സിഎൻഎൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് നെയ്മർ ജൂനിയർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്
മെസ്സിയും സുവാരസുമായുള്ള കൂടിച്ചേരൽ ശരിക്കും ആഗ്രഹിക്കുന്നുണ്ടെന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ. മെസ്സിയും സുവാരസുമായുള്ള കൂടിച്ചേരൽ ശരിക്കും ആവേശകരമായൊരു കാര്യമായിരിക്കും. അവർ എൻ്റെ സുഹൃത്തുക്കളാണ്. ഞങ്ങൾ ഇപ്പോഴും പരസ്പരം സംസാരിക്കാറുണ്ട്. ബാഴ്സലോണയിലെ പോലെ ഇൻ്റർ മിയാമിയിൽ 'MSN' പുനരുജ്ജീവിപ്പിക്കുന്നത് രസകരമായിരിക്കും. എന്നാൽ, ഞാൻ ഇപ്പോൾ അൽ ഹിലാലിൽ സന്തോഷവാനാണ്. ഞാൻ സൗദിയിൽ തുടരുന്നതിൽ സന്തോഷിക്കുന്നു. പക്ഷേ ഫുട്ബോളിൽ നാളെ എന്താവുമെന്ന് ഇപ്പോൾ പറയാനാകില്ല. സിഎൻഎൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ നെയ്മർ ജൂനിയർ പറഞ്ഞു.
ഫ്രഞ്ച് ഫുട്ബോൾ ലീഗായ ലീഗ് വണ്ണിനേക്കാൾ മികച്ചത് സൗദി പ്രോ ലീഗാണെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിപ്രായത്തോട് യോജിക്കുന്നതായും നെയ്മർ ജൂനിയർ പറഞ്ഞു. “ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് യോജിക്കുന്നു. ഇന്നത്തെ നിലവാരം വെച്ച് സൗദി പ്രോ ലീഗ് ഫ്രഞ്ച് ലീഗിനേക്കാളും മികച്ചതാണെന്ന് പറയേണ്ടി വരും. സൗദി പ്രോ ലീഗിൻ്റെ നിലവാരം വർധിച്ചുകൊണ്ടിരിക്കുകയാണ്, കളിക്കാരും മികച്ചവരാണ്. എന്നാൽ ലീഗ് വണ്ണിന് അതിൻ്റെ മികവുണ്ട്. ഫ്രഞ്ച് ലീഗ് വളരെ ഉയർന്ന തലത്തിലുള്ള ചാംപ്യൻഷിപ്പാണ്. എനിക്കത് നന്നായി അറിയാം... പക്ഷേ സൗദി ഏറെ മുന്നിലാണ്," അൽ ഹിലാൽ താരമായ നെയ്മർ പറഞ്ഞു.
ബ്രസീലിനൊപ്പം അടുത്ത ലോകകപ്പിൽ കളിക്കുമെന്ന സൂചനയും താരം നൽകി. “തീർച്ചയായും 2026 ലോകകപ്പിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് തീർച്ചയായും എൻ്റെ പ്ലാനുകളുടെ ഭാഗമാണ്. ബ്രസീലിനൊപ്പം ജയിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. ഞങ്ങളുടെ ടീമിനെ പൂർണമായി വിശ്വസിക്കുന്നതിനാൽ ഞാൻ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു," 32കാരനായ ബ്രസീൽ സൂപ്പർതാരം പറഞ്ഞു.
ALSO READ: 2034ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍; 2030ല്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ വേദിയാകും