ചോദ്യപേപ്പർ ചോർച്ചയിൽ സിഇഒ മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് പുതിയ പരസ്യം പുറത്തിറക്കിയിരിക്കുന്നത്
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ സിഇഒ പിടിയിലായതിനു പിന്നാലെ വീണ്ടും വാഗ്ദാനവുമായി എംഎസ് സൊല്യൂഷൻസ്. എസ്എസ്എൽസി വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്സ്അപ്പ് വഴി ലഭ്യമാക്കുന്നുവെന്നാണ് പുതിയ പരസ്യം. 199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് എന്നാണ് പരസ്യത്തിന്റെ തല വാചകം. പിഡിഎഫ് ഫയൽ ആയി ചോദ്യങ്ങളും ഉത്തരങ്ങളും നൽകാമെന്നാണ് വാഗ്ദാനം. ചോദ്യപേപ്പർ ചോർച്ചയിൽ സിഇഒ മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് പുതിയ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. ഇത്തവണ യൂട്യൂബ് ചാനൽ വഴിയല്ല വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് എംഎസ് സൊല്യൂഷന്റെ പരസ്യം.
ഹൈക്കോടതി ജാമ്യം തള്ളിയ സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ കീഴടങ്ങുകയായിരുന്നു മുഹമ്മദ് ഷുഹൈബ്. കേസില്‍ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ചിനാണ് നിലവിൽ കേസന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട് മലപ്പുറം മേല്‍മുറി മഅ്ദിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണായ പനങ്ങാങ്ങര സ്വദേശി അബ്ദുള്‍ നാസറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. വാട്‌സ്ആപ്പ് വഴിയാണ് നാസര്‍ എംഎസ് സൊലൂഷന്‍സിലെ അധ്യാപകന്‍ ഫഹദിന് ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിയത്. മുമ്പും ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയിരുന്നതായി പ്രതി അബ്ദുള്‍ നാസര്‍ സമ്മതിച്ചു. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വണ്‍ പരീക്ഷയുടെ കണക്ക് എന്നിവയുടെ ചോദ്യപേപ്പറുകള്‍ ഫോട്ടോയെടുത്ത് വാട്‌സ്ആപ്പ് വഴി അയച്ചു നല്‍കുകയായിരുന്നു. ഇയാള്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് ഫഹദ് മുന്‍പ് പ്രധാന അധ്യാപകനായി ജോലി ചെയ്തിരുന്നത്. ഈ ബന്ധത്തിന്റെ പുറത്താണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടില്ല. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
Also Read: കോട്ടയം മെഡിക്കൽ കോളേജിൽ ഒളിക്യാമറ; നഴ്സിങ് ട്രെയിനിയായ യുവാവ് പിടിയിൽ
അതേസമയം, ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഢാലോചന നടന്നെന്ന് എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബ് ആരോപിച്ചിരുന്നു. എംഎസ് സൊല്യൂഷൻസിനെ തകർക്കാൻ ഒരു പ്രധാന സ്ഥാപനം ശ്രമിക്കുന്നെന്നും അതിന്റെ ഭാഗമായാണ് കേസെന്നുമാണ് സിഇഒയുടെ ആരോപണം. തെളിവുകൾ കൈവശമുണ്ടെന്നും, മലപ്പുറത്തെ പ്യൂണിൽ നിന്നും ചോദ്യപേപ്പർ കൈപ്പറ്റിയ അധ്യാപകൻ ഫഹദിനെ എംഎസ് സൊല്യൂഷൻസിലേക്ക് അയച്ചത് മറ്റൊരു സ്ഥാപനമാണെന്നും ഷുഹൈബ് ആരോപിച്ചിരുന്നു.