fbwpx
മാസപ്പടി കേസിലെ വിധി: കുഴൽനാടൻ്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തള്ളിയെന്ന് എം.വി. ഗോവിന്ദൻ; എംഎൽഎ രാജിവെക്കണമെന്ന് എ.കെ. ബാലൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Mar, 2025 05:18 PM

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു

KERALA


മാസപ്പടി കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഭരണപക്ഷ നേതാക്കൾ. മാത്യു കുഴൽനാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തള്ളിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. മഴവിൽ സഖ്യത്തിന്റെ ഒരാരോപണം കൂടി തകർന്ന് തരിപ്പണമായി. മരിക്കും വരെ മാത്യു കുഴൽനാടൻ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കും. മുഖ്യമന്ത്രിക്കും മകൾക്കും സർക്കാരിനുമെതിരെ ബോധപൂർവമായ പുകമറ സൃഷ്ടിക്കാൻ നടത്തിയ ശ്രമമാണിതെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. തെളിവില്ലാതെ ആരെയെങ്കിലും ശിക്ഷിക്കുമോ, മാധ്യമങ്ങൾക്ക് കിട്ടിയ അടി കൂടിയാണിതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.


ALSO READ: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി തള്ളി ഹൈക്കോടതി


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. മുഖ്യമന്ത്രി കൈകൾ ഉയർത്തി പറഞ്ഞതാണ് ഈ കൈകൾ ശുദ്ധമാണെന്ന്. എത്ര വലിയ ഇരുമ്പാണി അടിച്ചാലും ആ ശരീരത്തിൽ കേറില്ല. ഞങ്ങളെ ആരെയും അതിക്ഷേപിച്ച്‌ സിപിഎമ്മിനെ തകർക്കാൻ ആവില്ല. ഞങ്ങൾ വീണ്ടും ഒരു തുടർ ഭരണത്തിലേക്ക് പോകാൻ ഒരുങ്ങുകയാണെന്നും സജി ചെറിയാൻ പ്രതികരിച്ചു.

വിധിയിൽ മന്ത്രി എം.ബി. രാജേഷ് പ്രതിപക്ഷം പൊളിഞ്ഞെന്ന് പ്രതികരിച്ചു. ഇതുപോലുള്ള അപവാദങ്ങളാണ് പ്രതിപക്ഷം തുടർച്ചയായി ഉന്നയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒന്ന് തീരുമ്പോൾ അടുത്ത പ്രചാരണവുമായി വരുന്നു. എല്ലാം മാധ്യമങ്ങളിൽ നിലനിർത്താൻ മാത്രം. കോടതിയിൽ ഒന്നും നിലനിൽക്കില്ല. മാധ്യമങ്ങൾ എഴുതി കാണിക്കുന്നത് ആശ്വാസം എന്നാണ്. എന്നാൽ കാണിക്കേണ്ടത് പ്രതിപക്ഷം പൊളിഞ്ഞു എന്നാണെന്നും എം.ബി. രാജേഷ് പ്രതികരിച്ചു.


ALSO READ: മാസപ്പടിക്കേസിലെ ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ല, ആരോപണം നിലനിൽക്കും: വി.ഡി. സതീശൻ


മാസപ്പടി കേസിലെ വിധിക്ക് പിന്നാലെ മാത്യു കുഴൽനാടൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്ഥാനം രാജിവെക്കണം. മറ്റൊരു ലാവ്‌ലിൻ പോലെ പിണറായി വിജയനെ അപമാനിക്കാൻ പ്രതിപക്ഷം ശ്രമിച്ചു. മൂന്ന് പ്രാവശ്യം കുഴൽനാടന് പെരടിക്ക് അടി കിട്ടി. കുഴൽനാടൻ മാപ്പല്ല ഇനി പറയേണ്ടത്. കേന്ദ്ര ഏജൻസികളെ സ്വാധീനിച്ച് പിണറായിയെയും കുടുംബത്തെയും അപമാനിക്കാൻ ഗൂഢാലോചന നടത്തിയെന്നും എ.കെ. ബാലൻ പ്രതികരിച്ചു. കേസ് കുപ്പ തൊട്ടിയിലാകുമെന്ന് നേരത്തെ താൻ പറഞ്ഞതാണെന്നും, പ്രതിപക്ഷ നേതാവ് വീണിടത്ത് കിടന്ന് ഇപ്പോൾ ഉരുളുകയാണെന്നും എ.കെ. ബാലൻ പറഞ്ഞു.

മാത്യു കുഴൽനാടൻ എംഎല്‍എയും കളമശേരി സ്വദേശി ഗിരീഷ് ബാബുവും നൽകിയ റിവിഷൻ ഹർജിയിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് കെ. ബാബു ആണ് വിധി പറഞ്ഞത്.


Also Read
user
Share This

Popular

MOVIE
NATIONAL
MOVIE
വിവാദങ്ങൾ കത്തിക്കയറുമ്പോഴും തീയേറ്റർ നിറച്ച് എമ്പുരാൻ; പിന്തുണച്ചും വിമർശിച്ചും പ്രമുഖർ