തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സോനാമാർഗ് മാർക്കറ്റിൽ വൻ തീപിടുത്തം. മാർക്കറ്റിലെ ഒരു ഹോട്ടലിലാണ് ശനിയാഴ്ച വൻ തീപിടുത്തമുണ്ടായത്. അപകടത്തിൽ നിരവധി കടകൾക്കും ഹോട്ടലുകൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം, തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണവും വ്യക്തമായിട്ടില്ല.
സോൻമാർഗ് മാർക്കറ്റിലെ ഹോട്ടൽ സൗൻസാറിലാണ് ഇന്ന് തീപിടുത്തമുണ്ടായത് എന്നാണ് ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസ് റിപ്പോർട്ട് ചെയ്യുന്നത്. അഗ്നിശമന സേന, സൈന്യം, സംസ്ഥാന ദുരന്ത നിവാരണ സേന, നാട്ടുകാർ എന്നിവർ ചേർന്നാണ് തീ അണച്ചത്.
ALSO READ: ഡല്‍ഹിയിലെ ജനവിധി സവിനയം അംഗീകരിക്കുന്നു; ജനങ്ങള്‍ക്കായി ഇനിയും പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി
അഞ്ച് അഗ്നിശമന യൂണിറ്റാണ് തീ അണയ്ക്കാനായെത്തിയത്. തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയെന്നും ഗണ്ടർബാൽ ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. പ്രദേശത്ത് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ തദ്ദേശ ഭരണകൂടത്തിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്‌സിലൂടെ അറിയിച്ചു.
സോൻമാർഗ് മാർക്കറ്റിലുണ്ടായ വിനാശകരമായ തീപിടുത്തത്തിൽ അഗാധമായി ദുഃഖം രേഖപ്പെടുത്തുന്നു. പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ആവശ്യമുള്ളവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. എല്ലാവിധ പിന്തുണകളും നൽകുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.