2022ൽ മല്ലപ്പള്ളിയിൽ നടന്ന പൊതു ചടങ്ങിൽ പ്രസംഗിക്കവേ മന്ത്രി പദവി വഹിച്ചിരുന്ന സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്
ഭരണഘടനാ പരാമർശത്തിൽ തിരിച്ചടി നേരിട്ടതോടെ പ്രതികരണവുമായി സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും, അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. താൻ കുറ്റക്കാരനാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. ഇത് അന്തിമ വിധിയല്ല, ആയതിനാൽ ഇത്തവണ ധാർമിക പ്രശ്‌നങ്ങൾ ഇല്ലെന്നും മന്ത്രിസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ ഭാഗം കോടതി കേട്ടില്ലെന്നും, പൊലീസ് അന്വേഷണത്തിനെ സംബന്ധിച്ചാണ് കോടതി പറഞ്ഞതെന്നും, നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2022ൽ മല്ലപ്പള്ളിയിൽ നടന്ന പൊതുചടങ്ങിൽ പ്രസംഗിക്കവേ മന്ത്രി പദവി വഹിച്ചിരുന്ന സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. പൊലീസ് അന്വഷണ റിപ്പോർട്ട് റദ്ദാക്കിയ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ALSO READ: ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാന് തിരിച്ചടി, മന്ത്രിസഭയിൽ നിന്നും പുറത്തേയ്‌ക്കോ ?
"മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും," എന്ന സജി ചെറിയാൻ്റെ പരാമർശമാണ് വിവാദമായത്.
ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയെന്നത് മാത്രമാണ് ഇതിൻ്റെ ഉദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഭരണഘടനയെ അവഹേളിച്ചതിൻ്റെ പേരിൽ മന്ത്രിക്കെതിരെ കേസെടുത്തത്.
ALSO READ: അധികാരത്തിൽ തുടരാൻ അർഹതയില്ല, സാംസ്കാരിക വകുപ്പ് മന്ത്രി രാജി വയ്ക്കണം: എം.എം. ഹസന്‍
തൻ്റെ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താനെന്നുമായിരുന്നു സജി ചെറിയാന്റെ വിശദീകരണം. ഭരണഘടനയ്‌ക്കെതിരെ പറഞ്ഞിട്ടില്ല. ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടേയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. കേസ് പരിഗണിക്കവേ പ്രസംഗത്തില്‍ സജി ചെറിയാന്‍ ഉദ്ദേശിച്ച കുന്തവും കുടച്ചക്രവും എന്തെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സംവാദമാകാം, പക്ഷേ ഭരണഘടനയുടെ അന്തസത്തയോട് വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്നും കോടതി ചോദിച്ചിരുന്നു. പ്രസംഗിച്ചയാള്‍ ഉദ്ദേശിച്ചില്ലെങ്കില്‍ പോലും പറയുന്ന വാക്കുകള്‍ ചിലപ്പോള്‍ ബഹുമാനക്കുറവ് സൃഷ്ടിക്കാം. മന്ത്രിയുടെ പ്രസംഗത്തില്‍ ബഹുമാനക്കുറവ് ധ്വനിപ്പിക്കുന്ന വേറെയും പരാമര്‍ശങ്ങള്‍ ഉണ്ടല്ലോയെന്നും കോടതി സൂചിപ്പിച്ചിരുന്നു.
സജി ചെറിയാൻ്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സജി ചെറിയാന് മന്ത്രിസ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു. രാജി വെച്ചില്ലെങ്കിൽ സജി ചെറിയാനെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയത് പിൻവാതിലിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.