fbwpx
ആറ് കുട്ടികളെ കൊന്ന റൂണയ്ക്ക് ചികിത്സയും ജയിൽമോചനവുമില്ലേ?
logo

ഫൗസിയ മുസ്തഫ

Last Updated : 20 Dec, 2024 11:33 PM

ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ അക്കാലം വരെ കേട്ട് കേൾവിയില്ലാത്ത വിധം ആറു കുട്ടികൾ അമ്മയാൽ കൊല്ലപ്പെട്ട കറുത്ത രാത്രി കൂടിയാണ് 2023 മെയ്‌ 31

KERALA

makkale konnavar_2


ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്നും 12 വർഷം മുൻപ് മഹാരാഷ്ട്രയിലെ റായ്‌ഗഡിലേക്ക് നല്ല ജോലി അന്വഷിച്ചു കുടിയേറിയവരാണ് ചിക്കൂർണി സാഹ്നിയും ഭാര്യ റൂണ സാഹ്നിയും. ഭർത്താവിന്റെ ദൈനംദിന മദ്യപാനം, ചീത്ത കൂട്ടുകെട്ട്, കൂടാതെ സംശയരോഗവും തുടർന്നുള്ള അടിപിടിയും കലശലായ ഒരു സന്ധ്യാനേരത്ത്, അച്ഛന്റെ അടിയിൽ നിന്നും രക്ഷപെടാനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു... തന്റെ ആറു മക്കളെയും കൊണ്ട് വീടിനടുത്തുള്ള പൊതു കിണർ ലക്ഷ്യമാക്കി റൂണ നടന്നു.

അമ്മയ്ക്ക് ഒപ്പം മരണത്തിലേക്കാണ് നടക്കുന്നത് എന്ന് തിരിച്ചറിയാൻ കെൽപ്പില്ലാത്ത നിഷ്കളങ്കരായ, മുലകുടി മാറാത്ത മക്കളുൾപ്പെടെ ആറു പേരെയും ഒന്നൊന്നായി മുപ്പത് വയസ്സ് മാത്രം പ്രായമുള്ള റൂണ കിണറ്റിലെറിഞ്ഞു കൊന്നു. അതെ, ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത സന്ധ്യ, നൂറ്റാണ്ടിലെ പോസ്റ്റ്‌പാർട്ടം സൈക്കോസിസ് കൊലപാതകങ്ങൾ നടന്ന ചരിത്രസന്ധ്യ. ജനാധിപത്യത്തിന്റെ നെടുംതൂണുകളിൽ ആരും തന്നെ ഇത് ഒന്നും അറിയാത്ത മട്ടിൽ പതിവ് പോലെ ഉറക്കമുണർന്ന് അവരെ കൊലപാതകക്കുറ്റം ചുമത്തി ജയിലിൽ അയച്ചു.

2023 മെയ് 31, വൈകുന്നേരം 7 മണി

ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ അക്കാലം വരെ കേട്ട് കേൾവിയില്ലാത്ത വിധം ആറു കുട്ടികൾ അമ്മയാൽ കൊല്ലപ്പെട്ട കറുത്ത രാത്രി കൂടിയാണ് 2023 മെയ്‌ 31. അത്രയും കൊലപാതകങ്ങൾ നടന്നിട്ടും രാജ്യം ഇന്നും ചർച്ച ചെയ്യാതെ പോയ പകലുകളും, കറുത്ത അധ്യായമായി അവശേഷിക്കുന്ന സംഭവവും ഒരു പക്ഷേ ഇതായിരിക്കും. മുംബൈയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള റായ്ഗഡ് ജില്ലയിലെ മഹാദ് എന്ന ഗ്രാമത്തിൽ റൂണ ചികുർണി സാഹ്നി എന്ന മുപ്പതുകാരി തന്റെ ആറു കുഞ്ഞുങ്ങളെ നിന്ന നിൽപ്പിൽ ഒന്നൊന്നായി കിണറ്റിലെറിഞ്ഞു കൊന്നു. ഒന്നര വയസ് മുതൽ 10 വയസ് വരെയുള്ള കുട്ടികളിൽ ആദ്യത്തെ നാല് കുട്ടികളെയാണ് കിണറ്റിൽ എറിഞ്ഞത്. ജീവന് വേണ്ടി കൈയും കാലും ഇട്ടടിച്ചു വെള്ളം കുടിച്ചു പിടയ്ക്കുന്ന നാല് മക്കൾക്കിടയിലേക്ക്... താഴെയുള്ള ബാക്കി രണ്ട് കുഞ്ഞുങ്ങളെയും രണ്ടു ഒക്കത്തും പിടിച്ചുകൊണ്ട് റൂണയും കിണറ്റിലേക്ക് എടുത്തു ചാടി.

