പ്രതിയും പിതാവുമായ മിശ്ര തന്നെയാണ് ഫെബ്രുവരി 25 ന് കുട്ടിയെ കാണാനില്ലെന്ന്പരാതി നൽകിയത്
ഉത്തർപ്രദേശിൽ അഞ്ച് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. അയൽവാസിയുടെ വീട്ടിൽ പോയതിൻ്റെ പേരിലാണ് അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പിതാവ് മോഹിത് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയുമായി തർക്കത്തിലായിരുന്നുവെന്നും, മകൾ അയാളുടെ വീട്ടിൽ പോയത് പ്രതിയെ പ്രകോപിപ്പിച്ചതാണ് കുറ്റകൃത്യത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പ്രതിയും പിതാവുമായ മിശ്ര തന്നെയാണ് ഫെബ്രുവരി 25 ന് കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയത്. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്ന വിധത്തിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നുവെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രവീൺ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസും റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിനിടെ കുട്ടിയുടെ പിതാവിനെ കാണാതായിരുന്നു. ഇതിൽ സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പേൾ ,കുട്ടിയുടെ പിതാവ് തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മാതാവ് വെളിപ്പെടുത്തുകയായിരുന്നു.
ALSO READ: 'മുസ്ലീം, പാകിസ്ഥാനി... ഇന്ത്യക്ക് കൈമാറിയാല്‍ താന്‍ വേഗം മരിക്കും'; അവസാന അടവുമായി തഹാവൂർ റാണ
അയൽവാസിയായ രാമുവിൻ്റെ കുടുംബവുമായി തൻ്റെ കുടുംബം വളരെ അടുപ്പത്തിലായിരുന്നുവെന്നും, അവർ പലപ്പോഴും കാണാൻ പോകാറുണ്ടെന്നും പ്രതി മൊഴി നൽകി. രണ്ട് ദിവസം മുമ്പ് ഉണ്ടായ തർക്കത്തെ തുടർന്ന് പരസ്പരമുള്ള സന്ദർശനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. രാമുവിൻ്റെ വീട്ടിൽ പോകരുതെന്ന് മോഹിത് പലതവണ മകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് വക വയ്ക്കാതെ മകൾ രാമുവിൻ്റെ വീട്ടിൽ കളിക്കാൻ പോകുകയായിരുന്നു.
സംഭവദിവസം രാമുവിൻ്റെ വീട്ടിൽ നിന്ന് മകൾ തിരികെ വരുന്നത് കണ്ടതായും അത് തന്നെ പ്രകോപിപ്പിച്ചതായും മോഹിത് പൊലീസിനോട് പറഞ്ഞു. രോഷാകുലനായ പ്രതി മകളെ കുട്ടിക്കൊണ്ടുപോകുകയും, സ്വന്തം വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.