പദ്ധതി കൊണ്ട് ജലദൗർലഭ്യം ഉണ്ടാകില്ലെന്ന് രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറിയെ അറിയിച്ചു
മദ്യ കമ്പനി വിവാദത്തിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. എം.എൻ സ്മാരകത്തിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. നിർദിഷ്ട മദ്യനിർമാണശാല പദ്ധതിയെപ്പറ്റി മന്ത്രി, ബിനോയ് വിശ്വത്തോട് വിശദീകരിച്ചു.
പദ്ധതി കൊണ്ട് ജലദൗർലഭ്യം ഉണ്ടാകില്ലെന്ന് രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറിയെ അറിയിച്ചു. രണ്ട് ദിവസം മുൻപായിരുന്നു കൂടിക്കാഴ്ച. പദ്ധതിയെ ബിനോയ് വിശ്വം എതിർത്തില്ലെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനപ്പെട്ട കാര്യങ്ങൾ വരുമ്പോൾ എല്ലാരെയും കാണാറുണ്ടെന്നായിരുന്നു കൂടിക്കാഴ്ചയെപ്പറ്റിയുള്ള എം.ബി. രാജേഷിന്റെ പ്രതികരണം. മന്ത്രിസഭ അംഗീകരിച്ച കാര്യമാണിതെന്നും പ്രത്യേകിച്ച് ബോധ്യപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ ബിയർ പാർലറുകൾ ടൂറിസം കേന്ദ്രങ്ങളിലാണ് ആരംഭിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളായി അംഗീകരിച്ച സ്ഥലങ്ങളാണതെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
കഞ്ചിക്കോട് മദ്യനിർമാണ കമ്പനിയെപ്പറ്റി പാലക്കാട് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് ഈ മാസം 25 ന് ചർച്ച ചെയ്യാനിരിക്കെയാണ് മന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും കൂടിക്കാഴ്ച. പ്രാദേശിക നേതൃത്വം അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് ചർച്ച. ശേഷം നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിക്കാനാണ് ജില്ലാ കമ്മിറ്റി തീരുമാനം.
Also Read: മദ്യ നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം; നിയമസഭയിൽ ഇന്ന് മുഖ്യമന്ത്രിയുടെ മറുപടി
അതേസമയം, എലപ്പുള്ളിയിൽ മദ്യ പ്ലാന്റ് നിർമിക്കാൻ അനുമതി ലഭിച്ചതിൽ വിശദീകരണവുമായി മദ്യനിർമാണ കമ്പനി ഒയാസിസ് രംഗത്തെത്തി. വെള്ളത്തിനായി ഭൂഗർഭ ജലം ഉപയോഗിക്കില്ല. ജലത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും പ്ലാന്റ് പ്രവർത്തിക്കാനുള്ള വെള്ളം മഴ വെള്ള സംഭരണിയിൽ നിന്ന് ശേഖരിക്കുമെന്നുമാണ് വിശദീകരണത്തിൽ പറയുന്നത്. ഇതിനായി അഞ്ച് ഏക്കർ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ 1200 പ്രദേശവാസികൾക്ക് കമ്പനിയിൽ ജോലി നൽകുമെന്ന വാഗ്ദാനവും ഒയാസിസ് നൽകി.