fbwpx
പി.രാജുവിൻ്റെ മരണത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം; കെ.ഇ. ഇസ്മയിലിനെതിരെ നടപടി എടുക്കാൻ സിപിഐ
logo

ന്യൂസ് ഡെസ്ക്

Posted : 06 Mar, 2025 06:06 PM

സിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം

KERALA


സിപിഐ നേതാവ് പി. രാജുവിൻ്റെ മരണത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ പരസ്യ പ്രതികരണത്തിൽ മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിന് എതിരെ നടപടി എടുക്കാൻ സിപിഐ. ഇസ്മയിലിനോട് വിശദീകരണം തേടാനാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ തീരുമാനം. സിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മുൻ ദേശിയ എക്സിക്യൂട്ടിവ് അംഗമായ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്.

പി. രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നെന്നായിരുന്നു കെ.ഇ. ഇസ്മയിലിൻ്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് പി. രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടിയിൽ തിരിച്ചെടുത്തില്ലെന്നും സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയോ എന്നറിയില്ലെന്നും ഇസ്മായില്‍ പറഞ്ഞിരുന്നു. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഐ നേതാവ് പ്രതികരിച്ചു.


ALSO READ: 'എന്റെ മകൻ പോയി അല്ലേ?'; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഇളയ മകൻ്റെ മരണവിവരം മാതാവിനെ അറിയിച്ചു


ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ പാർട്ടി രാജുവിനെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണവുമായി കെ.ഇ. ഇസ്മയിൽ നേരത്തെ രംഗത്തെത്തിയിരുന്നു. ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നേടിയ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചത് ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നെന്നും കെ.ഇ. ഇസ്മായിൽ പറഞ്ഞു. പിന്നാലെ രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനു വെയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചിരുന്നു.

സിപിഐയിലെ ഇസ്മയിൽ–കാനം രാജേന്ദ്രൻ പോരിൽ ഇസ്മയിലിനൊപ്പം അടിയുറച്ചുനിന്നയാളായിരുന്നു രാജു. രാജു സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയതിനു പിന്നാലെ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉയർന്നു. രാജു ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടി കണക്കുകളിൽ 75 ലക്ഷം രൂപയുടെ ക്രമക്കേടു കണ്ടെത്തിയെന്നായിരുന്നു ആരോപണം. പിന്നീട് നടത്തിയ പരിശോധനയിൽ 2.30 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നു കണ്ടെത്തി. വിഷയം പരിശോധിക്കാൻ 3 അംഗ സമിതിയെ ചുമതലപ്പെടുത്തുകയും, കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ രാജുവിനും, എം.ഡി. നിക്സണുമെതിരെ പാർട്ടി ജില്ലാ കൗൺസിൽ നടപടിയെടുക്കുകയും ചെയ്തിരുന്നു.


ALSO READ: കണ്ണൂർ കരിക്കോട്ടക്കരിയിൽ കാട്ടാന ചെരിഞ്ഞ സംഭവം; 'താടിയെല്ലിലെ പഴക്കം ചെന്ന മുറിവിൽ നിന്നുള്ള അണുബാധ രക്തത്തിൽ വ്യാപിച്ചു'; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്


കഴിഞ്ഞ ആഴ്ചയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പി. രാജു അന്തരിച്ചത്. കാൻസർ രോഗത്തെ തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു പി. രാജു. രോഗാവസ്ഥ കൂടിയതോടെയാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയാണ് പി. രാജു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. 1991ലും 1996ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവസാന കാലത്ത് പാർട്ടിയുമായി ഇടഞ്ഞ പി. രാജു പൊതുമണ്ഡലത്തിൽ സജീവമായിരുന്നു.

KERALA
CPIM സംസ്ഥാന സമ്മേളനം | തുടർഭരണം ഉറപ്പിച്ച് നവകേരളം നയരേഖ; ലക്ഷ്യം സ്കാൻഡിനേവിയൻ രാജ്യങ്ങളിലേതിന് സമാനമായ സാമുഹ്യ സാഹചര്യം
Also Read
user
Share This

Popular

KERALA
KERALA
CPIM സംസ്ഥാന സമ്മേളനം | തുടർഭരണം ഉറപ്പിച്ച് നവകേരളം നയരേഖ; ലക്ഷ്യം സ്കാൻഡിനേവിയൻ രാജ്യങ്ങളിലേതിന് സമാനമായ സാമുഹ്യ സാഹചര്യം