രക്ഷിക്കണേ എന്ന നിലവിളി കേട്ട് വഴിയാത്രക്കാരൻ ഓടിയെത്തി മൊബൈൽ വെട്ടത്തിൽ നോക്കിയപ്പോൾ കിണറാകെ ജീവനു വേണ്ടിയുള്ള അവസാന പിടച്ചിലുകളും നിലവിളികളും ആയിരുന്നുവത്രേ... നാട്ടുകാർ എല്ലാം ഓടിക്കൂടി എല്ലാവരെയും കരയ്ക്ക് എടുക്കുമ്പോൾ മൂത്ത മക്കളിലൊരാൾ ഭൂമിയിൽ ജീവന് വേണ്ടിയുള്ള അവസാന പരിശ്രമവും നടത്തുന്നുണ്ടായിരുന്നു. റൂണ സാഹ്നി എന്ന അമ്മ കഷ്ടിച്ച് രക്ഷപെട്ടു. അല്ല, ജീവിച്ചിരിക്കെ, മക്കളില്ലാതെ മരണസമാനമായ രക്ഷപ്പെടൽ...

ഇന്ത്യയിൽ എന്നല്ല, എല്ലാം ചർച്ച ചെയ്യുന്ന കേരളത്തിൽ പോലും ഒരു വാർത്താപ്രാധാന്യവും ലഭിക്കാതെ പോയ സംഭവമായിരുന്നു റൂണ സാഹനിയുടേത്. രാജ്യത്തിനു പുറത്ത് ആകെ വാർത്ത റിപ്പോർട്ട്‌ ചെയ്തത് യു.കെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദി സൺ പത്രത്തിന്റെ വെബ്സൈറ്റിൽ മാത്രം ആയിരുന്നു.

മാത്രമല്ല, ഒരമ്മ ആറു കുട്ടികളെ കൊന്ന സംഭവം റിപ്പോർട്ട്‌ ചെയ്ത ന്യൂസ്‌ ഏജൻസി ആയ എഎൻഐ ഉൾപ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങളുടെ വെബ്സൈറ്റുകളിൽ എല്ലാം ഒരേ അച്ചിലാണ് പ്രസിദ്ധീകരിച്ചതെന്ന് തോന്നുന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. കാരണം കൊലപാതങ്ങൾക്ക് ശേഷം റായ്ഗഡ് പോലീസ് സൂപ്രണ്ടിന്റെ യുവതിയെക്കുറിച്ചുള്ള പ്രതികരണം ഉദ്ധരിച്ചാണ് എല്ലാ വാർത്തകളും അവസാനിച്ചത്. അത് ഇങ്ങനെയായിരുന്നു.

പോലീസ് സ്റ്റേഷനിൽ അങ്ങേയറ്റം മൗനിയായാണ് റൂണ ഇരുന്നത്. ചോദ്യങ്ങൾക്ക് ഒന്നും തന്നെ ഒരു മറുപടിയും നൽകിയില്ല. അവസാനമായി ഞാൻ അവളോട് ചോദിച്ചു, ഈ ലോകത്ത് അമ്മേ എന്ന് വിളിക്കാൻ നിനക്ക്ഇനി ആരും തന്നെയില്ലലോയെന്ന്.. അപ്പോഴും നിർവികരമായിരുന്നു അവരുടെ കണ്ണുകൾ. മാത്രമല്ല, അവർക്ക് അവരുടെ പ്രവൃത്തിയിൽ യാതൊരു കൂസലും ഇല്ലായിരുന്നു.

ഇത് പറഞ്ഞത് മാറ്റാരുമല്ല... ഇന്ത്യൻ പൊലീസ് സർവീസിലെ ഉന്നത ഉദ്യോഗസ്ഥനായ അന്നത്തെ റായ്‌ഗഡ് എസ്.പി ആയിരുന്ന അശോക് ദുധേ ഐപിഎസ് ആയിരുന്നു. പിന്നീട് മുംബൈ സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന അശോക് ദുധേയുമായി ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം ഇപ്പോഴും പറഞ്ഞത് ശരിയായിരുന്നു എന്ന നിലപാടിലാണ്. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തിയും തന്നു.

