തന്റെ വോട്ട് ബാങ്ക് അപകടത്തിലാണെന്ന് തോന്നുന്നതിനാലാണ് സ്റ്റാലിൻ ദേശത്തിൻ്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗി ആദിത്യനാഥിൻ്റെ പരാമർശം
ത്രിഭാഷ നയ വിവാദത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമർശനത്തിന് മറുപടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. യോഗിയുടെ പരാമർശങ്ങൾ വിരോധാഭാസമല്ല, മറിച്ച് 'ഇരുണ്ട രാഷ്ട്രീയത്തിൻ്റെ ബ്ലാക്ക് കോമഡി' ആണെന്നായിരുന്നു സ്റ്റാലിൻ്റെ പ്രസ്താവന. തമിഴ്‌നാട് ഒരു ഭാഷയെയും എതിർക്കുന്നില്ല. എന്നാൽ അടിച്ചേൽപ്പിക്കലിനും വർഗീയതയ്ക്കും സംസ്ഥാനം എതിരാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് സ്റ്റാലിൻ്റെ മറുപടി.
യോഗി ആദിത്യനാഥ് എഎൻഐക്ക് നൽകിയ അഭിമുഖം പങ്കുവെച്ചുകൊണ്ടായിരുന്നു സ്റ്റാലിൻ്റെ പോസ്റ്റ്. 'ദ്വിഭാഷാ നയത്തെയും അതിർത്തി നിർണയത്തെയും കുറിച്ചുള്ള തമിഴ്‌നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി പ്രതിധ്വനിക്കുകയാണ്. ബിജെപി ഇതിൽ അസ്വസ്ഥരാണ്. അവരുടെ നേതാക്കളുടെ അഭിമുഖങ്ങൾ ഒന്ന് കണ്ടു നോക്കൂ,' സ്റ്റാലിൻ എക്സിൽ കുറിച്ചു.
"യോഗി ആദിത്യനാഥ് ഞങ്ങൾക്ക് വെറുപ്പിനെക്കുറിച്ച് ക്ലാസെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഞങ്ങളെ ഒഴിവാക്കിയേക്കൂ. ഇത് വിരോധാഭാസമല്ല, മറിച്ച് ഏറ്റവും ഇരുണ്ട രാഷ്ട്രീയത്തിൻ്റെ ബ്ലാക്ക് കോമഡിയാണ്. ഞങ്ങൾ ഒരു ഭാഷയെയും എതിർക്കുന്നില്ല, അടിച്ചേൽപ്പിക്കലിനെയും വർഗീയതയെയും ഞങ്ങൾ എതിർക്കുന്നു. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്," സ്റ്റാലിൻ്റെ എക്സ് പോസ്റ്റിൽ പറയുന്നു.
വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എം.കെ. സ്റ്റാലിനെക്കുറിച്ചുള്ള യോഗി ആദിത്യനാഥിൻ്റെ വിവാദ പരാമർശം. തന്റെ വോട്ട് ബാങ്ക് അപകടത്തിലാണെന്ന് തോന്നുന്നതിനാലാണ് സ്റ്റാലിൻ ദേശത്തിൻ്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഭാഷയുടെയോ പ്രദേശത്തിന്റെയോ അടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെടരുത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭാഷകളിൽ ഒന്നാണ് തമിഴ്, അതിന്റെ ചരിത്രം സംസ്കൃതം പോലെ പുരാതനമാണ്. ഇന്ത്യൻ പൈതൃകത്തിന്റെ പല ഘടകങ്ങളും ഇപ്പോഴും ഭാഷയിൽ നിലനിൽക്കുന്നതിനാൽ ഓരോ ഇന്ത്യക്കാരനും തമിഴിനോട് ബഹുമാനവും ആദരവും ഉണ്ട്. അപ്പോൾ, നമ്മൾ എന്തിനാണ് ഹിന്ദിയെ വെറുക്കുന്നതെന്നും യോഗി ആദിത്യനാഥ് ചോദിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയം അംഗീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാൻ പ്രകാരം തമിഴ്‌നാടിന് ലഭിക്കേണ്ട വിഹിതമായ 2,158 കോടി രൂപ നല്കില്ലെന്ന ധർമേന്ദ്ര പ്രധാന്റെ പ്രസ്താവനയാണ് കേന്ദ്ര- തമിഴ്നാട് പോരിന് തുടക്കമിട്ടത്. തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷാപദ്ധതി പിന്തുടരുന്ന തമിഴ്‌നാട്, പ്രധാൻ്റെ പരാമർശം ഭീഷണിയാണെന്നും അത് വിലപോകില്ലെന്നും പറഞ്ഞു. തമിഴിനും ഇംഗ്ലീഷിനുമൊപ്പം ഹിന്ദികൂടി ഉൾപ്പെടുത്തുന്ന 2020 ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാപദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിൽ ഡിഎംകെ സർക്കാർ ഉറച്ചുനിന്നു. ബിജെപി ഒഴികെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഡിഎംകെയ്ക്കൊപ്പം നിലകൊണ്ട് ഇതിനോടകം പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.