ഗർഭത്തോടെ ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിക്കുന്നതും നിർത്തി. പ്രസവത്തോടെ മാനസിക നില വീണ്ടും താളം തെറ്റി. മുലപ്പാൽ മാത്രം കൊടുക്കേണ്ട നവജാത ശിശുവിനു കട്ടിയാഹാരം കൊടുക്കാൻ ശ്രമിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2001 ഏപ്രിൽ മുതൽ ഡോക്ടർ. മുഹമ്മദ്‌ സയീദ് എന്ന സൈക്യാട്രിസ്റ്റിന്റെ രോഗിയായിരുന്ന ആൻഡ്രിയ.. ഗുളികകൾ എല്ലാം നിർത്തി ബൈബിൾ വായിച്ചു കൊണ്ടേയിരുന്ന ഒരു പകലിൽ കുഞ്ഞുങ്ങളെ കൊല്ലാൻ തീരുമാനിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞു. ഇതോടെ കർശന നിരീക്ഷണത്തിലാക്കാനും ഒപ്പം കുഞ്ഞുങ്ങളെയെല്ലാം ശ്രദ്ധിക്കാനും ഭർത്താവിനോട് ചട്ടം കെട്ടി വിട്ടു.

2001 ജൂൺ 20, എല്ലാം വിഫലമായി... ടെക്സസ് ഹൂസ്റ്റൺ പൊലീസ് കൺട്രോൾ റൂമിലേക്ക് സഹായമഭ്യർഥിച്ചു ഒരു യുവതിയുടെ ഫോൺ കാൾ വന്നു... അതെ, തനിക്ക് ഇപ്പോൾ അത്യാവശ്യമായി ഒരു പൊലീസ് ഓഫീസറെ സേവനത്തിന് അയയ്ക്കണം. മറ്റൊന്നും വേണ്ട എന്നാവശ്യപ്പെട്ടായിരുന്നു ആൻഡ്രിയയുടെ കാൾ. ആവശ്യപ്രകാരം സ്ഥലത്തെത്തിയ പൊലീസ് ആ ഭയാനകരംഗങ്ങൾ കണ്ടു സ്തബ്ധരായി.

സാത്താൻ ഉള്ളിലുള്ളതിനാൽ ആൻഡ്രിയ എന്ന താൻ ഒരു നല്ല അമ്മയല്ലാതായിരിക്കുന്നു. എന്റെ നീചമാതൃത്വത്താൽ ഭൂമിയിൽ എന്റെ കാലുകൾ ഇടറിവീണു. എന്നിലുള്ള സാത്താൻ എന്റെ അഞ്ചു മക്കളെയും വഴിപിഴപ്പിച്ചു നരകാഗ്നിയിൽ തള്ളും. അതുകൊണ്ട് ഭൂമിയിൽ വെച്ച് മക്കളുടെയെല്ലാം ജീവൻ ഞാൻ തന്നെ അപഹരിച്ചാൽ നിഷ്കളങ്കരായ കുട്ടികളുടെ ആത്മാക്കളോട് ദൈവം കരുണ കാണിക്കു. അത് വഴി അവർ സ്വർഗത്തിൽ പോകുമെന്നും സാത്താൻ വിശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. നന്മ വിജയിക്കാൻ എന്റെ കുട്ടികളെയെല്ലാം ഞാൻ കൊന്നുവെന്നും... എല്ലാം സാത്താൻ ആണ് എല്ലാം നടപ്പിലാക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് അപ്പോൾ തന്നെ പറഞ്ഞു.

പോസ്റ്റ്‌ പാർട്ടം സൈക്കോസിസിന്റെ ഭാഗമായ ഓഡിറ്ററി ആൻഡ് വിഷ്വൽ ഹാലൂസിനേഷൻ എന്ന അവസ്ഥയായിരുന്നു അത്. എല്ലാം നോർമൽ ആയെന്ന് കരുതി ജോലിക്ക് പോയ ഭർത്താവ് ഇല്ലാത്ത സമയത്താണ് ഏഴ് വയസ്സുള്ള നോഹ ജോൺ, പോൾ, ലൂക്, ആറു മാസം പ്രായമുള്ള മേരി എന്നീ അഞ്ചു കുട്ടികളെയും ബാത്ത്ടബ്ബിൽ മുക്കിക്കൊന്നത്. വെള്ളത്തിൽ തല മുക്കിപ്പിടിച്ചു വെച്ച് കൊണ്ടിരുന്ന ഏറ്റവും ഇളയ കുഞ്ഞായ മേരിയെ കണ്ടു അമ്മ എന്ത് ചെയ്യുകയാണെന്ന് ചോദിച്ചുകൊണ്ട് വന്നു പേടിച്ചോടിപ്പോയ നോഹയേയും ബലമായി പിടിച്ചു ബാത്ത് ടബ്ബിൽ മുക്കി. നോഹയെ വെള്ളത്തിൽ മുക്കുമ്പോഴും തലയുയർത്തി അമ്മേ എനിക്ക് മാപ്പ് തരണം, എന്നെ വെറുത വിടണമെന്ന് അപേക്ഷിച്ചു കൊണ്ടേയിരുന്നുവെന്ന ആൻഡ്രിയയുടെ കുറ്റസമ്മതമൊഴി അന്നുമിന്നും ഹൃദയങ്ങളിൽ കൊളുത്തിവലിക്കും.

