ഗൂഢാലോചന നടന്നതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും, മലപ്പുറത്തെ പ്യൂണിൽ നിന്നും ചോദ്യപേപ്പർ കൈപ്പറ്റിയ അധ്യാപകൻ ഫഹദിനെ അയച്ചത് മറ്റൊരു സ്ഥാപനമാണെന്നും ഷുഹൈബ് ആരോപിച്ചു.
ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഢാലോചന നടന്നെന്ന് എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബ്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഷുഹൈബ് ക്രൈം ബ്രാഞ്ചിന് മുമ്പിൽ കീഴടങ്ങിയിരുന്നു. ഇതിന് ശേഷമാണ് ഷുഹൈബിൻ്റെ പ്രസ്താവന. എംഎസ് സൊല്യൂഷൻസിനെ തകർക്കാൻ ഒരു പ്രധാന സ്ഥാപനം ശ്രമിക്കുന്നെന്നും അതിന്റെ ഭാഗമായാണ് കേസെന്നുമാണ് സിഇഒയുടെ ആരോപണം. കേസിൽ എൺഎസ് സൊല്യൂഷൻസ് സിഇഒയും കേസിലെ മുഖ്യപ്രതിയുമായ ഷുഹൈബിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ഉച്ചയോടെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയാണ് ഷുഹൈബ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് പ്രതി കീഴടങ്ങിയത്. പിന്നാലെ സംഭവത്തിൽ ഗൂഢാലോചന നടന്നെന്ന് ഷുഹൈബ് ആരോപിച്ചു. തെളിവുകൾ കൈവശമുണ്ടെന്നും, മലപ്പുറത്തെ പ്യൂണിൽ നിന്നും ചോദ്യപേപ്പർ കൈപ്പറ്റിയ അധ്യാപകൻ ഫഹദിനെ എംഎസ് സൊല്യൂഷൻസിലേക്ക് അയച്ചത് മറ്റൊരു സ്ഥാപനമാണെന്നും ഷുഹൈബ് ആരോപിച്ചു.
കേസിന് പിന്നിൽ പിന്നിൽ പ്രമുഖ സ്ഥാപനമുണ്ടെന്ന് ഷുഹൈബ് പറയുന്നു. കൃത്യമായ പ്ലാനോടുകൂടിയാണ് അധ്യാപകൻ ഫഹദിനെ എംഎസ് സൊല്യൂഷനിലേക്ക് അയച്ചത്. നാട്ടിലെ പ്രാദേശിക നേതാവിന് ഇത് സംബന്ധിച്ച് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. തന്റെ വാദങ്ങളെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഷുഹൈബ് പറഞ്ഞു.
ALSO READ: ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻ CEO ഷുഹൈബിൻ്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി ഹൈക്കോടതി
ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇന്ന് ഷുഹൈബിൻ്റെ ജാമ്യം തള്ളിയത്. കേസില്‍ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ചിനാണ് നിലവിൽ കേസന്വേഷണ ചുമതല. അറസ്റ്റിലായ നാലാം പ്രതി അബ്ദു നാസറിനും, രണ്ടാം പ്രതി ഫഹദിനുമായി ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
അതേസമയം ചോദ്യപേപ്പർ ചോർച്ചാ കേസിൽ വകുപ്പുതല നടപടികളെടുക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. വിഷയത്തിൽ നടപടികൾ ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐഎഎസിന് നിർദേശം നൽകി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ പൂർണ ചുമതലയുള്ള ഡിഇഒ ഗീതാകുമാരി സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു.