അതിർത്തിയിലെ സമാധാനത്തിനാണ് ഇന്ത്യ മുന്‍ഗണന കൊടുക്കുന്നതെന്നും ജിന്‍പിങിനോട് മോദി പറഞ്ഞു
ഇന്ത്യ-ചെെന ബന്ധത്തിലെ വിള്ളലുകള്‍ പരിഹരിക്കുന്നതിന് കെെകൊടുത്ത് ബ്രിക്സ് വേദിയില്‍ മോദി-ഷീ ജിന്‍പിങ് കൂടിക്കാഴ്ച. പരസ്പര വിശ്വാസവും സഹിഷ്ണുതയുമായിരിക്കണം ഇന്ത്യ-ചെെന ബന്ധത്തിന്‍റെ അടിത്തറയെന്നും, അതിർത്തിയിലെ സമാധാനത്തിനാണ് ഇന്ത്യ മുന്‍ഗണന കൊടുക്കുന്നതെന്നും ജിന്‍പിങിനോട് മോദി പറഞ്ഞു.
2020ലെ ഗൽവാൻ സംഘർഷത്തെ തുടർന്ന് മുറിവേറ്റ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനും ഇന്ത്യ-ചെെന സഹകരണം മെച്ചപ്പെടുത്താനും ബുധനാഴ്ച കസാനിലെ ബ്രിക്‌സ് ഉച്ചകോടി വേദിയിലുണ്ടായ മോദി-ഷീ ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണയിലെത്തി. പരസ്പര വിശ്വാസവും സഹിഷ്ണുതയും അടിത്തറയാക്കിയുള്ള ഇന്ത്യ-ചെെന ബന്ധത്തെ സ്വാഗതം ചെയ്യുന്നതായി മോദി പറഞ്ഞു. അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനാണ് മുൻഗണനയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണെന്നും, അഭിപ്രായ വ്യത്യാസം ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നും ഷി ജിൻപിങ് മോദിയോട് ആവശ്യപ്പെട്ടതായി ചെെനീസ് മാധ്യമം സിസിടിവി റിപ്പോർട്ടു ചെയ്തു.
നാല് വർഷമായി നിയന്ത്രണരേഖയിലുള്ള അസ്വാരസ്യങ്ങളില്‍ ന്യൂഡല്‍ഹിയും ബീജിംങും സമവായ കരാറിലെത്തിയതിന് പിന്നാലെയായിരുന്നു കസാനില്‍ ഷി-മോദി കൂടിക്കാഴ്ച. അഞ്ച് വർഷത്തിനിടെ ഇരു നേതാക്കള്‍ക്കുമിടയിലുണ്ടായ ആദ്യ ഔപചാരിക ചർച്ചയാണിത്. പുതിയ അനുരഞ്ജന ധാരണപ്രകാരം, ചൈനയില്‍ നിന്നുള്ള നിക്ഷേപം വർധിപ്പിക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
ബ്രിക്സ് രാജ്യങ്ങള്‍ക്കിടയിലെ സംയുക്ത വ്യാപാര കരാറായ കസാൻ ഡിക്ലറേഷനും ബുധനാഴ്ച അവതരിപ്പിക്കപ്പെട്ടു. ആഗോളവിനിമയത്തില്‍ ഡോളറിന് ബദലായി ധാന്യവിനിമയം അവതരിപ്പിക്കുന്നതിനുള്ള നിർദേശമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുരാജ്യമായ റഷ്യ കരാറില്‍ മുന്നോട്ടുവെച്ചത്. അടുത്ത ഘട്ടത്തില്‍ എണ്ണ, വാതകം, ലോഹങ്ങൾ തുടങ്ങിയ പ്രധാന ചരക്കുകളുടെ വിനിമയത്തിലേക്ക് പദ്ധതി വികസിപ്പിക്കാമെന്നാണ് മുന്നോട്ടു വെച്ചിരിക്കുന്ന നിർദേശം.
ALSO READ: പ്രത്യുൽപ്പാദന ആരോഗ്യത്തില്‍ അസമത്വം; ഗർഭഛിദ്ര നിയമങ്ങള്‍ക്ക് ഇരകളായി കറുത്ത വംശജരായ സ്ത്രീകള്‍
ഭീകരവാദവും യുദ്ധവും വിഷയമായ സമ്മേളനത്തില്‍ ഉക്രെയ്‌ന്‍ സംഘർഷവുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ ബ്രിക്‌സ് നേതാക്കളിൽ നിന്ന് റഷ്യ പിന്തുണ തേടി. ഇറാന്‍ അടക്കം ബ്രിക്സ് അംഗങ്ങൾക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ ഏകപക്ഷീയ ഉപരോധത്തേയും റഷ്യ അപലപിച്ചു.