മക്കളെയും കൂട്ടി താഴെ എത്താൻ പ്രദേശവാസികളുടെ സഹായം ലഭിച്ചുവെന്നും രാമചന്ദ്രന്റെ മകൾ പറഞ്ഞു
അക്രമകാരികൾ എത്തിയത് പട്ടാളവേഷത്തിലല്ലെന്ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മകൾ ന്യൂസ് മലയാളത്തോട് പറഞ്ഞു. തൻ്റെ അടുത്ത് എത്തിയവരെ കൃത്യമായി കണ്ടതാണ്.കൊലയാളികളെ താൻ കൃത്യമായി കണ്ടു. അച്ഛന് വെടിയേറ്റത് കൺമുന്നിൽ വച്ചാണ്. അമ്മയെ അറിയിക്കാതിരിക്കുക എന്നത് ഏറെ പ്രയാസമേറിയ കാര്യമായിരുന്നു. പ്രദേശവാസികളാണ് തളർന്നിരുന്ന തന്നെ സഹായിച്ചത്. മക്കളെയും കൂട്ടി താഴെ എത്താൻ പ്രദേശവാസികളുടെ സഹായം ലഭിച്ചുവെന്നും രാമചന്ദ്രന്റെ മകൾ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് രാമചന്ദ്രന്റെ സംസ്കാരം നടത്തുക. എഐ 503 എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം ഡൽഹിയിൽ നിന്ന് രാത്രി 7.30ഓടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷിനു പുറമേ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരായ പി. പ്രസാദും ജെ. ചിഞ്ചുറാണിയും രാമചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശ്ശേരി വിമാന തവളത്തിലെത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരടക്കമുള്ള നേതാക്കളും പൊതുപ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് മൃതദേഹം റിനൈ മെഡിസിറ്റി ഹോസ്പിറ്റൽ മോർച്ചറിയിലേയ്ക്ക് കൊണ്ടുപോയി. മൃതദേഹം നാളെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മുതൽ ഒൻപത് വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിൽ സംസ്കാരo ചടങ്ങുകൾ നടക്കും.