fbwpx
വിവാഹം കഴിഞ്ഞ് തിരിച്ച് അഭിനയത്തിലേക്ക് വരാന്‍ പ്ലാന്‍ ഇല്ലായിരുന്നു, എന്നാല്‍ സ്ഥിതിഗതികള്‍ മാറുകയായിരുന്നുവെന്ന് മഞ്ജു വാര്യര്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Mar, 2025 02:24 PM

നിലവില്‍ മഞ്ജു തന്റെ ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച് ഏഴിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്

MALAYALAM MOVIE


വിവാഹത്തിന് ശേഷം തനിക്ക് അഭിനയിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നുവെന്ന് നടി മഞ്ജു വാര്യര്‍. എന്നാല്‍ സ്ഥിതിഗതികള്‍ മാറി മറഞ്ഞതോടെയാണ് താന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയതെന്നും മഞ്ജു പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.

'ഞാന്‍ അഭിനയം ആരംഭിക്കുമ്പോള്‍ ചെറുപ്പമായിരുന്നു. സെറ്റില്‍ അമ്മയോടൊപ്പമാണ് ഞാന്‍ വന്നിരുന്നത്. വളരെ സന്തോഷത്തോടെയാണ് ഞാന്‍ ജോലി ചെയ്തിരുന്നത്. സിനിമകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. പക്ഷെ ഇന്നത്തെ പോലെ അത്ര ആസ്വദിച്ചല്ലായിരുന്നു പണ്ട് ഞാന്‍ അഭിനയിച്ചിരുന്നത്. ആ കാലത്ത് ഞാന്‍ ചെറുപ്പവും നിഷ്‌കളങ്കയുമായിരുന്നു. ആ ക്രാഫ്റ്റ് മനസിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ഇന്ന് സിനിമയുടെ നിര്‍മാണത്തിന്റെ പ്രക്രിയ മൊത്തത്തില്‍ എനിക്ക് ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്', മഞ്ജു വാര്യര്‍ പറഞ്ഞു.

'വിവാഹം കഴിഞ്ഞപ്പോള്‍ ഞാന്‍ അഭിനയം നിര്‍ത്തി. തിരിച്ചുവരാന്‍ എനിക്ക് പ്ലാന്‍ ഇല്ലായിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ ആകെ മാറി ജോലി ചെയ്യാതിരിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. അഭിനയം മാത്രമെ എനിക്ക് അറിയുമായിരുന്നുള്ളു. പ്രേക്ഷകരും സിനിമ മേഖലയും എന്നെ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴും ഞാന്‍ സിനിമകള്‍ ചെയ്യുന്നു. പക്ഷെ എത്ര കാലത്തേക്കാണെന്ന് എനിക്ക് അറിയില്ല. കാരണം ഞാന്‍ ഒന്നും പ്ലാന്‍ ചെയ്തല്ല ജോലി ചെയ്യുന്നത്. എനിക്ക് ആ ഒഴുക്കിന് അനുസരിച്ച് പോകാനെ അറിയു. ഞാന്‍ പെട്ടന്ന് ആവേശഭരിതയാകും', മഞ്ജു കൂട്ടിച്ചേര്‍ത്തു.

1995ല്‍ 16 വയസുള്ളപ്പോഴാണ് മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ അവര്‍ ചെയ്തു. 1999 വരെ 20 ഓളം സിനിമകളില്‍ അഭിനയിച്ചു. പിന്നീട് വിവാഹ ശേഷം അഭിനയം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് 15 വര്‍ഷത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ മഞ്ജു അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

നിലവില്‍ മഞ്ജു തന്റെ ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച് ഏഴിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഫൂട്ടേജ്. ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ് ചിത്രം അവതരിപ്പിക്കുന്നത്. വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരാണ് മഞ്ജുവിനൊപ്പം മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

KERALA
"എംഎസ് സൊല്യൂഷനെ തകര്‍ക്കാൻ പ്രമുഖ സ്ഥാപനം ശ്രമിക്കുന്നു, പിന്നില്‍ ഗൂഢാലോചന"; ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയതിന് പിന്നാലെ ഷുഹൈബ്
Also Read
user
Share This

Popular

KERALA
KERALA
മലപ്പുറത്ത് വിദ്യാർഥിനികളെ കാണാതായിട്ട് 24 മണിക്കൂർ; പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം പുറത്ത്