കൊലപാതകങ്ങളുടെ കാരണമായി അന്നുമിന്നും റായ്ഗഡ് പൊലീസ് പറയുന്നത്.. ഭർത്താവിന്റെ സംശയരോഗം ആണെന്നാണ്. ആറു കുട്ടികൾ മിനുട്ടുകൾക്കുള്ളിൽ കൊല്ലപ്പെട്ട റൂണ സാഹ്നി കേസ് കൈകാര്യം ചെയ്ത പൊലീസ് ഓഫീസറുടെ വിശദീകരണം മാത്രമാണ് അന്നുമിന്നും കൊലപാതക കാരണമായി പുറത്തുവന്നിട്ടുള്ളതും. മാത്രമല്ല ആറ് പിഞ്ചുകുട്ടികളെ ഒന്നിച്ച് ഒരേ കിണറ്റിലെറിഞ്ഞു കൊന്ന, റൂണ എന്ന യുവതിക്ക് അവരുടെ ചെയ്തിയിൽ ഇപ്പോഴും യാതൊരു കൂസലുമില്ലെന്ന് പറയാൻ തക്കവണ്ണം... മനുഷ്യ മാനസിക വ്യാപാരങ്ങളെക്കുറിച്ച് യാതൊരു ധാരണയില്ലായ്മയും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ പുലർത്തിയെന്നതും കാണാതെ പോകരുത്.

റൂണ സാഹ്നി ഇപ്പോൾ എവിടെയാണ് എന്നറിയാൻ ഇപ്പോഴത്തെ റായ്ഗഡ് എസ്.പിയെ വിളിച്ചു. അതെ, റൂണ അന്ന് മുതൽ ഇപ്പോഴും മഹാരാഷ്ട്രയിലെ അലിബാഗ് ജില്ലാ ജയിലിലാണ്. സംശയരോഗിയായ, റൂണയെ നിരന്തരം ബുദ്ധിമുട്ടിച്ച്.. വേട്ടയാടി കൊലപാതകിയാക്കിയ ഭർത്താവ് ചിക്കൂർണി സാഹ്നി പുറത്തുമാണ്. എന്ത് കൊണ്ടാണ് അല്ലെങ്കിൽ എന്ത് സാഹചര്യത്തിലാണ് റൂണ എന്ന 30 വയസ് മാത്രം പ്രായമുള്ള യുവതിയ്ക്ക് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഒരു സ്ത്രീക്ഷേമ സംഘടനയും അന്വേഷിച്ചില്ല.

പലപ്പോഴായി മോഹദ് പൊലീസ് ഓഫീസറെ വിളിക്കാറുള്ള ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ എന്ന് ചോദിച്ചു. റൂണയ്ക്ക് എന്തെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്നോ? അതെ, ഉണ്ടായിരുന്നു എന്നായിരുന്നു ഉത്തരം. അവർക്ക് തക്കതായ മാനസികാരോഗ്യ ചികിത്സ ലഭിച്ചിരുന്നോ? ഉത്തരം തന്നില്ല. പ്രതീക്ഷിച്ചിരുന്ന ഉത്തരം ആയിരുന്നു. റൂണ ഇനി എന്നെങ്കിലും പുറംലോകം കാണുമോ എന്നറിയില്ല. ഇനി അഥവാ മനസ് സാധാരണ നിലയിൽ ആയാലും ആ ട്രോമയെ അതിജീവിച്ചു മുന്നേറാനുള്ള കരുത്തുണ്ടാകുമോ? ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്. ഉത്തരങ്ങൾ തരേണ്ടത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയാണ്.

റൂണ കേസിൽ എനിക്ക് ഏറ്റവും സങ്കടകരമായി തോന്നിയത് മറ്റൊരു വിഷയമുണ്ട് . കഴിഞ്ഞ 10 വർഷത്തിനിടെ വിദേശ രാജ്യങ്ങളിൽ അമ്മമാർ കുഞ്ഞുങ്ങളെ കൊല്ലുമ്പോൾ അവിടങ്ങളിലെ മാധ്യമങ്ങൾ എല്ലാം പെരിനാറ്റൽ സൈക്കോസിസ് ഗണത്തിൽപെടുത്തി അവ റിപ്പോർട്ട്‌ ചെയ്യുന്നത് പതിവാണ്. എന്നാൽ ബ്രിട്ടനിലെ 'ദി സൺ' ഉൾപ്പെടെ ഇന്ത്യൻ സ്ത്രീ ആറ് കുഞ്ഞുങ്ങളെ പൈശാചികമായി കൊന്നുവെന്ന തലക്കെട്ടാണ് നൽകിയത്. ഒന്നാലോചിച്ചാൽ അതിന്റെ കാരണക്കാർ നമ്മുടെ നീതിന്യായ വ്യവസ്ഥിതി തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വിശദമായ വാർത്താ സ്റ്റോറി കാണാം....



Also Read
user
Share This

Popular

KERALA
NATIONAL
എ. വിജയരാഘവന്റെ പ്രസംഗത്തെ യുഡിഎഫ് നേതാക്കള്‍ തെറ്റായി വ്യാഖ്യാനിച്ചു; സിപിഎം ലീഗിനോ മുസ്ലീങ്ങള്‍ക്കോ എതിരല്ല; ടി.പി. രാമകൃഷ്ണന്‍