ഒരു മത സംവിധാനത്തിന് കീഴിൽ നിൽക്കുമ്പോഴും സർക്കാരിനോട് സഹകരിച്ച് നിരവധി പ്രവർത്തനങ്ങൾ മാര്‍ ഗ്രിഗോറിയോസ് നടത്തിയിരുന്നു. പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാന സർക്കാരിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തോളോട് തോൾ ചേർന്നു നിന്നു.
വിശ്വാസം മുറുകെപ്പിട്ടിച്ചുകൊണ്ടുള്ള പോരാട്ട ജീവിതമായിരുന്നു മാർ ജോസഫ് ഗ്രിഗോറിയസിൻ്റേത്. അത്തരം പ്രതിസന്ധികളെയെല്ലാം സംയമനത്തോടെയും സമചിത്തതയോടെയും നേരിടാൻ സാധിച്ചു എന്നതാണ് അദ്ദേഹത്തെ ഏവർക്കും സ്വീകാര്യനാക്കിയത്. വൈദിക മേലധ്യക്ഷനായി ചുമതലയേറ്റ സമയം മുതൽ ആതുര സേവന രംഗത്തും അദ്ദേഹം സജീവമായിരുന്നു. പ്രതിസന്ധിയുടെ നാളുകളിൽ സഭയെ ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു. തനിക്കുള്ളത് പകുത്ത് നൽകണമെന്ന് പ്രസംഗത്തിൽ മാത്രമല്ല പ്രവർത്തിയിലും തെളിയിച്ചയാളാണ് മാർ ഗ്രിഗോറിയോസ്.
സന്നദ്ധ പ്രവർത്തനങ്ങളിലൂടേയും , വിശ്വാസ പ്രചരണത്തിലൂടെയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ജോസഫ് മാർ ഗ്രിഗോറിയോസിനായി. അദ്ദേഹത്തിൻ്റെ താബോര്‍ ഹൈറ്റ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും മെട്രോപ്പോലീറ്റൻ പുവര്‍ റിലീഫിൻ്റെയും നേതൃത്വത്തിലാണ് സാധുജനങ്ങൾക്കായുള്ള സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. വീടില്ലാത്തവർക്ക് സുരക്ഷിത ഭവന പദ്ധതി പ്രകാരം വീടുകൾ, അർഹരാവർക്ക് സൗജന്യ മെഡിക്കൽ ഇൻഷുറൻസുകൾ, വിദ്യാഭ്യാസ സഹായങ്ങൾ, നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് നഴ്‌സിങ് സ്‌കോളര്‍ഷിപ്പുമെല്ലാം ആ സന്നദ്ധ പ്രവർത്തനങ്ങളിൽ പെടുന്നു.
1995 ൽ ഹൗസിങ് ബോർഡുമായി സഹകരിച്ച് മുളന്തുരുത്തി വെട്ടിക്കലിൽ പട്ടികജാതി കോളനി ഏറ്റെടുത്തു വീടുകൾ നിർമിച്ചു നൽകുകയും മറ്റ് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. വീടുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുവാൻ ജാതി മത ഭേദങ്ങളൊന്നും അദ്ദേഹത്തിന് തടസമായിരുന്നില്ല. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സൗജന്യ പഠനത്തിനും തൊഴിൽ പരിശീലനത്തിനുമായി തൃപ്പൂണിത്തുറ എരൂരിൽ ജെയ്നി സെന്റർ എന്ന സ്ഥാപനം പ്രവർത്തിക്കുന്നു. മെത്രാഭിഷേകത്തിൻ്റെ, 20 , 25 വാർഷികാഘോഷത്തിൻ്റെ ഭാഗമായി നിർധന യുവതികളുടെ വിവാഹം നടത്തിയിരുന്നു.
അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായവും, മുളന്തുരുത്തി ഗവ. ആശുപത്രിയില്‍ എല്ലാ ദിവസവും രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും അത്താഴ ഭക്ഷണവുമെല്ലാം വർഷങ്ങളായി ട്രസ്റ്റിനു കീഴിൽ നടത്തിവരുന്നു. ഇവിടെ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ കേന്ദ്രവും നടത്തിവരുന്നുണ്ട്. ഒരു മത സംവിധാനത്തിന് കീഴിൽ നിൽക്കുമ്പോഴും സർക്കാരിനോട് സഹകരിച്ച് നിരവധി പ്രവർത്തനങ്ങൾ മാര്‍ ഗ്രിഗോറിയോസ് നടത്തിയിരുന്നു. പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാന സർക്കാരിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തോളോട് തോൾ ചേർന്നു നിന്നു.
തൻ്റെ വൈദിക ജീവിതത്തിൽ, സഭയെ ശക്തിപ്പെടുത്താനുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്കിടയിൽ ഏറെ വിമർശന ശരങ്ങളും മാർ ഗ്രിഗോറിയോസ് നേരിട്ടിരുന്നു. ഓർത്തഡോക്സ് – യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിന് ഇതുവരെ പരിഹാരം കാണാനായില്ലെങ്കിലും ശുഭാപ്തി വിശ്വാസത്തോടെയാണ് ആ വിഷയത്തെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കാലം ചെയ്ത ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയനെതിരെ മുൻപ് നടത്തിയ പരാമർശത്തിൽ കുറ്റബോധം തോന്നിയിരുന്നു. പിന്നീട് അദ്ദേഹത്തെ കണ്ട് തൻ്റെ വൈകാരിക പ്രതികരണത്തിൽ മാപ്പ് ചോദിച്ചിരുന്നുവെന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാർ ഗ്രിഗോറിയസ് വെളിപ്പെടുത്തിയിരുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ കാതോലിക്കയായി വാഴിക്കപ്പെടുമ്പോൾ ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭ വിശ്വാസികൾക്കിത് അഭിമാന മുഹൂർത്തമാണ്. പ്രാദേശിക ഭരണത്തിനായി ക്രമീകരിച്ച കാതോലിക്കേറ്റിലെ 81-ാമത് ബാവയാകും ജോസഫ് മാർ ഗ്രിഗോറിയോസ്. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലിൽ ഇന്ത്യന്‍ സമയം രാത്രി 8.30 ന് ആണ് പ്രധാന ചടങ്ങുകൾ.