രാവിലെ 9 മുതല്‍ വൈകിട്ട് ആറു വരെ സെക്രട്ടേറിയറ്റും പ്രധാന റോഡും ഉപരോധിക്കാനാണ് സമരക്കാരുടെ തീരുമാനം.
രാപ്പകല്‍ സമരം തുടരുന്ന ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുത്ത് 100 കണക്കിന് ആശാപ്രവര്‍ത്തകര്‍. പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണമെന്ന് സമരസമിതി നേതാവ് എസ്. മിനി ആവശ്യപ്പെട്ടു. ആശാ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ സര്‍ക്കാരുമായി ഇനി ചര്‍ച്ച ഉണ്ടാകില്ല എന്ന കടുത്ത സൂചനയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ നല്‍കിയത്. രാജ്യസഭയെ തെറ്റിധരിപ്പിച്ചു എന്ന് ചൂണ്ടികാട്ടി ആശാവിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ സിപിഐ എം.പി സന്തോഷ് കുമാര്‍ അവകാശലംഘന നോട്ടീസ് നല്‍കി.
സമരം 36 ആം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് ഉപരോധം. സമരത്തിന്റെ രണ്ടാംഘട്ടം എന്ന നിലയിലാണ് ഉപരോധം. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് അതിശക്തമായ പ്രകടനവുമായി ആശാപ്രവര്‍ത്തകര്‍ തടിച്ചു കൂടിയത്.
ALSO READ: ലഹരിക്ക് ഇരയായവരെ ഇരയായി തന്നെ കാണണം; അവർക്ക് മറ്റൊരു ചിത്രം നൽകേണ്ടതില്ല: മുഖ്യമന്ത്രി
രാവിലെ 9 മുതല്‍ വൈകിട്ട് ആറു വരെ സെക്രട്ടേറിയറ്റും പ്രധാന റോഡും ഉപരോധിക്കാനാണ് സമരക്കാരുടെ തീരുമാനം. സ്ത്രീകളുടെ ആവശ്യങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കാത്ത ഇടതുപക്ഷ സര്‍ക്കാരിനെ രൂക്ഷ ഭാഷയിലാണ് സമരസമിതി നേതാവ് എസ്. മിനി നേരിട്ടത്.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം. തുടര്‍ ചര്‍ച്ചകള്‍ വിഷയത്തില്‍ ഉണ്ടാകില്ലെന്ന് സൂചനയാണ് ടി.പി. രാമകൃഷ്ണന്‍ നല്‍കിയത്.
പാര്‍ലമെന്റില്‍ അടക്കം ചര്‍ച്ചയായ ആശ വിഷയത്തില്‍ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടികാട്ടി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡക്ക് എതിരെ സിപിഐ എം.പി സന്തോഷ് കുമാര്‍ അവകാശ ലംഘന നോട്ടീസ് നല്‍കി.
എന്‍എച്ച്എം സംഘടിപ്പിക്കുന്ന പരിശീലന പരിപാടി അടക്കം ബഹിഷ്‌കരിച്ചാണ് ആശാപ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുത്തത്. ആശ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധം ഉണ്ടെന്ന ആരോപണം പരിശീലന ഉത്തരവോടെ ശക്തമായി. അനുകൂല നിലപാട് സ്വീകരിക്കും വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് സമരക്കാരുടെയും തീരുമാനം.