കൃത്യം കണ്ടു നിൽക്കുമ്പോൾ ഇടപെടുമെന്ന് കരുതിയ വളർത്തു നായയെ പോലും പകൽ കൂട്ടിലിട്ട് പൂട്ടിയിരുന്നു. മാത്രമല്ല സംഭവമെല്ലാം ടെലിവിഷൻ ചാനലുകളുടെ ക്യാമറകൾ തന്റെ വീട്ടിൽ സ്ഥാപിച്ചു ലോകം മുഴുവൻ തത്സമയം കാണിക്കുന്നതിനാലാണ് പൊലീസിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്ത് ശിക്ഷിക്കാൻ ആവശ്യപ്പെട്ടതെന്നും മതിഭ്രമം ബാധിച്ച ആൻഡ്രിയ മൊഴി നൽകി.

1994 ഫെബ്രുവരിക്കും കൊലപാതകങ്ങൾ നടന്ന 2001 ജൂൺ 20നും ഇടയിലുള്ള ഏഴ് വർഷങ്ങൾക്കുള്ളിൽ മതിയായ ഇടവേളകൾ ഇല്ലാതെയാണ് ആൻഡ്രിയ അഞ്ചു കുട്ടികൾക്ക് ജന്മം നൽകിയത്. പെരിനാറ്റൽ ഡിപ്രഷൻ ഉള്ളതിനാൽ ഇനി ഒരു കുഞ്ഞിന് ജന്മം നൽകാൻ പാടില്ലെന്ന ഡോക്ടറുടെ കർശന നിർദേശം പോലും പാടെ അവഗണിച്ചു മുന്നോട്ട് പോയതിന്റെ ഫലം കൂടിയായിരുന്നു ആൻഡ്രിയ കേസ്. പക്ഷേ കേസിൽ മക്നാട്ടൻ റൂൾസ് അഥവാ ഭ്രാന്ത് കാരണം ഒരാൾ കുറ്റക്കാരനല്ല എന്ന NGRI ആക്ട് ബാധകമാക്കണം എന്നായിരുന്നു പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. ഒടുവിൽ ഭരണകൂടവും കോടതിയും വഴങ്ങി... പുനരന്വേഷണത്തോടെ കേസിൽ അമേരിക്കയുടെ ചരിത്രം തിരുത്തിക്കുറിച്ച വഴിത്തിരിവായി മാറിയ സുപ്രധാനവും ആധുനിക സമൂഹത്തിന് സ്വീകാര്യവുമായ വിധിയുണ്ടായി.

2006 ജൂൺ 26ന് കേസിന്റെ പുനരന്വേഷണം ആരംഭിച്ചു. പുനഃപരിശോധനയുടെയുടെ ഭാഗമായി എട്ടു വനിതകളും നാല് പുരുഷന്മാരും അടങ്ങിയ പ്രത്യേക ജൂറിയെ നിയമിച്ചു. പുനർവിചാരണ വേളയിൽ അതിവിദഗ്ധനായ ഫോറെൻസിക് സൈക്യാട്രിസ്റ്റ്, മറ്റു സൈക്യാട്രിസ്റ്റുകൾ, ഗൈനക്കോളജിസ്റ്റുകൾ, കുട്ടികളുടെ ഡോക്ടർമാർ ഉൾപ്പെടെ ആൻഡ്രിയയെ കുട്ടിക്കാലം തൊട്ട് ചികിത്സിച്ച, പരിചരിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി. ഒപ്പം ബൈബിൾ സുവിശേഷ പ്രവർത്തകരുടെയും മൊഴിയെടുത്തു. കൂടാതെ ഭർത്താവായിരുന്ന റസ്സൽ യസ്റ്റിയുടെ ദാമ്പത്യബന്ധത്തെ സംബന്ധിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെക്കുറിച്ചും ചോദിക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജോ യെൺബി കൂടുതൽ സമയം ചെലവഴിച്ചതും കേസിൽ നിർണായകമായി.

ഒരൊറ്റ മാസം കൊണ്ട് പുനർവിചാരണ പൂർത്തിയാക്കിയ കേസിൽ 2006 ജൂലൈ 26ന് അമേരിക്കയുടെ ചരിത്രം തിരുത്തിക്കുറിച്ച വിധി വന്നു. ആൻഡ്രിയ കൊലപാതകങ്ങൾ നടത്തിയത് തീർച്ചയായും ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം, പ്രസവാനന്തര വിഷാദം എന്നിവയുടെ ഫലമായാണ് എന്ന് ഫോറൻസിക് സൈക്യാട്രി ഉൾപ്പെടെയുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ സ്ഥിരീകരിച്ചു. സ്വയം നിയന്ത്രിക്കാനാകാത്ത വിധം ബുദ്ധിസ്ഥിരതയില്ലായ്‌മ നേരിട്ടതിനാൽ ഇത്തരം പ്രവൃത്തികൾ മാനസികരോഗത്തിന്റെ പരിധിയിൽപെടുമെന്നും പ്രഖ്യാപിച്ചു കൊലക്കുറ്റം റദ്ദാക്കി. പകരം 40 വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങാവുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയച്ച് ചികിത്സ ഉറപ്പ് വരുത്തി.


വിശദമായ വാർത്താ സ്റ്റോറി കാണാം....



KERALA
"സ്കൂളിൽ ക്രിസ്തുമസ് ആഘോഷം വേണ്ട, ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കൂ"; അധ്യാപകരെ ഭീഷണിപ്പെടുത്തിയ 3 വിഎച്ച്‌പി പ്രവർത്തകർ അറസ്റ്റിൽ
Also Read
user
Share This

Popular

KERALA
KERALA
വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാം; പക്ഷെ സതീശനെതിരെ അങ്ങനൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല: കെ. സുധാകരന്‍