ബിജെപി എംഎൽഎയുടെ ആരോപണത്തിനെതിരെ പരാതിയുമായി രാജസ്ഥാൻ റോയൽസ് മുന്നോട്ടുപോകുന്നുണ്ട് പക്ഷേ ആരാധകർക്ക് ആവശ്യം ജയം കൊണ്ടുള്ള മറുപടിയാണ്. അതുണ്ടാകുമോ ചിന്നസ്വാമിയിൽ എന്നാണ് ചോദ്യം.
ഇന്ന് സൂപ്പർ പോരാട്ടത്തിൽആർസിബി, രാജസ്ഥാൻ റോയൽസിനെ നേരിടും.വൈകീട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം.ഒത്തുകളിയാരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് രാജസ്ഥാൻ കളത്തിലേക്കിറങ്ങുന്നത്.കണ്ണിന് കണ്ണ്. പല്ലിന് പല്ല്.പകരം ചോദിക്കാനിറങ്ങുകയാണ് ഐപിഎൽ പോരാട്ടത്തിൽ ടീമുകൾ. റിവഞ്ച് വീക്കിലെ പോരിൽ ആർസിബിയോട് കണക്ക് തീർക്കാനാണ് രാജസ്ഥാൻ റോയൽസിൻ്റെ നീക്കം.അതും ആർസിബിയുടെ മണ്ണിൽ. പക്ഷേ പോരിനിറങ്ങുമ്പോൾ ഒത്തുകളിച്ച് തോറ്റെന്ന ആരോപണത്തിന് മറുപടി കൂടി നൽകണം റോയൽസിന്.
ലഖ്നൗവിനെതിരെ രണ്ട് റൺസിന് ടീം തോറ്റത് ഒത്തുകളിച്ചെന്നാണ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ്ഹോക് കമ്മിറ്റി കൺവീനർ ജയ്‌ദീപ് ബിഹാനിയുടെ ആരോപണം.2013ൽ ഐപിഎല്ലിനാകെ കളങ്കമായ ഒത്തുകളിയുടെ കേസ് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസത്തെ മത്സരവും തോറ്റുകൊടുത്തതാണെന്ന ആരോപണം.ബിജെപി എംഎൽഎയുടെ ആരോപണത്തിനെതിരെ പരാതിയുമായി രാജസ്ഥാൻ റോയൽസ് മുന്നോട്ടുപോകുന്നുണ്ട് പക്ഷേ ആരാധകർക്ക് ആവശ്യം ജയം കൊണ്ടുള്ള മറുപടിയാണ്. അതുണ്ടാകുമോ ചിന്നസ്വാമിയിൽ എന്നാണ് ചോദ്യം.
ആർസിബിക്കെതിരെ ഇറങ്ങുമ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ അസാന്നിധ്യമാണ് രാജസ്ഥാന് തിരിച്ചടിയാവുക.പരിക്ക് പൂർണമായും ഭേദമാകാത്ത സഞ്ജുവിന് ഇന്നത്തെ മത്സരവും നഷ്ടമാകും. പരിക്കിൻ്റെ ആശങ്കയ്ക്കിടയിലും 7 മത്സരത്തിൽ 224 റൺസ് നേടിയ സഞ്ജുവാണ് രാജസ്ഥാനായി ഏറ്റവുമധികം റൺസ് നേടിയ രണ്ടാമത്തെ താരം.
