ഒരുപക്ഷത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചാൽ എങ്ങനെയാണ് മധ്യസ്ഥതയ്ക്ക് സാധ്യത ഒരുങ്ങുകയെന്നാണ് മറ്റൊരു ചോദ്യം
ഗാസയ്ക്ക് പിന്നാലെ പശ്ചിമേഷ്യ അടുത്തൊരു യുദ്ധത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ്. ലോക പൊലീസ് കളിക്കുന്ന അമേരിക്കയുടെ പശ്ചിമേഷ്യയിലെ സ്വാധീനം നഷ്ടപ്പെടുന്നതിൻ്റെ സൂചനയാണോ ഗാസ ലബനനൻ യുദ്ധങ്ങളെന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. അമേരിക്കയുടെ ലോക നയതന്ത്രനയങ്ങൾ പരാജയപ്പെടുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കും കുറവില്ല.
ഗാസാ യുദ്ധത്തിൽ ഖത്തർ, ഈജിപ്ത് എന്നിവ അമേരിക്കയുടെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ്, ഇസ്രയേൽ ലബനനിലേക്ക് ആക്രമണം തുടങ്ങുന്നത്. സഖ്യകക്ഷിയായ ഇസ്രയേലിനെ വരുതിയിലാക്കി ഗാസയുദ്ധം അവസാനിപ്പിക്കാൻ കഴിയാത്ത അമേരിക്ക, എങ്ങനെയാണ് ലബനൻ യുദ്ധത്തെ അവസാനിപ്പിക്കുകയെന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇസ്രയേലിന് നൽകുന്ന പരിപൂർണ പിന്തുണയാണ് അമേരിക്കയുടെ നയതന്ത്രബന്ധത്തിന് വിലങ്ങുതടിയാകുന്നത്.
ഒരുപക്ഷത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചാൽ എങ്ങനെയാണ് മധ്യസ്ഥതയ്ക്ക് സാധ്യത ഒരുങ്ങുകയെന്നാണ് മറ്റൊരു ചോദ്യം. വടക്കൻ ഇസ്രയേലിലേക്ക് ആക്രമണം നടത്തി ഹിസ്ബുള്ളയും ചെങ്കടലിൽ ഹൂതികളും ഇസ്രയേൽ നിലപാടുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുകയാണ്. ഇതോടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്നു.
അമേരിക്കയുടെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ഈ നയതന്ത്രശ്രമങ്ങളുടെ പരാജയം. അമേരിക്ക ഉൾപ്പടെയുള്ള സഖ്യകക്ഷികൾ യുഎൻ സുരക്ഷാ സമിതിയിൽ മണിക്കൂറുകളാണ് ലെബനനൻ-ഇസ്രയേൽ വിഷയം ചർച്ച ചെയ്തത്. ഒടുവിൽ 21 ദിവസം വെടിനിർത്തൽ എന്ന തീരുമാനം മുന്നോട്ട് വെച്ചെങ്കിലും അതിനോടും ഇസ്രയേൽ മുഖം തിരിച്ചു.
ലെബനനൻ പ്രധാനമന്ത്രി യുഎൻ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ വടക്കൻ ഇസ്രയേലിലെ ജനതക്ക് തിരിച്ചുപോകാനുള്ള സാഹചര്യമുണ്ടായാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂവെന്നായിരുന്നു ഇസ്രയേൽ നിലപാട്. ലബനനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതിനകം അമേരിക്ക അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. യുഎന്നിൽ ഇസ്രയേലിന് വേണ്ടി നിലകൊള്ളുന്ന, ഇസ്രയേലിന് വേണ്ടി ആയുധങ്ങൾ നൽകുന്ന അമേരിക്കയുടെ മുന്നിൽ എന്തുകൊണ്ടാണ് ഇസ്രയേൽ വഴങ്ങാത്തത്? അവിടെയാണ് അമേരിക്കയുടെ നയതന്ത്ര പരാജയം മറനീക്കി പുറത്തുവരുന്നത്.
ഒക്ടോബർ ഏഴിന് ശേഷം യു.എസ് ആഭ്യന്തര സെക്രട്ടറി ആൻ്റണി ബ്ലിങ്കൺ ഒമ്പത് തവണയാണ് പശ്ചിമേഷ്യ സന്ദർശിച്ചത്. ബൈഡൻ ഭരണകൂടം പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള ഈ ശ്രമത്തിന് തെരഞ്ഞെടുപ്പ് ബന്ധം കൂടിയുണ്ട്. പശ്ചിമേഷ്യ ശാന്തമായാൽ ബൈഡൻ ഭരണകൂടത്തിന് അതൊരു പൊൻ തൂവലായി ഉയർത്തിക്കാട്ടാം. ഇത് കമലാ ഹാരിസിൻ്റെ പ്രചാരണത്തിനും ഉപയോഗിക്കാം. ഇസ്രയേലിനെ പിന്തുണക്കുന്ന കമലാ ഹാരിസിൻ്റെ നിലപാടിനെതിരെ ഇതിനകം ഡൊമോക്രാറ്റ് പ്രവർത്തകർക്കിടയിൽ തന്നെ മുറുമുറുപ്പുണ്ട്. ഈ സാഹചര്യത്തിൽ പശ്ചിമേഷ്യ ശാന്തമാകേണ്ടത് അമേരിക്കയുടെ കൂടി ആവശ്യമാണെന്നിരിക്കെയാണ് നയതന്ത്ര പരാജയം കൂടുതൽ ചർച്ചയാകുന്നത്.