സനാതന ധർമം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും, മലേറിയയും ഡെങ്കിപ്പനിയും പോലെ അതിനെ ഇല്ലാതാക്കണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവന
'സനാതന ധർമ'പരാമർശത്തിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി അനുമതിയില്ലാതെ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീം കോടതി. ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടെ 'സനാതന ധർമ' പാരാമർശത്തെ തുടർന്ന് ഉദയനിധി സ്റ്റാലിനെതിരെ രാജ്യത്തുടനീളം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. “കോടതിയുടെ അനുമതിയില്ലാതെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കുന്നതാണ് ഉചിതം" - എന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജയ് കുമാർ അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം.
സനാതന ധർമം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും, മലേറിയയും ഡെങ്കിപ്പനിയും പോലെ അതിനെ ഇല്ലാതാക്കണം എന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവന. പരാമർശത്തെ തുടർന്ന് ഉദയനിധി സ്റ്റാലിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള മൂന്ന് റിട്ട് ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ജാതിയുടെയും തൊട്ടുകൂടായ്മയുടെയും അടിസ്ഥാനത്തിൽ, വിവേചനത്തിൻ്റെ പ്രിസത്തിലൂടെയാണ് സനാതന ധർമത്തെ കാണുന്നതെന്നും, ഉദയനിധിയുടെ പ്രസ്താവന ആ പശ്ചാത്തലത്തിലാണ് കാണേണ്ടതെന്നും ഡിഎംകെ നേതാവിൻ്റെ അഭിഭാഷക സംഘം വാദിച്ചിരുന്നു.
ALSO READ: ഉദയനിധി സ്റ്റാലിന് ആശ്വാസം; സനാതന ധർമ വിവാദത്തിലെ ഹർജികൾ തള്ളി സുപ്രീം കോടതി
2023സെപ്റ്റംബറിൽ ചെന്നൈയിൽ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർട്ടിസ്റ്റ് അസോസിയേഷൻ 'സനാതന ഉന്മൂലനം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലെ പരാമർശത്തെ തുടർന്ന് മഹാരാഷ്ട്ര, ബീഹാർ, ജമ്മു, കർണാടക ഉള്‍പ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി എഫ്‌ഐആർ ഫയൽ ചെയ്യപ്പെട്ടിരുന്നു. തൻ്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ആരോപിച്ച് ഭരണഘടനയുടെ 32-ാം വകുപ്പ് പ്രകാരം സ്റ്റാലിൻ നേരത്തെ ഒരു ഹർജി ഫയൽ ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുന്ന എഫ്‌ഐആറുകൾ ഒരുമിച്ച് ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.