സഞ്ജുവിൻ്റെ അസാന്നിധ്യത്തിൽ രാജസ്ഥാൻ റെക്കോർഡിലേക്ക് എഴുതിച്ചേർത്ത ഓപ്പണർ വൈഭവ് സൂര്യവൻഷി ഇന്നും കളത്തിലിറങ്ങിയേക്കും.14 വയസ്സിൽ ഐപിഎല്ലിൽ അരങ്ങേറി റെക്കോർഡിട്ട വൈഭവിൻ്റെ പ്രായം സംബന്ധിച്ച തർക്കം ഇപ്പോഴും തുടരുകയാണ്.2023ൽ ഒരു അഭിമുഖത്തിൽ പതിനാല് വയസ്സെന്ന് വൈഭവ് പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് പ്രായം 14 അല്ലെന്ന് സാമൂഹികമാധ്യമങ്ങളിലെ വിമർശനം. എന്തായാലും കൗമാരക്കാരൻ പയ്യൻ സിക്‌സറോടെ അരങ്ങേറി ഏവരുടെയും കൈയ്യടി വാങ്ങി.
20 പന്തിൽ 34 റൺസാണ് വൈഭവ് അരങ്ങേറ്റത്തിൽ നേടിയത്. രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും നേടി വൈഭവ്.170 സ്ട്രൈക്ക് റേറ്റിലായിരുന്നു പ്രകടനം.ഇന്നും വൈഭവിനെ പരീക്ഷിച്ചേക്കും രാജസ്ഥാൻ. പക്ഷേ രാജസ്ഥാൻ്റെ ബാറ്റിംഗ് നിരയുടെ മെല്ലെപ്പോക്കാണ് ടൂർണമെൻ്റിൽ ടീമിനെ വലയ്ക്കുന്നത്.
ജയിക്കേണ്ട മത്സരങ്ങൾ തോൽക്കുന്നതിലാണ് ആരാധകരുടെ നിരാശ.ലഖ്നൗവിനെതിരെ രണ്ട് റൺസിനും ഡൽഹിക്കെതിരെ സൂപ്പർ ഓവറിലുമാണ് ടീം തോറ്റത്.തുടർച്ചയായി നാല് തോൽവികൾക്ക് ശേഷമാണ് ആർസിബിക്കെതിരെ രാജസ്ഥാൻ ഇറങ്ങുന്നത്.സീസണിൽ ആർസിബിയോട് ഏറ്റുമുട്ടിയപ്പോൾ 9 വിക്കറ്റിനാണ് രാജസ്ഥാൻ പരാജയപ്പെട്ടത്.പ്രതീക്ഷ നിലനിർത്താൻ ജയം കൂടിയേതീരൂ രാജസ്ഥാന്.
മിന്നുംഫോമിലാണ് രജത് പട്ടിദാറിൻ്റെ ആർസിബി. സൂപ്പർതാരങ്ങളുമായി വന്ന് നിരാശപ്പെടുത്തുന്ന പതിവ് ആർസിബി മറന്നിരിക്കുന്നു.ബാറ്റിംഗിലും ബൗളിംഗിലും ടീമിന് ഒത്തിണക്കം.പഞ്ചാബിനോട് ചിന്നസ്വാമിയിൽ തോറ്റതിന് മൊഹാലിയിൽ തകർപ്പൻ ജയവുമായി മറുപടി നൽകി ആർസിബി.എന്നാൽ സീസണിൽ ചിന്നസ്വാമിയിലെ ശാപം മാറ്റാനാണ് ആർസിബിയുടെ ലക്ഷ്യം. ചിന്നസ്വാമിയിൽ ടീം ഇറങ്ങിയ മൂന്നിൽ മൂന്നിലും ആർസിബി തോറ്റു.
നേർക്കുനേർ പോരാട്ടത്തിൻ്റെ കണക്ക് നോക്കാം ഇനി.നേരിയ മുൻതൂക്കം ആർസിബിക്കാണ്.ആകെ മത്സരിച്ച 33 കളികളിൽ 16ൽ ആർസിബിയും 14ൽ രാജസ്ഥാനും ജയിച്ചു.മൂന്ന് മത്സരങ്ങളിൽ ഫലമുണ്ടായില്ല.സീസണിലെ പോരാട്ടത്തിൽ രാജസ്ഥാനെ 9 വിക്കറ്റ് തകർത്ത ആത്മവിശ്വാസവുമുണ്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്.