സർക്കാർ അടക്കം എതിർ കക്ഷികളുടേയും ഹർജിക്കാരുടേയും വാദം പൂർത്തിയാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജിയിൽ വിധി പറയുന്നത്
മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരായ വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സർക്കാർ അടക്കം എതിർ കക്ഷികളുടേയും ഹർജിക്കാരുടേയും വാദം പൂർത്തിയാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജിയിൽ വിധി പറയുന്നത്. ഫാറൂഖ് കോളേജ് മാനേജ്മെന്‍റും ചില പ്രദേശവാസികളുമാണ് കേസിലെ മറ്റ് എതിർകക്ഷികൾ.
ALSO READ: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇടിമിന്നല്‍ അപകടം; ജാഗ്രതാ മുന്നറിയിപ്പ്
വഖഫ് സംരക്ഷണ വേദിയുടെ ഹർജി നിലനിൽക്കില്ലെന്ന വാദമാണ് സർക്കാർ ഉന്നയിച്ചിരിക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അർഹരായവരോ അല്ല ഹർജിക്കാർ. മുനമ്പം ഭൂമി വിഷയത്തിൽ വസ്തുതാന്വേഷണമാണ് നടക്കുന്നതെന്നും ഇതിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ അധികാരമുണ്ടെന്നുമാണ് സർക്കാർ വാദം. മുൻ കോടതി ഉത്തരവുകളും വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിൽ വിഷയവും നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് കോടതി വാക്കാൽ സംശയം ഉന്നയിച്ചിരുന്നു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ഇഷ്ടദാനമാണെന്നുമാണ് ഭൂമിയുടെ കൈവശാവകാശം ഉണ്ടായിരുന്ന കോഴിക്കോട് ഫാറൂഖ് കോളജിന്‍റെ വാദം. ഫാറൂഖ് കോളജ് അധികൃതരിൽ നിന്ന് വാങ്ങിയ ഭൂമിയാണ് തങ്ങളുടേതെന്നും വഖഫ് ഭൂമി അല്ലെന്നും ഭൂമിയിൽ അവകാശമുന്നയിക്കുന്നവരും വാദിക്കുന്നു. ഹർജി സമർപ്പിച്ചതിനെ തുടർന്ന് കമ്മീഷൻ പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.