ആറുമാസത്തിനകം കോളേജ് വിൽപ്പന നടത്തി ബാധ്യത തീർക്കാനാണ് മാനേജ്മെന്‍റ് തീരുമാനം
എറണാകുളം മാഞ്ഞാലി എസ്എന്‍ജിഐഎസ്‌ടി കോളേജിന്‍റെ ജപ്തി നടപടിയിൽ താത്കാലികാശ്വാസം. മൂന്നു മാസത്തേക്കു ജപ്തി ഉണ്ടാകില്ലെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു. ബാങ്കിന് അടിയന്തരമായി ഒരു കോടി രൂപ നൽകിയാണ് താല്‍ക്കാലികമായി ജപ്തി നടപടികള്‍ ഒഴിവാക്കിയത്. വിദ്യാർഥികൾക്ക് പ്രശ്നം ഉണ്ടാകാത്തവിധം പ്രശ്നം പരിഹരിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.
2014ൽ എടുത്ത നാലു കോടി രൂപ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് കോട്ടക് മഹീന്ദ്ര ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്. പത്തുമണിയോടെ കോളേജിൽ എത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ രക്ഷിതാക്കളും വിദ്യാർഥികളും ഗേറ്റിനു മുന്നിൽ തടഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും സജ്ജമാക്കിയിരുന്നു.
Also Read: ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാന് തിരിച്ചടി, മന്ത്രിസഭയിൽ നിന്നും പുറത്തേയ്‌ക്കോ ?
പലിശയടക്കം 19 കോടി രൂപയാണ് കോളേജ് തിരിച്ചടയ്ക്കാനുള്ളത്. കോളേജിന്‍റെ കടബാധ്യതയെ കുറിച്ച് രക്ഷിതാക്കൾക്ക് വിവരം നൽകിയിരുന്നില്ല. നാളെ യൂണിവേഴ്സിറ്റി പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി ജപ്തിക്കായി ബാങ്ക് അധികൃതർ എത്തിയത്. ഗുരുദേവ ട്രസ്റ്റിന് കീഴിൽ വരുന്ന കോളേജിന്‍റെ ഭരണസമിതിയിൽ ഭിന്നത ഉണ്ടായിരുന്നതായും നിലവിൽ ഉണ്ടായിരുന്ന മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ജപ്തി നടപടിയിലേക്ക് നയിച്ചത് എന്നും ഗുരുദേവ ട്രസ്റ്റ് സെക്രട്ടറി ലൈജു പറഞ്ഞു.
Also Read: "സന്ദീപ് വാര്യർ കോൺഗ്രസിന് തിരിച്ചടിയായി, ബിജെപി കേന്ദ്രങ്ങളിൽ വോട്ട് വർധനവ്"; അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്ത്
ആറുമാസത്തിനകം കോളേജ് വിൽപ്പന നടത്തി ബാധ്യത തീർക്കാനാണ് മാനേജ്മെന്‍റ് തീരുമാനം. വിദ്യാർഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉറപ്പുനൽകിയതോടെയാണ് കോളജിനു മുന്നിൽ നിന്നും രക്ഷിതാക്കൾ പിരിഞ്ഞുപോയത്.